അടി തീരാത്ത ആറു സീറ്റുകളിൽ കോൺഗ്രസ് തീരുമാനം നാളെ; പാർട്ടി തന്നെ കോമാളി വേഷം കെട്ടിച്ചെന്ന് ശാന്ത ജയറാം

തിരുവനന്തപുരം: യുഡിഎഫിന്റെ ആറു സീറ്റുകളിൽ സ്ഥാനാർത്ഥികളുടെ കാര്യത്തിൽ നാളെ അന്തിമതീരുമാനം. നാളെ അന്തിമതീരുമാനം എടുക്കുമെന്ന് കെപിസിസി നേതൃത്വം അറിയിച്ചു. ദേവികുളം, കയ്പമംഗലം, കാഞ്ഞങ്ങാട്, കല്യാശേരി, പയ്യന്നൂർ, ഒറ്റപ്പാലം എന്നീ സീറ്റുകളിലാണ് ഇനിയും തീരുമാനം എടുക്കാനുള്ളത്. പട്ടികയും സ്ഥാനാർഥികളുടെ വിവരങ്ങളും ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ട്. ഉമ്മൻ ചാണ്ടി, വി.എം സുധീരൻ, രമേശ് ചെന്നിത്തല എന്നിവർ നാളെ തിരുവനന്തപുരത്തു കൂടിക്കാഴ്ച നടത്തും. കല്യാശേരിയിൽ പി.രാമകൃഷ്ണനും കാഞ്ഞങ്ങാട്ട് ടി.ജി.ദേവും പരിഗണനയിലുണ്ട്.

പയ്യന്നൂരിൽ ആർഎസ്പിയുടെ ഇല്ലിക്കൽ ആഗസ്തിയെ പരിഗണിക്കുന്നുണ്ട്. കയ്പമംഗലം ആർഎസ്പിയിൽ നിന്ന് തിരിച്ചെടുക്കാൻ കോൺഗ്രസ് ആലോചിക്കുന്നുണ്ടായിരുന്നു. കയ്പമംഗലത്ത് ആർഎസ്പി സ്ഥാനാർത്ഥിയായി നിശ്ചയിച്ചിരുന്ന കെ.എം നൂറുദ്ദീൻ ഇന്നലെ മത്സരരംഗത്തു നിന്ന് പിൻമാറിയിരുന്നു. ഇതേതുടർന്നാണ് സീറ്റ് ആർഎസ്പിയിൽ നിന്ന് തിരിച്ചെടുക്കാൻ കോൺഗ്രസ് ആലോചന തുടങ്ങിയത്. എന്നാൽ, പകരം സീറ്റു നൽകാതെ സീറ്റ് നൽകാനാവില്ലെന്ന് ആർഎസ്പി നിലപാടെടുത്തു.

അതേസമയം, ഒറ്റപ്പാലത്തെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരുന്ന ശാന്ത ജയറാം പ്രതിഷേധവുമായി രംഗത്തെത്തി. തന്നെ കോമാളി വേഷം കെട്ടിക്കുകയായിരുന്നു പാർട്ടിയെന്ന് ശാന്ത പറഞ്ഞു. ആറു ദിവസം ഒറ്റപ്പാലത്തെ വീടുകൾ കയറിയിറങ്ങി. ഇന്നലെയാണ് വീട്ടിലേക്കു മടങ്ങിയത്. ഷാനിമോൾ ഉസ്മാന് സീറ്റ് കിട്ടുന്നതിൽ പ്രതിഷേധമില്ലെന്നും ശാന്ത ജയറാം പറഞ്ഞു. ഒറ്റപ്പാലത്ത് ഷാനിമോൾ ഉസ്മാനെ മത്സരിപ്പിക്കാൻ ഇന്നലെയാണ് കോൺഗ്രസ് ആലോചന തുടങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News