വാട്‌സ്ആപ്പ് എൻക്രിപ്ഷൻ എന്നാൽ എന്ത്? എങ്ങനെ ആക്ടിവേറ്റ് ചെയ്യാം? വാട്‌സ്ആപ്പ് കോളിംഗിനെ ബാധിക്കുമോ? അറിയേണ്ടതെല്ലാം

വാട്‌സ്ആപ്പിൽ നിന്ന് അയയ്ക്കുന്ന സന്ദേശങ്ങൾ മൂന്നാമതൊരാൾക്ക് കാണനോ ഹാക്ക് ചെയ്യാനോ സാധിക്കാത്ത തരത്തിൽ എൻഡ് ടു എൻഡ് എൻക്രിപ്ഷൻ നിലവിൽ വന്നത് കഴിഞ്ഞ ദിവസമാണ്. ലേറ്റസ്റ്റ് വേർഷൻ വാട്‌സ്ആപ്പ് ആപ്ലിക്കേഷനിൽ എൻക്രിപ്ഷൻ സംവിധാനം ഉണ്ട്. ഇതുപ്രകാരം സന്ദേശങ്ങൾ മൂന്നാമതൊരാൾക്ക് കാണാനോ ഹാക്ക് ചെയ്യാനോ സാധിക്കില്ല. സെർവറിൽ സന്ദേശങ്ങൾ കാണാൻ പറ്റില്ലെന്നു സാരം. സർക്കാർ ആവശ്യപ്പെട്ടാൽ പോലും മെസേജുകളുടെ വിശദാംശങ്ങൾ നൽകാൻ വാട്‌സ്ആപ്പിനാകില്ല. ഇനി, എന്താണ് എൻക്രിപ്ഷൻ, ഇത് എങ്ങനെ സ്വന്തം ഫോണിലും ആപ്പിലും ആക്ടിവേറ്റ് ചെയ്യാം, വാട്‌സ്ആപ്പ് കോളിംഗിനെ ഇത് ബാധിക്കുമോ ഇങ്ങനെ നിരവധി കാര്യങ്ങളിൽ സംശയമുണ്ടാകും. എൻക്രിപ്ഷനെ കുറിച്ച് അറിയേണ്ട കാര്യങ്ങൾ എല്ലാം.

എന്താണ് എൻക്രിപ്ഷൻ എന്നതു കൊണ്ട് അർത്ഥമാക്കുന്നത്?

എൻഡ് ടു എൻഡ് എൻക്രിപ്ഷൻ എന്നാണ് ഇതിനു പേരിട്ടിട്ടുള്ളത്.  ഉപയോക്താക്കൾ അയക്കുന്ന സന്ദേശം ഒരു പ്രത്യേക കോഡാക്കി മാറ്റുകയും (എൻക്രിപ്ഷൻ) വായിക്കുന്ന വ്യക്തിയുടെ ഫോണിൽ മാത്രം അത് വീണ്ടും യഥാർത്ഥ സന്ദേശ രൂപത്തിലാവുകയും (ഡിക്രിപ്ഷൻ) ചെയ്യുന്ന പ്രക്രിയയാണ് ഇത്. അതായത് അയയ്ക്കുന്ന സന്ദേശങ്ങളുടെ ഒന്നും യഥാർത്ഥ രൂപം ഓൺലൈൻ സെർവറിൽ സേവ് ആകുകയില്ലെന്നു സാരം. മറ്റു മെസേജിംഗ് ആപ്പുകൾ സന്ദേശങ്ങൾ എൻക്രിപ്റ്റ് ചെയ്യുക മാത്രമാണ് ചെയ്യുന്നത്. എന്നാൽ, വാട്‌സ്ആപ്പിന്റെ എൻക്രിപ്ഷൻ പ്രകാരം സന്ദേശം അയയ്ക്കുന്ന ആളും സ്വീകരിക്കുന്ന ആൾക്കും മാത്രമേ സന്ദേശം വായിക്കാൻ പറ്റൂ.

കാരണം, സന്ദേശങ്ങൾ എല്ലാം സെക്യൂരിറ്റി ലോക്ക്ഡ് ആണെന്നതാണ് കാര്യം. അതിന്റെ സ്‌പെഷ്യൽ അൺലോക്ക് കീ നിങ്ങൾക്കും സന്ദേശം സ്വീകരിക്കുന്ന ആൾക്കും മാത്രമേ അറിയാൻ സാധിക്കൂ. മറ്റൊരു കാര്യം അയയ്ക്കുന്ന ഓരോ മെസേജുകൾക്കും അതിന്റേതായ യൂണിക് ലോക്ക് കീ ഉണ്ട്.

