ജോസഫ് എം പുതുശ്ശേരിയെ സ്ഥാനാർത്ഥിയാക്കിയതിൽ പി.ജെ കുര്യനു പരാതി; കെ.എം മാണിക്ക് കുര്യൻ കത്തയച്ചു; പുതുശ്ശേരി തിരുവല്ലയിൽ യുഡിഎഫിനെ തോൽപിക്കാൻ ശ്രമിച്ചെന്ന് കത്തിൽ

കോട്ടയം: തിരുവല്ലയിൽ ജോസഫ് എം പുതുശ്ശേരിയെ സ്ഥാനാർത്ഥിയാക്കരുതെന്നു കാണിച്ച് കോൺഗ്രസ് നേതാവും രാജ്യസഭാ ഉപാധ്യക്ഷനുമായ പി.ജെ കുര്യൻ കെ.എം മാണിക്ക് കത്തയച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തിരുവല്ലയിൽ യുഡിഎഫിനെ തോൽപിക്കാൻ ശ്രമിച്ചയാളാണ് പുതുശ്ശേരിയെന്ന് കുര്യൻ കത്തിൽ ആരോപിക്കുന്നു. സ്ഥാനമാനങ്ങൾ നൽകാമെന്ന് താൻ പറഞ്ഞിട്ടും യു.ഡി.എഫിനെ തോൽപ്പിക്കാൻ ശ്രമിച്ചുവെന്നും കത്തിൽ പറയുന്നു.

സ്ഥാനാർത്ഥിയെ നിശ്ചയിക്കാനുള്ള പൂർണ്ണ അധികാരം മാണിക്കുണ്ടെന്നു പറഞ്ഞാണ് കത്ത് ആരംഭിക്കുന്നത്. ഇക്കാര്യത്തിൽ തനിക്ക് ചില നിർദേശങ്ങളുണ്ട്. രാഷ്ട്രീയമായ അധാർമികതയാണ് അന്നു പുതുശ്ശേരിയുടെ ഭാഗത്തു നിന്നുണ്ടായത്. ഇതു പ്രവർത്തകർക്കിടയിൽ ബുദ്ധിമുട്ടുണ്ടാക്കും. മുൻപ് കല്ലൂപ്പാറയിൽ പുതുശ്ശേരി പരാജയപ്പെട്ടപ്പോൾ അതിനു കാരണക്കാരായ കോൺഗ്രസുകാർക്കെതിരെയും ഇതേ നിലപാടാണു താൻ സ്വീകരിച്ചതെന്നും കുര്യൻ കത്തിൽ പറയുന്നു.

നാലു തവണ മത്സരിച്ച പുതുശ്ശേരി ഒരു തവണ മറ്റൊരാൾക്കു വേണ്ടി പ്രവർത്തിക്കുന്നത് ഉചിതമാണെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. തിങ്കളാഴ്ചയാണ് പിജെ കുര്യൻ മാണിക്ക് കത്ത് നൽകിയത്. കത്തിന്റെ പകർപ്പ് ചില മാധ്യമങ്ങൾക്കും ലഭിച്ചു. കഴിഞ്ഞ തവണ തിരുവല്ലയിൽ കേരള കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന വിക്ടർ ടി.തോമസിനെ പരാജയപ്പെടുത്താൻ മുന്നിൽ നിന്നത് പുതുശ്ശേരിയാണെന്ന് ആരോപണം ശക്തമായിരുന്നു. പുതുശ്ശേരിക്കെതിരെ പി.ജെ കുര്യനും വിക്ടറും നേരത്തെ തന്നെ രംഗത്തുവന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here