നല്ല ചിരി ആരെയും ആകര്‍ഷിക്കും. പരസ്യ വാചകത്തിലേതുപോലെ നല്ല ചിരി ആത്മവിശ്വാസവും കൂട്ടും. നല്ല ചിരി സമ്മാനിക്കാന്‍ പല്ലുകള്‍ക്ക് ആരോഗ്യവും സൗന്ദര്യവും വേണം. ഇതിന് ചില സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തണം. ഇനി നല്ല ചിരി സമ്മാനിക്കാം. പല്ലുകളുടെ സംരക്ഷണത്തിനായി ചില കാര്യങ്ങള്‍ ഇതാ.
തേയ്ക്കാന്‍ ഉപയോഗിക്കുന്ന ടൂത്ത് ബ്രഷ് പ്രധാനമാണ്. മൂന്നുമാസം കൂടുമ്പോള്‍ ടൂത്ത്ബ്രഷ് മാറ്റണം. നാരുകള്‍ വളയാന്‍ തുടങ്ങിക്കഴിഞ്ഞാല്‍ ആ ബ്രഷ് ഉപയോഗിച്ചിട്ടു കാര്യമില്ല. സോഫ്റ്റ് ബ്രിസിലുകളുള്ള ബ്രഷ് മാത്രമേ ഉപയോഗിക്കാവൂ. പരുക്കന്‍ നാരുകളുള്ള ബ്രഷ് പതിവായി ഉപയോഗിക്കുന്നതു പല്ലുകള്‍ തേയാനും പുളിപ്പ് അനുഭവപ്പെടാനും ഇടയാക്കും.
ബ്രഷ് ചെയ്താല്‍ മാത്രം പല്ലുകള്‍ വൃത്തിയാകണമെന്നില്ല. ദിവസം രണ്ടുനേരം ഫ്‌ളോസ് ചെയ്യുന്നതു പല്ലുകളുടെ ഇടയില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ഭക്ഷണത്തിന്റെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ സഹായിക്കും.
ഓറഞ്ച്, നാരങ്ങ തുടങ്ങി സിട്രസ് അടങ്ങിയ പഴങ്ങള്‍ കഴിച്ച ശേഷം ഉടനെ വായില്‍ വെള്ളം നിറച്ച് കുലുക്കി തുപ്പണം. കാരണം ഈ പഴങ്ങളിലടങ്ങിയ സിട്രസ് ആസിഡ് പല്ലുകള്‍ക്കു തേയ്മാനമുണ്ടാക്കും. ഈ പഴങ്ങള്‍ കഴിച്ച ഉടന്‍ ബ്രഷ് ചെയ്യുന്നത് ഒഴിവാക്കണം.
പഴങ്ങളും പച്ചക്കറികളും പച്ചയ്ക്ക് കഴിക്കുന്നത് പല്ലുകളുടെ ആരോഗ്യം മെച്ചപ്പെടാന്‍ സഹായിക്കും. ആപ്പിള്‍, കാരറ്റ് തുടങ്ങിയവ പച്ചയ്ക്ക് കഴിക്കുന്നത് ഉത്തമമാണ്. ഇവയില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ പല്ലുകളുടെ ബലം വര്‍ദ്ധിപ്പിക്കും.
കാപ്പി, ചായ, ശീതള പാനീയങ്ങള്‍ എന്നിവ അമിതമായി കുടിക്കുന്നതു പല്ലുകളുടെ നിറം മങ്ങാന്‍ ഇടയാക്കും. അതിനാല്‍ അമിതമായ ചായ, കാപ്പി ഉപയോഗം ഒഴിവാക്കുന്നതാണ് നല്ലത്. പുകയില ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നവരുടെ പല്ലില്‍ കറ പറ്റിപ്പിടിക്കും. ഇത് ഒഴിവാക്കുന്നത് ദന്ത സംരക്ഷണത്തിന് നല്ലതാണ്.
ദന്ത സംരക്ഷണത്തില്‍ നേരിടുന്ന പ്രധാന പ്രശ്‌നമാണ് അഴുക്ക് അടിയുന്നത്. നാവില്‍ കീടാണുക്കള്‍ അടിയുന്നതു പല്ലുകളുടെ നിറം മങ്ങാന്‍ ഇടയാക്കും. ഇത് ഒഴിവാക്കുന്നതിനു പല്ലുകള്‍ വൃത്തിയാക്കുന്നതിനൊപ്പം നാവ് കൂടി വൃത്തിയാക്കാന്‍ ശ്രദ്ധിക്കണം. നാവ് വൃത്തിയാക്കാന്‍ സോഫ്റ്റായ ബ്രഷ് ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. ഓരോ തവണ നാവ് വൃത്തിയാക്കിയതിനു ശേഷവും ബ്രഷ് വൃത്തിയായി കഴുകണം.
പല്ലുകളെ കീടാണു ബാധയില്‍നിന്നും സംരക്ഷിക്കണം. ഇതിന് ചില മാര്‍ഗ്ഗങ്ങളുണ്ട്. ഒരു കപ്പ് ഇളം ചൂടുവെള്ളത്തില്‍ രണ്ട് ചെറിയ സ്പൂണ്‍ ഉപ്പ് ഇടണം. ദിവസം മൂന്നോ നാലോ തവണ ഈ വെള്ളം കൊണ്ടു ഗാര്‍ഗിള്‍ ചെയ്യുക. ഇതു പല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും കീടാണുക്കളെ അകറ്റി നിര്‍ത്തുന്നതിനും നല്ലതാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here