അസ്വാരസ്യങ്ങള്‍ക്ക് കാരണം ഇന്ത്യ; സമാധാന ചര്‍ച്ചകള്‍ നിര്‍ത്തിവച്ചെന്ന് പാക് ഹൈക്കമ്മീഷണര്‍; എന്‍ഐഎക്ക് പാകിസ്ഥാനിലേക്ക് പ്രവേശനമില്ലെന്നും ബാസിത്

ദില്ലി: ഇന്ത്യയുമായുള്ള സമാധാന ചര്‍ച്ചകള്‍ നിര്‍ത്തിവച്ചതായി പാകിസ്ഥാന്‍ ഹൈക്കമ്മീഷണര്‍ അബ്ദുല്‍ ബാസിത്. ഇന്ത്യയുമായി നിലവിലുള്ള ചര്‍ച്ചകളെല്ലാം മരവിച്ച അവസ്ഥയിലാണ്. സമഗ്ര ചര്‍ച്ചകള്‍ ഉപേക്ഷിക്കുകയാണ്. പത്താന്‍കോട്ട് ഭീകരാക്രണം അന്വേഷിക്കുന്ന എന്‍ഐഎ സംഘത്തെ പാക്കിസ്ഥാന്‍ സന്ദര്‍ശിക്കാന്‍ അനുവദിക്കില്ലെന്നും പാക്കിസ്ഥാന്‍ ഹൈക്കമ്മീഷണര്‍ പറഞ്ഞു. ദില്ലിയില്‍ വിദേശകാര്യ മാധ്യമപ്രവര്‍ത്തകരുടെ ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ബാസിത്.

അസ്വാരസ്യങ്ങള്‍ക്ക് കാരണം ഇന്ത്യയാണെന്നും കാശ്മീര്‍ പ്രശ്‌നമാണ് സമാധാന ശ്രമങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ പ്രധാന കാരണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുമായുള്ള പ്രശ്‌നങ്ങളുടെ കാരണം കാശ്മീരാണെന്നും ബലൂചിസ്താനില്‍ ഇന്ത്യന്‍ നാവികന്‍ അറസ്റ്റിലായത് പാകിസ്ഥാന്‍ ഇത്രയും കാലം പറഞ്ഞു വന്നത് ശരിയാണെന്ന് തെളിഞ്ഞെന്നും അബ്ദുല്‍ ബാസിത് പറഞ്ഞു. പാക് സംഘം വന്നത് ഇന്ത്യന്‍ സംഘത്തിന് അനുമതി നല്‍കാമെന്ന ധാരണയോടെയല്ലെന്നും ബാസിത് പറഞ്ഞു.

പത്താന്‍കോട്ട് ആക്രമണക്കേസില്‍ തെളിവു ശേഖരിക്കാന്‍ ഇന്ത്യയിലെത്തിയ പാക് സംഘം തിരിച്ചെത്തിയതിന് പിന്നാലെയാണ് ഹൈക്കമ്മീഷണറുടെ പ്രസ്താവന. എന്‍ഐഎ സംഘത്തിന് പാകിസ്ഥാന്‍ സന്ദര്‍ശനത്തിന് അനുവദിക്കുമെന്ന ഉറപ്പിലാണ് പാക് സംയുക്ത അന്വേഷണ സംഘത്തിന് വ്യോമതാവളം തുറന്നുകൊടുത്തതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപ് പറഞ്ഞിരുന്നു. പത്താന്‍കോട്ട് ആക്രമണം പാകിസ്ഥാനെ അവഹേളിക്കാന്‍ ഇന്ത്യ നടത്തിയ നാടകമാണെന്ന് പാകിസ്ഥാന്‍ ആരോപിച്ചിരുന്നു.

ബാസിതിന്റെ പ്രസ്താവന ഇന്ത്യയുടെ മുഖത്തേറ്റ അടിയാണെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News