ലൈംഗികത തേടി പോകുന്നവര്‍ക്ക് വിലക്കേര്‍പ്പെടുത്തി ഫ്രാന്‍സില്‍ നിയമം; ലംഘിച്ചാല്‍ 1.14 ലക്ഷം രൂപ പിഴ; ലൈംഗിക വ്യാപാരത്തിനായുള്ള മനുഷ്യക്കടത്ത് തടയുക ലക്ഷ്യം

പാരീസ്: വേശ്യാവൃത്തി നിരോധിക്കുന്നതിന് പകരം ലൈംഗികത തേടി പോകുന്നവര്‍ക്ക് വിലക്കേര്‍പ്പെടുത്തി ഫ്രാന്‍സ്. ഇതിനായി വേശ്യാവൃത്തിയെ ക്രിമിനല്‍ കുറ്റമാക്കി നിയമം പാസാക്കി. ഫ്രാന്‍സില്‍ വേശ്യാവൃത്തി നിയമവിധേയമാണെങ്കിലും വേശ്യാലയ നടത്തിപ്പും കൂട്ടിക്കൊടുപ്പിനും നിയമം അനുവദിക്കുന്നില്ല. നിയമംലംഘിച്ച് ലൈംഗികത്താഴിലാളികളെ സമീപിക്കുന്നവര്‍ പിടിക്കപ്പെട്ടാല്‍ 1500 യൂറോ (ഏകദേശം 1.14 ലക്ഷം രൂപ) പിഴയടക്കേണ്ടിവരും. രണ്ടാമതും നിയമം ലംഘിച്ചാല്‍ 3750 യൂറോ (കേദേശം 2.83 ലക്ഷം രൂപ) പിഴയും ഒടുക്കണം.

പുതിയ നിയമമനുസരിച്ച് വേശ്യാലയത്തിലേക്ക് ആളുകളെ എത്തിക്കുന്നവരും ഇവിടെയെത്തി ലൈംഗികവൃത്തിയിലേര്‍പ്പെടുന്നവരും ഒരുപോലെ കുറ്റക്കാരാകും. ലൈംഗികത്തൊഴിലാളികളുടെ കടുത്ത എതിര്‍പ്പിനിടെയാണ് പാര്‍ലമെന്റിലെ അധോസഭ ബില്ല് പാസാക്കിയത്. വേശ്യാവൃത്തിയും ലൈംഗിക വ്യാപാരത്തിനായുള്ള മനുഷ്യക്കടത്തും തടയുക ലക്ഷ്യമിട്ടാണ് പുതിയ നിയമം.

രണ്ടര വര്‍ഷത്തോളമായി പാര്‍ലമെന്റിന്റെ പരിഗണനയിലിരിക്കുന്ന വിഷയമാണ് സോഷ്യലിസ്റ്റുകളുടെ പിന്തുണയോടെ സര്‍ക്കാര്‍ ലോവര്‍ ഹൗസില്‍ പാസാക്കിയത്. 64 പേര്‍ നിയമത്തിനനുകൂലമായി വോട്ട് ചെയ്തപ്പോള്‍ 12 പേര്‍ എതിര്‍ത്ത് വോട്ടുചെയ്തു. ഇടപാടുകാര്‍ക്ക് 1,500 യൂറോ വരെ പിഴ ചുമത്തുന്നതാണ് നിയമം. മനുഷ്യക്കടത്ത് വര്‍ധിച്ചുവരുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് നിയമം പാസാക്കിയതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഫ്രാന്‍സില്‍ വേശ്യാവൃത്തിയിലേര്‍പ്പെടുന്നവരില്‍ 90 ശതമാനവും നൈജീരിയന്‍, ചൈനീസ്, റൊമാനിയന്‍ നെറ്റ് വര്‍ക്കുകളില്‍ അകപ്പെട്ടവരാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. വിദേശത്ത് നിന്നും രാജ്യത്തെത്തിയ ലൈംഗിക തൊഴിലാളികള്‍ക്ക് വേശ്യാവൃത്തിയില്‍ നിന്നും മാറിനില്‍ക്കുമെങ്കില്‍ താല്‍ക്കാലിക താമസാനുമതി നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.

അതേസമയം, നിയമത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേര്‍ രംഗത്തെത്തി. വേശ്യാവൃത്തി രാജ്യത്ത് പൂര്‍ണമായി നിരോധിക്കണമെന്നാണ് ചില വനിതാ സംഘടനകള്‍ ആവശ്യപ്പെടുന്നത്. വേശ്യാവൃത്തിയിലൂടെ സ്ത്രീകള്‍ ചൂഷണം ചെയ്യപ്പെടുകയാണെന്ന് ഇവര്‍ പറയുന്നു. വേശ്യാവൃത്തിയില്‍ അകപ്പെട്ട 85 ശതമാനവും മനുഷ്യക്കടത്തിന്റെ ഇരകളാണെന്നും ഇവരെ സംരക്ഷിക്കാന്‍ നിയമം സഹായിക്കുമെന്നും ഫ്രഞ്ച് സാമാജികനായ മൗഡ് ഒവിവിയര്‍ പറഞ്ഞു. എന്നാല്‍ നിയമത്തിനെതിരെ ആശങ്കയും രേഖപ്പെടുത്തി ലൈംഗികത്തൊഴിലാളികള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News