മറ്റൊരു വിവാഹത്തിന് നിര്‍ബന്ധിക്കരുതെന്ന് വ്യവസ്ഥ; കൊയിലാണ്ടിയില്‍ വിവാഹദിവസം കാമുകനൊപ്പം പോയ പെണ്‍കുട്ടിയെ ഹൈക്കോടതി മാതാപിതാക്കള്‍ക്കൊപ്പം വിട്ടു

കൊച്ചി: കൊയിലാണ്ടിയില്‍ വിവാഹദിവസം കാമുകനൊപ്പം ഒളിച്ചോടിയ പെണ്‍കുട്ടിയെ ഹൈക്കോടതി മാതാപിതാക്കള്‍ക്കൊപ്പം വിട്ടു. മറ്റൊരു വിവാഹത്തിന് നിര്‍ബന്ധിക്കരുതെന്ന വ്യവസ്ഥയോടെയാണ് കോടതി പെണ്‍കുട്ടിയെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടത്. പെണ്‍കുട്ടിയുടെ പഠനം തുടരണമെന്ന വ്യവസ്ഥയും കോടതി മുന്നോട്ട് വച്ചിട്ടുണ്ട്. മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ പെണ്‍കുട്ടി സന്നദ്ധത പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് ജസ്റ്റിസ് സികെ അബ്ദുല്‍ റഹീം, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ നടപടി.

കഴിഞ്ഞമാസമാണ് കൊയിലാണ്ടി സ്വദേശിനിയായ 19കാരി വിവാഹദിവസത്തെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായിരിക്കെ യുവാവിനൊപ്പം പോയത്. തുടര്‍ന്ന് പിതാവ് നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജിയിലാണ് പെണ്‍കുട്ടി ഹൈക്കോടതിയില്‍ ഹാജരായത്.

നമ്പ്രത്തുകര സംസ്‌കൃത കോളജിലെ ബിരുദ വിദ്യാര്‍ത്ഥികളാണ് ഇരുവരും.അന്നു തന്നെ ഇരുവരും ഒരു ക്ഷേത്രത്തില്‍ വച്ച് സുഹൃത്തുക്കളുടെ സാന്നിധ്യത്തില്‍ വിവാഹിതരായിരുന്നു. പെണ്‍കുട്ടി പോയതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ പയ്യോളി പൊലീസില്‍ പരാതി നല്‍കി. പിന്നീട് സ്‌റ്റേഷനില്‍ ഹാജരായ ഇവരെ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കുകയും, കാര്യങ്ങള്‍ ചോദിച്ചു മനസിലാക്കിയ കോടതി പെണ്‍കുട്ടിയെ കാമുകനൊപ്പം ജീവിക്കാനും വിട്ടിരുന്നു. തന്നെ ആരും തട്ടിക്കൊണ്ടു പോയതല്ലെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് വീടുവിട്ടതെന്നും പെണ്‍കുട്ടി അന്ന് കോടതിയില്‍ പറഞ്ഞിരുന്നു. കാമുകനൊപ്പം ഇറങ്ങിപ്പോരുമ്പോള്‍ ധരിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ പെണ്‍വീട്ടുകാര്‍ക്ക് തിരിച്ചു നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel