കുന്ദമംഗലം സീറ്റ് കോൺഗ്രസിനു നൽകിയതിൽ ലീഗ് പ്രാദേശിക നേതൃത്വത്തിനു അമർഷം; യുഡിഎഫ് കൺവെൻഷൻ മാറ്റിവച്ചു; നേതാക്കളുടെ അസൗകര്യം മൂലമെന്ന് വിശദീകരണം

കോഴിക്കോട്: കുന്ദമംഗലത്തെ യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവൻഷൻ മാറ്റിവെച്ചു. മുഖ്യമന്ത്രി ഉമ്മൻചാണ്ടി പങ്കെടുക്കാനിരുന്ന പരിപാടിയാണ് മാറ്റിവെച്ചത്. സീറ്റ് കോൺഗ്രസിന് നൽകിയതിൽ പ്രാദേശിക ലീഗ് നേതൃത്വം ഇടഞ്ഞു നിൽക്കുന്നതിനാലാണ് കൺവൻഷൻ മാറ്റിവെച്ചത്. എന്നാൽ, നേതാക്കളുടെ അസൗകര്യം കണക്കിലെടുത്താണ് കൺവൻഷൻ മാറ്റിവച്ചതെന്നാണ് വിശദീകരണം. നാളെ വൈകിട്ട് 7 മണിക്കാണ് ടി സിദ്ധിഖിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാർത്ഥം കൺവൻഷൻ നിശ്ചയിച്ചിരുന്നത്.

കൺവൻഷനായി കോൺഗ്രസ് പ്രവർത്തകർ ഓൺലൈനിലും വ്യാപകമായി പ്രചാരണം നടത്തിയിരുന്നു. എന്നാൽ പ്രാദേശിക ലീഗ് നേതൃത്വം നിസ്സഹകരണം തുടരുന്നതിനാലാണ് അവസാനനിമിഷം കൺവൻഷൻ മാറ്റിവെക്കേണ്ടി വന്നത്. നേരത്തെ ലീഗ് മത്സരിച്ചിരുന്ന കുന്ദമംഗലം സീറ്റ് കോൺഗ്രസിന് വിട്ടുകൊടുത്തതിനെതിരെ പ്രാദേശിക ലീഗ് നേതൃത്വത്തിന് കടുത്ത അമർഷമുണ്ട്. സംസ്ഥാന നേതൃത്വം പ്രാദേശിക നേതൃത്വവുമായി ആലോചിക്കാതെയാണ് സീറ്റ് വെച്ച് മാറിയതെന്നും സീറ്റ് കൈമാറാനുണ്ടായ സാഹചര്യം ബോധ്യപ്പെടാതെ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളുമായി സഹകരിക്കേണ്ടെന്നുമാണ് മണ്ഡലം മുസ്ലീംലീഗ് നേതൃത്വത്തിന്റെ തീരുമാനം.

കോൺഗ്രസ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ കുറ്റിക്കാട്ടൂരിൽ ചേർന്ന മുസ്ലിംലീഗ് യോഗത്തിൽ സീറ്റ് കൈമാറിയതിനെതിരെ ശക്തമായ പ്രതിഷേധമുയർന്നിരുന്നു. കുന്ദമംഗലത്ത് യുഡിഎഫ് രണ്ട് തട്ടിലായ സാഹചര്യത്തിൽ മുസ്ലിംലീഗ് സംസ്ഥാന നേതൃത്വം പ്രശ്‌നത്തിലിടപെടും. ഇന്ന് വൈകുന്നേരം പ്രാദേശിക നേതാക്കളെ കോഴിക്കോട്ട് വിളിച്ചു വരുത്തി മുസ്ലീംലീഗ് നേതാക്കളായ ഇടി മുഹമ്മദ് ബഷീർ, കെപിഎ മജീദ് എന്നിവർ ചർച്ച നടത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News