എയ്ഡ്‌സ് രോഗിയായ ഭര്‍ത്താവിനെ ഭാര്യയും മാതാപിതാക്കളും ചേര്‍ന്നു കൊന്നു; എയ്ഡ്‌സ് രോഗത്തെ പേടിക്കേണ്ടെന്ന സന്ദേശമുള്‍ക്കൊള്ളാതെയുള്ള സംഭവം ഇന്ത്യയില്‍തന്നെ

ബറേലി: എയ്ഡ്‌സ് രോഗിയായ ഭര്‍ത്താവിനെ മാതാപിതാക്കളുടെ സഹായത്തോടെ യുവതി കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ബറേലിയിലാണു സംഭവം. നാല്‍പതു വയസുകാരനായ ട്രക്ക് ഡ്രൈവറെയാണു കൊലപ്പെടുത്തിയത്. ഭര്‍ത്താവിനോടൊപ്പം താമസിക്കാന്‍ കഴിയാത്തതിനാലാണ് മാതാപിതാക്കളുടെ സഹായത്തോടെ കൊലപാതകം നടത്തിയതെന്നു യുവതി പൊലീസിനോടു പറഞ്ഞു.

ബുധനാഴ്ചയാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണ കാരണം എന്താണെന്നു ഭാര്യയോ ഭാര്യയുടെ മാതാപിതാക്കളോ വ്യക്തമാക്കിയിരുന്നില്ല. അസ്വാഭാവികത ഇല്ലാതിരുന്നതിനാല്‍ സംസ്‌കാരത്തിനുള്ള ഏര്‍പ്പാടുകള്‍ ചെയ്യുന്നതിനിടെയാണ് യുവാവിന്റെ ബന്ധുക്കള്‍ മൃതദേഹത്തില്‍ മുറിപ്പാടുകള്‍ കണ്ടെത്തിയത്. തുടര്‍ന്നു ചോദ്യം ചെയ്തപ്പോഴാണ് താന്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തുകയായിരുന്നെന്നു യുവതി സമ്മതിച്ചത്.

കഴുത്തറത്താണ് കൊലപാതകം നടത്തിയതെന്നു പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായി. തുടര്‍ന്ന് യുവതിയെയും മാതാപിതാക്കളെയും പൊലിസ് കസ്റ്റഡിലെടുത്തു. മൂന്നു വര്‍ഷം മുമ്പായിരുന്നു യുവാവിന്റെ വിവാഹം. ഒന്നര വര്‍ഷം മുമ്പാണ് എയ്ഡ്‌സ് ആണെന്നു തിരിച്ചറിഞ്ഞത്. ഇക്കാര്യം രഹസ്യമായി വച്ച ഇയാള്‍ കൗണ്‍സിലിംഗിനു വിധേയമായി വരികയായിരുന്നു. രഹസ്യമായി ഇക്കാര്യം അറിഞ്ഞതോടെ ഭര്‍ത്താവിനെ കൊല്ലാന്‍ യുവതി തീരുമാനിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here