തിരുവനന്തപുരം: സരിത എസ് നായരെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കി എന്ന വെളിപ്പെടുത്തലിന്മേല്‍ കേസെടുക്കണം എന്നാവശ്യപ്പെട്ട് നല്‍കിയ സ്വകാര്യ അന്യായം തിരുവനന്തപുരം കോടതി ഫയലില്‍ സ്വീകരിച്ചു. മുഖ്യമന്ത്രിയെ പ്രതിയാക്കി കേസെടുക്കണം എന്നാണ് പരാതിയിലെ ആവശ്യം. ആള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്‍ നല്‍കിയ സ്വകാര്യ അന്യായത്തിന്മേല്‍ തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. സ്വകാര്യ അന്യായത്തില്‍ തുടര്‍നടപടികള്‍ക്കായി കോടതി കേസ് ചൊവ്വാഴ്ചത്തേക്ക് മാറ്റി.
സരിതയുടെ കത്ത് അനുസരിച്ച് ഇന്ത്യന്‍ ശിക്ഷാനിയമം 377-ാം വകുപ്പ് പ്രകാരം കേസെടുക്കണം എന്നാണ് സ്വകാര്യ അന്യായത്തിലെ ആവശ്യം. പ്രകൃതിവിരുദ്ധ ലൈംഗികതയെപ്പറ്റി നിര്‍വചിക്കുന്നതാണ് 377-ാം വകുപ്പ്. ഇതുപ്രകാരം കുറ്റക്കാരനാണ് എന്ന് കണ്ടെത്തിയാല്‍ പ്രതിക്ക് ജീവപര്യന്തമോ പത്തുവര്‍ഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചെയ്ത കുറ്റകൃത്യം വിവരിക്കുന്ന കത്ത് പിടിച്ചെടുക്കാന്‍ നടപടി സ്വീകരിക്കണമെന്നും സ്വകാര്യ അന്യായത്തില്‍ പറയുന്നു.
കോടതിയുടെ മേല്‍നോട്ടത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷിക്കണമെന്നും സ്വകാര്യ അന്യായത്തില്‍ ആവശ്യപ്പെടുന്നു. ലോയേഴ്‌സ് യൂണിയനെ പ്രതിനിധീകരിച്ച് ജില്ലാ സെക്രട്ടറി അഡ്വ. പള്ളിച്ചല്‍ എസ്‌കെ പ്രമോദാണ് കോടതിയെ സമീപിച്ചത്. കേസില്‍ സരിത എസ് നായരാണ് ഏക സാക്ഷി. സംഭവത്തില്‍ മ്യൂസിയം പൊലീസ് സ്റ്റേഷനിലും സിറ്റി പൊലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കിയിട്ടും നടപടി സ്വീകരിച്ചിട്ടില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ലോയേഴ്‌സ് യൂണിയന്‍ കോടതിയെ സമീപിച്ചത്.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായരെ ക്ലിഫ് ഹൗസില്‍വച്ച് ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് സരിത ജയിലില്‍ വച്ച് എഴുതിയ കത്തില്‍ പറയുന്നത്. സരിത എഴുതിയ കത്ത് കഴിഞ്ഞ ദിവസം കൈരളി – പീപ്പിള്‍ ടിവി, ഏഷ്യാനെറ്റ് ന്യൂസ് എന്നീ ദൃശ്യമാധ്യമങ്ങള്‍ സംപ്രേഷണം ചെയ്തു. വാര്‍ത്തയുടെ സത്യാവസ്ഥ സരിത എസ് നായര്‍ സ്ഥിരീകരിക്കുകയും ചെയ്തു. കത്തില്‍ എഴുതിയത് സത്യമാണ് എന്നും തന്റെ ജീവിതത്തില്‍ നടന്ന കാര്യങ്ങളാണ് എഴുതിയത് എന്നുമാണ് സരിത മാധ്യമങ്ങളോട് പറഞ്ഞത്. തൊട്ടടുത്ത ദിവസം മലയാള പത്രങ്ങളും ഈ വിവരം റിപ്പോര്‍ട്ട് ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്വകാര്യ അന്യായം ഫയല്‍ ചെയ്തത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here