മദ്യം കിട്ടാതായപ്പോള്‍ കുടുംബാംഗങ്ങളെ പോലും തിരിച്ചറിയാതിരുന്നവര്‍; പൂസാകാന്‍ കയ്യില്‍ കിട്ടിയ സോപ്പ് കഴിച്ചു; മദ്യം നിരോധിച്ച ബിഹാറിലെ കാഴ്ചകള്‍

പാറ്റ്‌ന: മദ്യത്തിന് സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തി ബിഹാര്‍ സര്‍ക്കാര്‍ ഉത്തരവിറങ്ങിയത് കഴിഞ്ഞ ദിവസമാണ്. ഇതോടെ സംസ്ഥാനത്തെ ഡി അഡിക്ഷന്‍ സെന്ററുകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ഡോക്ടര്‍മാര്‍ക്ക് ഓരോ ദിവസവും നൂറുകണക്കിനു ആളുകളെയാണ് ചികിത്സിക്കേണ്ടി വരുന്നത്. വിത്ത്‌ഡ്രോവല്‍ സിന്‍ഡ്രോമുമായാണ് പലരും ഡി അഡിക്ഷന്‍ സെന്ററുകളില്‍ എത്തുന്നത്. ലഹരി കിട്ടാതായതോടെ പലരും പരിഭ്രാന്തരായി അങ്ങോട്ടും ഇങ്ങോട്ടും ഓടാന്‍ തുടങ്ങി. പലര്‍ക്കും സ്വന്തം കുടുംബാംഗങ്ങളെ പോലും തിരിച്ചറിയാന്‍ സാധിക്കാതായി. ലഹിക്കായി ഒരാള്‍ കയ്യില്‍ കിട്ടിയ സോപ്പ് വരെ എടുത്തു കഴിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു.

മദ്യം നിരോധിച്ച ബിഹാറില്‍ നിന്നുള്ള കാഴ്ചകളാണ് മുകളില്‍ വിവരിച്ചത്. സംസ്ഥാനത്ത് ആരംഭിച്ച 38 ഡി അഡിക്ഷന്‍ സെന്ററുകളിലായി ഇതിനകം 749 പേര്‍ ചികിത്സ തേടി എത്തി. ദിവസേന ഒരു ലീറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം കഴിച്ചിരുന്ന ഒരു 30 കാരനാണ് മദ്യം കിട്ടാതായതോടെ സ്വന്തം കുടുംബാംഗങ്ങളെ തിരിച്ചറിയാതായത്. ഡി അഡിക്ഷന്‍ സെന്ററിലെത്തിക്കുമ്പോള്‍ ഇയാള്‍ക്ക് നേരെ നില്‍ക്കാന്‍ പോലും പറ്റിയിരുന്നില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

ബേട്ടിയ ജില്ലയിലാണ് പൂസാകാന്‍ വേണ്ടി ഒരാള്‍ സോപ്പ് കഴിച്ചത്. ഇയാള്‍ സോപ്പ് കഴിക്കുന്ന ദൃശ്യങ്ങള്‍ ടെലിവിഷന്‍ ചാനലുകള്‍ പുറത്തുവിട്ടിരുന്നു. പലരും ധാരാളം പേപ്പറുകള്‍ കഴിക്കുന്നതായും പെയ്ന്‍കില്ലര്‍ ഗുളികകള്‍ കഴിച്ച് ലഹരി കണ്ടെത്താന്‍ ശ്രമിക്കുന്നതായും ഡി അഡിക്ഷന്‍ സെന്ററിലെ ഡോക്ടര്‍മാര്‍ പറയുന്നു. മദ്യം കിട്ടാതായതോടെ അക്രമാസക്തനായ ഒരു കൗമാരക്കാരനെ നളന്ദ മെഡിക്കല്‍ കോളജില്‍ നിന്ന് ഡി അഡിക്ഷന്‍ സെന്ററിലേക്ക് മാറ്റി. ഇയാളുടെ രക്ഷിതാക്കള്‍ പറഞ്ഞത് പയ്യന്‍ കടുത്ത മദ്യപാനിയായിരുന്നെന്നാണ്. മദ്യം കിട്ടാതായതോടെ കയ്യില്‍ കിട്ടിയതെല്ലാം എടുത്ത് ചവയ്ക്കുകയായിരുന്നു.

ഡി അഡിക്ഷന്‍ സെന്ററുകളില്‍ വന്‍ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഡി അഡിക്ഷന്‍ സെന്ററിലെത്തിച്ചവരില്‍ 96 പേരെ അഡ്മിറ്റ് ചെയ്ത് മരുന്നു നല്‍കിയിട്ടുണ്ട്. 150 ഡോക്ടര്‍മാരെയും 45 കൗണ്‍സിലര്‍മാരെയും ഏര്‍പ്പാടാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here