മിമിക്രി കലാകാരന്റെ മരണം; മെലിയാനുള്ള മരുന്നു നല്‍കുന്ന രണ്ടു കമ്പനികള്‍ നിരീക്ഷണത്തില്‍; എംഎല്‍എം കമ്പനി പ്രതിനിധികള്‍ പരിധിക്കു പുറത്ത്

തിരുവനന്തപുരം: ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകഴിച്ച് മിമിക്രി കലാകാരന്‍ മരിച്ച സംഭവത്തില്‍ സംസ്ഥാന ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. മരിച്ച മനു എസ് നായര്‍ക്ക് മരുന്നു നല്‍കിയ എംഎല്‍എം കമ്പനിക്കെതിരെ വ്യാപകപരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടത്.

തടി കുറയ്ക്കാനുള്ള മരുന്നിനെക്കുറിച്ച് ഓണ്‍ലൈനില്‍ വായിച്ചാണ് മനു തൊടുപുഴയിലെ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് സ്ഥാപനവുമായി ബന്ധപ്പെട്ടത്. ക്ലാസില്‍ പങ്കെടുത്തശേഷം കമ്പനിയുടെ ചെയിനില്‍ കണ്ണിയായി മാറിയശേഷമാണ് മരുന്ന് കഴിച്ച് തുടങ്ങിയത്. അവര്‍ നല്‍കിയ പൊടി വെള്ളത്തില്‍ കലക്കിയാണ് നാലു മാസത്തോളം കഴിച്ചിരുന്നത്. സംസ്ഥാന വ്യാപകമായി രണ്ടു പ്രമുഖ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് കമ്പനികള്‍ ഇത്തരത്തിലുള്ള മരുന്ന് വിപണനം ചെയ്യുന്നുണ്ടെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന സൂചന. ആയുര്‍വേദ മരുന്ന് വിപണനം ചെയ്യാന്‍ ലൈസന്‍സ് ആവശ്യമില്ലെന്ന ന്യായത്തിന്റെ മറവിലാണ് വിപണനം.

കഴിഞ്ഞദിവസമാണ് കട്ടപ്പന രാജശ്രീ ഭവനില്‍ മനു എസ് നായര്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചത്. രക്തത്തില്‍ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയര്‍ന്നതിനെത്തുടര്‍ന്നുണ്ടായ ഹൃദയാഘാതമാണ് മരണത്തിന് കാരണമായത്. അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത കട്ടപ്പന പൊലീസ് മൃതദേഹം പൈനാവിലെ ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്കു വിട്ടുനല്‍കി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാലേ മരണകാരണം വ്യക്തമാകൂ. ഇതിനുശേഷമായിരിക്കും തുടര്‍നടപടി സ്വീകരിക്കുകയെന്ന് കട്ടപ്പന പൊലീസ് അറിയിച്ചു.

മനുവിന്റെ മരണത്തോടെ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് കമ്പനിയുടെ പ്രതിനിധികളില്‍ പലരുടെയും ഫോണ്‍ സ്വിച്ച് ഓഫാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News