പാനമയിലെ കള്ളപ്പണക്കാരുടെ പട്ടികയിൽ വിജയ് മല്യയും; വിർജിൻ ദ്വീപുകളിൽ മല്യയ്ക്ക് പ്രത്യക്ഷ നിക്ഷേപം

ബംഗളൂരു: പാനമയിലെ കള്ളപ്പണ നിക്ഷേപകരുടേതായി പുറത്തുവന്ന രേഖകളിൽ വിജയ് മല്യയുടെ പേരും. വിർജിൻ ദ്വീപുകളിൽ മല്യക്ക് പ്രത്യക്ഷ നിക്ഷേപം ഉണ്ടെന്നാണ് രേഖകൾ സൂചിപ്പിക്കുന്നത്. ഇന്റർനാഷണൽ കൺസോർഷ്യം ഓഫ് ഇൻവെസ്റ്റിഗേറ്റഡ് ജേണലിസ്റ്റ്‌സിന്റെ വെബ്‌സൈറ്റിൽ നിന്നുള്ള രേഖകൾ പ്രകാരം ബ്രിട്ടീഷ് വിർജിൻ ദ്വീപ് സ്ഥാപനമായ വെഞ്ച്വർ ന്യൂ ഹോൾഡിംഗ് ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ മല്യയ്ക്ക് പ്രത്യക്ഷ നിക്ഷേപം ഉള്ളതായാണ് വ്യക്തമാകുന്നത്. 2006 ഫെബ്രുവരി 15 മുതൽ പ്രവർത്തിക്കുന്ന സ്ഥാപനമാണിത്.

വെഞ്ച്വർ ന്യൂ ഹോൾഡിംഗ്‌സിൽ മല്യക്ക് നേരിട്ട് തന്നെ ബന്ധമുണ്ട്. കമ്പനിയുടെ പ്രവർത്തനങ്ങളെല്ലാം നിയന്ത്രിക്കപ്പെട്ടിരുന്നത് ബംഗളൂരുവിലെ 3 വിത്തൽ മല്യ റോഡിൽ നിന്നായിരുന്നു. വിജയ് മല്യയുടെ ബംഗളൂരുവിലെ താമസസ്ഥലത്തെ വിലാസമാണിത്. മല്യക്ക് പോർട്ടിക്കുലസ് ട്രസ്റ്റ് നെറ്റ് എന്ന സ്ഥാപനത്തിലും നേരിട്ട് ബന്ധമുണ്ട്. വിദേശത്ത് അക്കൗണ്ടുകൾ തുറക്കാൻ സഹായിക്കുന്ന സ്ഥാപനമാണ് ഇതെന്നാണ് ഐസിഐജെ പറയുന്നത്. ദക്ഷിണ പസിഫിക്കിലെ ദ്വീപ് സമൂഹത്തിൽ ഉൾപ്പെട്ട കുക്ക് ദ്വീപിലാണ് ഈ സ്ഥാപനത്തിന്റെ ആസ്ഥാനം. പോർട്ടിക്കുലസ് ആണ് മല്യയുടെ ഐഡന്റിറ്റി പുറത്താകാതെ സംരക്ഷിച്ചിരുന്നതും.

ബാങ്കുകളിൽ നിന്ന് വായ്പയെടുത്ത് മുങ്ങിയ വിജയ് മല്യയോട് ഈമാസം 21ന് ഹാജരാകാൻ കോടതി നിർദേശിച്ചിട്ടുണ്ട്. സെപ്തംബറിനകം 4,000 കോടി രൂപ തിരിച്ചടയ്ക്കാമെന്ന മല്യയയുടെ വാഗ്ദാനം ബാങ്കുകളുടെ കൺസോർഷ്യം ഇന്നലെ തള്ളിയിരുന്നു. എത്രയും വേഗം നാട്ടിൽ തിരിച്ചെത്താനാണ് മല്യയ്ക്ക് കോടതി നൽകിയിരിക്കുന്ന നിർദേശം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News