കൊയിലാണ്ടിയില്‍ കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം; എന്‍ സുബ്രഹ്മണ്യത്തിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ പ്രതിഷേധം; ഉമ്മന്‍ചാണ്ടി പങ്കെടുത്ത യോഗത്തില്‍നിന്ന് ഒരുവിഭാഗം വിട്ടുനിന്നു

കോഴിക്കോട്: കൊയിലാണ്ടിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍ സുബ്രഹ്മണ്യനെതിരെ പ്രതിഷേധം ശക്തം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പങ്കെടുത്ത യോഗത്തിലും തര്‍ക്കത്തിന് പരിഹാരമായില്ല. യോഗത്തില്‍ നിന്ന് പ്രതിഷേധമുയര്‍ത്തിയ നേതാക്കള്‍ യോഗത്തില്‍ നിന്ന് വിട്ടുനിന്നു. എന്‍ സുബ്രഹ്മണ്യന്റെ പ്രചരണത്തില്‍നിന്നും മണ്ഡലത്തിലെ പകുതിയില്‍ കൂടുതല്‍ ബൂത്ത് നേതാക്കള്‍ ഉള്‍പ്പടെ വലിയൊരുവിഭാഗം നേതാക്കള്‍ വിട്ടുനില്‍ക്കുകയാണ്.

കൊയിലാണ്ടിയില്‍ എന്‍ സുബ്രഹ്മണ്യന്‍ പ്രചാരണരംഗത്താണ്. എന്നാല്‍ കോണ്‍ഗ്രസിനകത്തെ പ്രതിഷേധ ചൂട് ആളിക്കത്തുകയാണ്. ഈ സാഹചര്യത്തിലാണ് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി കൊയിലാണ്ടിയില്‍ പ്രത്യേക നേതൃയോഗം വിളിച്ചു ചേര്‍ത്തത്. മണ്ഡലത്തില്‍ യുഡിഎഫ് വിജയിക്കുന്നതിനായി എല്ലാവരും ഐക്യത്തോടെ പ്രവര്‍ത്തിക്കണമെന്നായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നല്‍കിയ സന്ദേശം.

എന്‍ സുബ്രഹ്മണ്യനെതിരെ പ്രതിഷേധമുയര്‍ത്തി ഒരു വിഭാഗം രാജിക്ക് തയ്യാറെടുക്കുന്നുണ്ട്. രാജിഭീഷണി മുഴക്കിയ കെപി അനില്‍കുമാര്‍ വിഭാഗം നേതാക്കളാണ് യോഗത്തില്‍ നിന്ന് വിട്ടു നിന്നത്. ഇതോടെ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത സമാധാന ചര്‍ച്ച പ്രഹസനമായി മാറി. കൊയിലാണ്ടിയിലെ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാണാനാവുമെന്ന് പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി യോഗത്തിനു ശേഷം പറഞ്ഞു.

പ്രശ്‌നപരിഹാരത്തിനായി മുഖ്യമന്ത്രിയെ നേരിട്ട് രംഗത്തിറക്കിയിട്ടും രക്ഷയില്ലാതെയാണ് കോണ്‍ഗ്രസ് മുന്നോട്ട് പോകുന്നത്. സ്ഥാനാര്‍ത്ഥി എന്‍ സുബ്രഹ്മണ്യന്റെ നേതൃത്വത്തില്‍ നേതാക്കളെ അനുനയിപ്പിക്കുന്നതിന് ശ്രമം നടത്തുന്നുണ്ട്. കൊയിലാണ്ടിയിലെ പ്രശ്‌നങ്ങളെല്ലാം ഉടന്‍ പരിഹരിക്കുമെന്നും പ്രചരണത്തില്‍ ഒറ്റക്കെട്ടായി മുന്നോട്ട് പോവുമെന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എന്‍ സുബ്രഹ്മണ്യന്‍ പറഞ്ഞു.

ആദ്യഘട്ട പ്രചാരണപ്രവര്‍ത്തനം തുടങ്ങി ദിവസങ്ങള്‍ പിന്നിട്ടു. എന്നാല്‍ ഇടഞ്ഞു നില്‍ക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ സുബ്രഹ്മണ്യന്റെ പ്രചാരണപ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്. എണ്‍പതിലേറെ ബൂത്ത് കമ്മറ്റി പ്രസിഡന്റുമാര്‍ സുബ്രഹ്മണ്യന് വേണ്ടി പ്രചരണത്തിന് ഇറങ്ങാന്‍ കഴിയില്ലെന്ന് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. കോണ്‍ഗ്രസിലെ അനൈക്യം യുഡിഎഫിന് ഒരുമിച്ച് മുന്നോട്ട് പോകുന്നതിനും തടസമായിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News