എങ്ങനെ ആക്ടിവേറ്റ് ചെയ്യാം

എല്ലാം ഓട്ടോമാറ്റിക് ആയി തന്നെ സംഭവിക്കും. ഇതിനായി സെറ്റിംഗ്‌സിൽ പോകുകയോ സ്‌പെഷ്യൽ സീക്രട്ട് ചാറ്റ് തുടങ്ങുകയോ വേണ്ട.

വാട്‌സ്ആപ്പ് കോളും ഉൾപ്പെടുമോ?

അതെ. മെസേജുകൾ പോലെ തന്നെ കോളുകളും എൻഡ് ടു എൻഡ് എൻക്രിപ്റ്റ് ചെയ്യപ്പെടുന്നുണ്ട്. അതായത് വാട്‌സ്ആപ്പോ അല്ലെങ്കിൽ മൂന്നാമതൊരാളോ നിങ്ങൾ വാട്‌സ്ആപ്പ് കോൾ വഴി സംസാരിക്കുന്നത് കേൾക്കില്ലെന്നു സാരം.

അയയ്ക്കുന്ന ഫോട്ടോ വീഡിയോ അടക്കമുള്ള മീഡിയ?

ഫോട്ടോകൾ, വീഡിയോകൾ, മറ്റു ഫയലുകൾ എന്നിവയും എൻക്രിപ്റ്റ് ചെയ്യപ്പെടുന്നുണ്ട്.

ഗ്രൂപ്പ് ചാറ്റുകൾ?

ഗ്രൂപ്പിലെ ഏതെങ്കിലും ഒരംഗം പഴയ വേർഷൻ വാട്‌സ്ആപ്പ് ആണ് ഉപയോഗിക്കുന്നതെങ്കിൽ അതു മാറ്റിപുതിയ വേർഷൻ ഇൻസ്റ്റാൾ ചെയ്യുന്നതു വരെ എൻക്രിപ്റ്റ് ചെയ്യപ്പെടുകയില്ല.

എൻക്രിപ്റ്റ് ചെയ്യപ്പെടുന്നു എന്നു എങ്ങനെ മനസ്സിലാക്കാം?

മെസേജുകളോ കാളുകളോ എൻക്രിപ്റ്റ് ചെയ്യുന്നുണ്ടോ എന്നു പരിശോധിക്കാൻ വാട്‌സ്ആപ്പ് സൗകര്യം ഒരുക്കുന്നുണ്ട്. മെസേജിൽ ടാപ് ചെയ്താൽ അയച്ച മെസേജുകൾ എൻഡ് ടു എൻഡ് എൻക്രിപ്റ്റ് ചെയ്യപ്പെടുന്നുണ്ടെന്നു സ്‌ക്രീനിൽ തെളിയും. ശേഷം ഒരു ക്യൂആർ കോഡും 60 അക്ക സംഖ്യയും കാണാൻ സാധിക്കും. ഈ ക്യൂആർ കോഡ് സ്‌കാൻ ചെയ്യുകയോ അതല്ലെങ്കിൽ 60 അക്ക സംഖ്യ ചാറ്റ് ചെയ്യുന്ന ആളുടേതുമായി താരതമ്യം ചെയ്യുകയോ ചെയ്യാം.

വാട്‌സ്ആപ്പ് എങ്ങനെയാണ് ഇത് ചെയ്യുന്നത്?

വാട്‌സ്ആപ്പ് സിഗ്നൽ പ്രോട്ടോക്കോൾ ആണ് എൻക്രിപ്ഷനായി ഉപയോഗിക്കുന്നത്. ഓപ്പൺ വിസ്പർ സിസ്റ്റം ആണ് ഇത് ഡിസൈൻ ചെയ്തിട്ടുള്ളത്. സൈബർ ക്രിമിനലുകൾ, സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങി മൂന്നാം കക്ഷികളെ പ്രൈവറ്റ് കമ്യൂണിക്കേഷനിൽ നിന്ന് അകറ്റി നിർത്തുന്നതാണ് പ്രോട്ടോക്കോൾ എന്ന് വാട്‌സ്ആപ്പ് അവകാശപ്പെടുന്നു.

സുരക്ഷാസംഘങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുമോ?

അതുറപ്പാണ്. ലോ എൻഫോഴ്‌സ്‌മെന്റ്, അന്വേഷണ സംഘങ്ങൾ എന്നിവയ്ക്ക് സന്ദേശങ്ങളുടെ വിശദാംശങ്ങൾ ലഭിക്കുക ബുദ്ധിമുട്ടാകും. ഇന്ത്യയിൽ സുരക്ഷാ ഏജൻസികൾ ഇക്കാര്യം ടെലികോം മന്ത്രാലയവുമായി ചർച്ച ചെയ്യുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News