കാമുകന്‍ കണ്ടശേഷമേ മൃതദേഹം മറവു ചെയ്യാവൂവെന്ന് പ്രണയച്ചതി മൂലം ജീവനൊടുക്കിയ കോവളം സ്വദേശിനിയുടെ കത്ത്; അവയവങ്ങള്‍ ദാനം ചെയ്യണമെന്നും ആവശ്യം

തിരുവനന്തപുരം: പ്രണയവഞ്ചനയില്‍ മനംനൊന്ത് കോവളത്തു ജീവനൊടുക്കിയ ഇരുപത്തിനാലുകാരിയുടെ രണ്ടാമത്തെ ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തു. നോട്ട്ബുക്കില്‍നിന്നാണ് കാമുകന്‍ വഞ്ചിച്ചതാണ് താന്‍ മരണത്തിന്റെ വഴി തെരഞ്ഞെടുക്കാന്‍ കാരണമെന്നു വ്യക്തമാക്കിയുള്ള ആത്മഹത്യാക്കുറിപ്പ കണ്ടെത്തിയത്. തനിക്കൊരു പ്രണയമുണ്ടായിരുന്നെന്നു വ്യക്തമാക്കുന്ന ആദ്യത്തെ കത്ത് കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു.

കോവളം കോട്ടുകാല്‍ പുലിയൂര്‍ക്കോണം ആശാഭവനില്‍ ആശാചന്ദ്ര(24)നാണ് കഴിഞ്ഞദിവസം തൂങ്ങിമരിച്ചത്. എംഎസ് സി മാത്സ് പഠനശേഷം പി എസ് സി കോച്ചിംഗ് നടത്തിവരികയായിരുന്നു ആശ. കാമുകന്‍ വഞ്ചിച്ചതിനെത്തുടര്‍ന്ന് ആത്മഹത്യ ചെയ്യുകയാണെന്നു വ്യക്തമാക്കുന്നതാണ് രണ്ടു കത്തുകളും. ആശയുടെ മരണശേഷം മുറിയില്‍ നടത്തിയ പരിശോധനയിലാണ് നാലു പേജുകളിലായുള്ള ആദ്യത്തെ കത്ത് കണ്ടെത്തിയത്. പ്രിയമുള്ളവരെ എന്ന് അഭിസംബോധന ചെയ്യുന്നതാണ് കത്ത്. പ്രണയത്തിന്റെ തുടക്കം മുതല്‍ ചതി വരെയുള്ള കാര്യങ്ങള്‍ അക്കമിട്ടു നിരത്തിയുള്ളതാണ് രണ്ടാമത്തെ കത്ത്. ഏഴു പേജുകളിലാണ് താന്‍ മരണത്തിന്റെ വഴി തെരഞ്ഞെടുക്കുകയാണെന്നു വ്യക്തമാക്കുന്ന കത്തെഴുതിയിരിക്കുന്നത്.

2012 മുതല്‍ വിഴിഞ്ഞം സ്വദേശിയുമായ അനൂപുമായി പ്രണയത്തിലായിരുന്നെന്നും എതിര്‍പ്പില്ലാതിരുന്നതിനാല്‍ വീട്ടുകാര്‍ തമ്മില്‍ നല്ല ബന്ധമായിരുന്നെന്നും കത്തില്‍ പറയുന്നു. ഇരു വീട്ടുകാരും പരസ്പരം വീടുകളില്‍ സന്ദര്‍ശനം നടത്തുകയും ഭക്ഷണസാധനങ്ങള്‍ പരസ്പരം കൈമാറുകയുംചെയ്തിരുന്നു. പ്രണയത്തിലായതോടെ മൂന്നു വര്‍ഷമായി പലയിടങ്ങളില്‍ കൊണ്ടുപോയി അനൂപ് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നെന്നും ആശ കത്തില്‍ പറയുന്നു. അതിനിടെ, കഴിഞ്ഞ കുറച്ചു നാളായി ആശയെ അനൂപ് ഒഴിവാക്കിത്തുടങ്ങി.

ഫോണില്‍ വിളിച്ചാല്‍ കിട്ടാതായതോടെ ആശ അനൂപിന്റെ വീട്ടിലെത്തിയിരുന്നു. പുതിയ നമ്പര്‍ തരപ്പെടുത്തി വിളിച്ചപ്പോള്‍ ഇനി തന്നെ വിളിക്കരുതെന്നായിരുന്നു അനൂപിന്റെ നിര്‍ദേശം. തുടര്‍ന്ന് ആശ ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് പൊലീസ് കരുതുന്നത്. രണ്ടുകത്തുകളും പൊലീസിന് കൈമാറിയിട്ടുണ്ട്. ചൊവ്വാഴ്ച വീട്ടുകാര്‍ ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനായി പോയ സമയത്തായിരുന്നു ആശ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചത്. ആശയുടെ മൃതദേഹവുമായി അനൂപിന്റെ വീട്ടിലേക്കു ബന്ധുക്കള്‍ പോയെങ്കിലും ഇയാള്‍ വീടു പൂട്ടി സ്ഥലം വിട്ടിരുന്നു. ഏറെ നേരം റോഡ് ഉപരോധിച്ചശേഷമാണ് നാട്ടുകാരും ബന്ധുക്കളും മൃതദേഹം സംസ്‌കരിക്കാന്‍ തയാറായത്.

താന്‍ മരിച്ചു കഴിഞ്ഞാല്‍ അവയവയങ്ങള്‍ ദാനം ചെയ്യണമെന്ന് കത്തില്‍ പറയുന്നുണ്ട്. നല്ല വസ്ത്രങ്ങള്‍ അനാഥര്‍ക്കു നല്‍കണം. മൃതദേഹം കാമുകനെ കാണിച്ചശേഷം മാത്രമേ മറവു ചെയ്യാവൂ എന്നുമാണ് താന്‍ മരിക്കാന്‍ തീരുമാനിച്ചു എന്നു വ്യക്തമാക്കുന്ന കത്തില്‍ ആശ പറയുന്നത്. പൊലീസ് അന്വേഷണം തുടരുകയാണ്. അനൂപ് ഒളിവിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News