ഒസ്മാനാബാദ്: ഗോവധ നിരോധനത്തിനായി വാതോരാതെ സംസാരിക്കുന്ന സംഘപരിവാറുകാര്‍ അറിയാന്‍, ഗോവധ നിരോധനമുള്ള മഹാരാഷ്ട്രയില്‍ കാലികള്‍ പട്ടിണികിടന്നു മരണത്തിന്റെ വക്കില്‍. നിരവധി കര്‍ഷകരാണ് കാലികളെ വളര്‍ത്താനാകാതെ പ്രതിസന്ധിയിലായിരിക്കുന്നത്. കാലികളെ അറക്കാന്‍ നല്‍കി ലഭിച്ചിരുന്ന വരുമാനം മുട്ടിയതോടെ ശേഷിക്കുന്ന കാലികള്‍ക്കു തീറ്റ നല്‍കാനുള്ള വരുമാനമില്ലാതെ കര്‍ഷകര്‍ പ്രതിസന്ധിയിലായതിനു പിന്നാലെയാണ് വരള്‍ച്ചയും വില്ലനായത്.
മറാത്ത്‌വാഡ മേഖലയിലെ കടുത്ത വരള്‍ച്ചയായതോടെ പ്രകൃതിദത്തമായ ഭക്ഷണവും കാലികള്‍ക്കു ലഭിക്കാതെയായി. റിതാപൂരില്‍ കര്‍ഷകനായ ലക്ഷ്മണിന് ആറുമാസത്തിനുള്ളില്‍ നഷ്ടമായത് ആറു കാലികളെയാണ്. ആറും പട്ടിണി മൂലമാണ് ചത്തത്. പത്തെണ്ണമുണ്ടായിരുന്നിടത്ത് ഇനി ശേഷിക്കുന്നത് നാലെണ്ണം മാത്രം. കാലികളെ അറക്കുന്നത് നിരോധിച്ചതോടെ വരുമാനം പാടേ നിലച്ചു. അതോടെ കാലികള്‍ക്കു തീറ്റപ്പുല്ലും മറ്റു ഭക്ഷ്യസാധനങ്ങളും വാങ്ങി നല്‍കാന്‍ കര്‍ഷകര്‍ക്ക് അവതില്ലാതായി.
പലരും കാലി വളര്‍ത്തല്‍ ഉപജീവനമാര്‍ഗമാക്കിയവരാണ്. ഏക്കര്‍ കണക്കിനു സ്ഥലം തന്നെ ഇവര്‍ ഇതിനായി സ്വന്തമാക്കിയിരുന്നു. ഇപ്പോള്‍ സ്വന്തം ഭക്ഷണത്തിനുള്ള വക പോലും കണ്ടെത്താനാവാത്ത നിലയിലാണ് ഇവര്‍. രണ്ടായിരം രൂപയാണ് ഒരാഴ്ചയില്‍ തീറ്റപ്പുല്ലിനായി കര്‍ഷകര്‍ക്കു വേണ്ടത്. ഗോവധം നിരോധിച്ചതോടെ വരുമാനം നിലച്ചപ്പോള്‍ പലരും തീറ്റപ്പുല്‍ വാങ്ങുന്നതു നിര്‍ത്തുകയായിരുന്നു. പറമ്പിലെ പുല്ലായിരുന്നു പിന്നീട് കാലികളുടെ തീറ്റ. വരള്‍ച്ചയോടെ അതും ഉണങ്ങി.
ഗോക്കളെ സംരക്ഷിക്കാനാണ് ഗോവധ നിരോധനമേര്‍പ്പെടുത്തിയതെന്നു പറയുന്ന സര്‍ക്കാര്‍ പട്ടിണി കിടന്നു ചത്തുപോകുന്ന കാലികളെ കണ്ടില്ലെന്നു നടിക്കുന്നതെന്തുകൊണ്ടാണെന്നാണു കര്‍ഷകര്‍ ചോദിക്കുന്നത്. ഓരോ കാലിയും പട്ടിണി കിടന്നു ചത്തുപോകുന്നതു കാണുമ്പോള്‍ നെഞ്ചു പൊട്ടുന്ന വേദനയാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഇന്നു കാലികളാണു പട്ടിണി കിടന്നു ചത്തുപോകുന്നതെങ്കില്‍ വൈകാതെ തങ്ങള്‍ ഭക്ഷണം കിട്ടാതെ മരിക്കുന്ന അവസ്ഥയുണ്ടാകുമെന്നും കര്‍ഷകര്‍ പറയുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here