രാഹുല്‍ ഈശ്വര്‍ പങ്കെടുത്ത ബിജെപി പരിപാടിയില്‍ അവര്‍ണര്‍ക്ക് അയിത്തം; രാഹുലിനെ തൊട്ട് അശുദ്ധമാക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് നേതാക്കളുടെ നിര്‍ദേശം; പഞ്ചായത്തംഗം സിന്ധു അശോകനെ വേദിയില്‍ കയറ്റിയില്ല

ഗുരുവായൂര്‍: ശബരിമല തന്ത്രികുടുംബത്തില്‍നിന്നുള്ള രാഹുല്‍ ഈശ്വര്‍ പങ്കെടുത്ത ബിജെപി തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനച്ചടങ്ങില്‍ അവര്‍ണര്‍ക്ക് അയിത്തം. പരിപാടിക്ക് എത്തുന്ന അവര്‍ണര്‍ക്ക് കസേര നല്‍കേണ്ടെന്നും രാഹുലിനെ അവര്‍ണര്‍ തൊട്ട് അശുദ്ധമാക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും സംഘാടകരായ ആര്‍എസ്എസ് നേതാക്കളുടെ നിര്‍ദേശം. വെള്ളാപ്പള്ളി നടേശന്റെ ബിഡിജെഎസ് ഉള്‍പ്പെടുന്ന എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തില്‍ തിങ്കളാഴ്ച്ചയാണ് സംഭവം.

ബ്രാഹ്മണനായ രാഹുല്‍ ഈശ്വര്‍ പങ്കെടുക്കുന്ന ചടങ്ങ് താഴ്ന്ന ജാതിക്കാര്‍ കയറി അശുദ്ധമാക്കേണ്ടെന്ന നിലപാട് ആര്‍എസ്എസ് നേതൃത്വം പരസ്യമായാണ് എടുത്തത്. ഇതിന്റെ അടിസ്ഥാനത്തിലാണ് വേദിയില്‍ കസേരയിട്ടതും വേദിയില്‍ ആരൊക്കെ വേണമെന്ന് നിശ്ചയിച്ചതും. പട്ടികജാതിക്കാരിയെന്ന് ആരോപിച്ച് ഒരുമനയൂര്‍ പഞ്ചായത്തംഗം സിന്ധു അശോകനെ വേദിയില്‍ കയറ്റിയിരുന്നില്ല. ഈഴവനാണെന്ന കാരണത്താല്‍ ബിജെപി സംസ്ഥാന കമ്മിറ്റിയംഗം ദയാനന്ദന്‍ മാമ്പുള്ളിയെയും വേദിയില്‍ കയറ്റിയില്ല. എന്നാല്‍ പ്രശ്‌നം രൂക്ഷമാകുമെന്നായതോടെ ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് അനീഷിന് അധ്യക്ഷനാകാന്‍ അനുമതി നല്‍കി. പ്രത്യേക നിബന്ധനകളോടെയായിരുന്നു അത്.

സവര്‍ണരായ ചില ആര്‍എസ്എസ് നേതാക്കള്‍ കല്‍പ്പിച്ചപ്രകാരം അവര്‍ണര്‍ക്ക് വിലക്ക് നടപ്പാക്കിയതില്‍ ബിജെപിയില്‍നിന്നുതന്നെ പ്രതിഷേധം ഉയര്‍ന്നിരുന്നു. എന്നാല്‍ ചില ഉന്നത നേതാക്കള്‍ ഇടപെട്ട് ഇത് ഒതുക്കുകയായിരുന്നു. സംഭവം വാര്‍ത്താസമ്മേളനം നടത്തി പറയാന്‍ തീരുമാനിച്ച ഒരു ബിജെപി നേതാവിനെ ആര്‍എസ്എസുകാര്‍ സ്ഥലത്തുനിന്നും മാറ്റുകയു ചെയ്തു ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News