ഒരു സ്ത്രീയും ഇങ്ങനെ ആക്രമിക്കപ്പെടരുത്; ഒരു സ്ത്രീക്കും ഇനി ഈ ദുരനുഭവം ഉണ്ടാകരുത്; നീതിക്കായി അവസാനനിമിഷം വരെ പോരാടും; സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന ആരോപണങ്ങള്‍ക്ക് വീണ ജോര്‍ജിന്റെ മറുപടി

സോഷ്യല്‍മീഡിയയില്‍ ഉയരുന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി മാധ്യമപ്രവര്‍ത്തകയും ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയുമായ വീണാ ജോര്‍ജ്ജ്.

‘ഇര മാപ്പ് പറയണം എന്നത് വേട്ടക്കാരന്റെ ക്രൂരത

കുഞ്ഞുങ്ങളെ സ്‌കൂളില്‍ വിട്ടതിനു ശേഷം മടങ്ങുമ്പോള്‍ ഞങ്ങളുടെ വാടകവീട്ടിലേക്കുള്ള സ്വകാര്യ വഴിയില്‍ പതിയിരുന്ന് ആക്രമിക്കുകയും ബൈക്കിടിച്ച് അപായപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത അജ്ഞാതനായ അക്രമിയെ കണ്ടുപിടിച്ച് നീതിന്യായവ്യവസ്ഥയ്ക്ക് മുന്നില്‍ കൊണ്ടുവരണം എന്ന് ഞാന്‍ പരാതി കൊടുത്തു. സംഭവം നടന്നിട്ട് അഞ്ചു മാസമാകുന്നു. ബഹളം കേട്ട് ആളുകള്‍ ഓടി വന്നപ്പോഴാണ് അക്രമി ബൈക്കില്‍ രക്ഷപെട്ടത്. അന്ന് ആളുകള്‍ ഓടി വന്നില്ലായിരുന്നെങ്കില്‍ മറ്റൊരു സൗമ്യ കൂടി ഉണ്ടാകുമായിരുന്നു. അവിടെ ആളുകള്‍ ഉണ്ടാകുമെന്ന് പ്രതി കരുതിയില്ല. വളരെ ആസൂത്രിതമായി നിര്‍വ്വഹിക്കാന്‍ ശ്രമിച്ച കുറ്റകൃത്യത്തിലെ പ്രതിയെ അന്വേഷിച്ചതും കണ്ടെത്തിയതും പോലീസാണ്. ഞാനല്ല. എനിക്ക് അയാളെ അതിന് മുന്‍പ് അറിയുകയുമില്ല. പിടിക്കപ്പെട്ടാല്‍ രക്ഷപെടാന്‍ പ്രതി ഏതു മാര്‍ഗവും സ്വീകരിക്കുമെന്നുള്ളത് ഇപ്പോള്‍ കൂടുതല്‍ വ്യക്തമാകുന്നു.

അഞ്ചു മാസം മുന്‍പ് നടന്ന സംഭവം ഇപ്പോള്‍ കോടതിക്ക് മുന്നിലാണ്. ഇക്കാലയളവില്‍ ഇല്ലാതിരുന്ന ആരോപണം ഇപ്പോള്‍ എങ്ങനെ ഉണ്ടായി. ഇരയാക്കപ്പെട്ട ആള്‍ മാപ്പ് പറയണം എന്നത് നമ്മുടെ നാട്ടിലെ സ്ത്രീകളുടെ ദയനീയാവസ്ഥ വ്യക്തമാക്കുന്നു. തെളിവുകളും സാക്ഷികളും ഉള്ള കേസില്‍ നുണപ്രചരണം വിലപ്പോവില്ല. തിരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ കള്ളക്കഥകള്‍ മെനഞ്ഞ് സോഷ്യല്‍ മീഡിയയിലൂടെ ഉള്ള അസത്യപ്രചരണത്തിന്റെ ഉദ്ദേശ്യം വ്യക്തമാണ്. സ്ത്രീകള്‍ സുരക്ഷിതരെന്ന് കരുതുന്ന ഇവിടെ ഇതിന് മുന്‍പും പിന്‍പും ഈ ദുരനുഭവം എത്രയോ സ്ത്രീകള്‍ക്ക് ഉണ്ടായി കാണും. തിരഞ്ഞെടുപ്പ് രംഗത്ത് നുണപ്രചരണം നടത്തിയാല്‍ ഞാന്‍ ഭയന്നോടും എന്ന് ചിലര്‍ സ്വപ്‌നം കണ്ടുകാണും.

ഇര അക്രമിയുടെ മുന്നില്‍ മാപ്പ് പറയണം എന്ന നീതി ശാസ്ത്രം കേരളീയസമൂഹത്തില്‍ വിലപ്പോവില്ല. ഒരു സ്ത്രീയും ഇങ്ങനെ ആക്രമിക്കപ്പെടരുത്. ഇനി ഒരിയക്കലും ഈ ദുരനുഭവം ഒരു സ്ത്രീയ്ക്കും ഉണ്ടാകരുത്. സ്വന്തം അമ്മയും സഹോദരിയും ഭാര്യയുമാണ് ഇങ്ങനെ ആക്രമിക്കപ്പെടുന്നതെങ്കില്‍ അവരെകൊണ്ട് പ്രതിയോട് മാപ്പ് പറയിക്കുമോ. നീതി ലഭിക്കാന്‍ എന്റെ അവസാന നിമിഷം വരെ ഞാന്‍ പോരാടും.

(ഗിരീഷ് എന്ന ഒരാളുടെ പോസ്റ്റ് കണ്ടു. ഗിരീഷ് എന്നു പറയുന്ന ആളെ എനിക്ക് അറിഞ്ഞു കൂടാ. അദ്ദേഹത്തിന്റെ പ്രിയപെട്ടവര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടാകുന്നതെങ്കില്‍, ആക്രമിച്ചു അവളെ കൊന്നുകൊള്ളൂ എന്ന് പറയുമായിരിക്കാം. അദ്ദേഹത്തിന് പരാതിയും കാണില്ലായിരിക്കാം. അദ്ദേഹത്തിന്റെ പോസ്റ്റിലെ വീണയും തബലയും പ്രയോഗവും ,ഓര്‍ത്തഡോക്‌സ് ദമ്പതി പ്രയോഗവും അദ്ദേഹത്തിന്റെ ഇന്റന്‍ഷന്‍ വ്യക്തമാക്കുന്നു. രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്ന സ്ത്രീയുടെ ഭര്‍ത്താവിന് അദ്ദേഹം നല്‍കുന്ന വിശേഷണവും കൊള്ളാം . അദ്ദേഹത്തെ പൊതുസമൂഹം വിലയിരുത്തട്ടെ.)’

ഇര മാപ്പ് പറയണം എന്നത് വേട്ടക്കാരന്റെ ക്രൂരത…

Posted by Veena George on Thursday, April 7, 2016

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel