ഗർഭിണികളായ സ്ത്രീകൾക്ക് ഹജ്ജ് കർമം ചെയ്യുന്നതിൽ നിന്ന് വിലക്ക്; നാലുമാസത്തിൽ കൂടുതൽ ഗർഭിണികളായ സ്ത്രീകൾക്ക് അനുമതി നൽകില്ലെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി

ദില്ലി: ഹജ്ജിനു അപേക്ഷ നൽകുന്ന സമയം ഗർഭിണിയാണെങ്കിൽ സ്ത്രീകൾക്ക് ഹജ്ജ് കർമം അനുഷ്ഠിക്കാൻ അനുമതി നൽകില്ലെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി. അപേക്ഷ നൽകുമ്പോൾ ഗർഭിണിയായിരിക്കുകയും സെപ്തംബറിൽ നാലു മാസത്തിൽ കൂടുതൽ ഗർഭകാലം ആകുകയും ചെയ്തിട്ടുണ്ടെങ്കിൽ അനുമതി നൽകില്ലെന്ന് ഹജ്ജ് കമ്മിറ്റി വ്യക്തമാക്കി. ഇനി അഥവാ ഇക്കാര്യം മറച്ചുവച്ച് ഹജ്ജിനു പോകാൻ ശ്രമിച്ചാലും സത്യം കണ്ടെത്തിയാൽ വിമാനത്തിൽ നിന്ന് ഇറക്കിവിടുമെന്നും കമ്മിറ്റി വ്യക്തമാക്കി. എന്നാൽ, വിമാനത്തിൽ ആരാണ് ഗർഭിണിയാണോ എന്നു പരിശോധിക്കുക എന്ന കാര്യം ഹജ്ജ് കമ്മിറ്റി വ്യക്തമാക്കിയിട്ടില്ല.

സെപ്തംബറിലാണ് ഇത്തവണത്തെ ഹജ്ജ് തീർത്ഥാടനം ആരംഭിക്കുന്നത്. ഹജ്ജിനു പോകാൻ ആഗ്രഹിക്കുന്ന സ്ത്രീകൾ സെപ്തംബറിനു മുമ്പ് അവർ നാലുമാസം ഗർഭകാലം പൂർത്തിയാക്കിയിട്ടില്ലെന്നു ഉറപ്പു വരുത്തണമെന്ന് ബറേലി ഹജ്ജ് സേവാസമിതി സെക്രട്ടറി നസിം ബേഗ് പറഞ്ഞു. ഇതിൽ പരാജയപ്പെട്ടാൽ വിലക്കപ്പെടുമെന്നും ബേഗ് പറഞ്ഞു. കേന്ദ്ര ഹജ്ജ് കമ്മിറ്റി എക്‌സിക്യൂട്ടീവ് ഓഫീസർ അതാവുർ റഹ്മാന്റേതാണ് നിർദേശം. ഗർഭിണികൾ പണം തിരികെ വാങ്ങി സീറ്റുകൾ കാൻസൽ ചെയ്യണമെന്നും അതാവുർ റഹ്മാൻ നിർദേശിച്ചു. ഗർഭിണികളായ സ്ത്രീകളുടെ ആരോഗ്യകാരം പരിഗണിച്ചാണ് ഇത്തരമൊരു നിർദേശം എന്നാണ് നസിം ബേഗ് പറയുന്നത്.

സ്ത്രീകളുടെ ആരോഗ്യവും സുരക്ഷയും കണക്കിലെടുത്താണ് തീരുമാനം. ഹജ്ജിന്റെ ആദ്യ അഞ്ചു ദിവസങ്ങൾ ഹാജിമാരെ സംബന്ധിച്ചിടത്തോളം അവരുടെ ഊർജവും സ്റ്റാമിനയും പരീക്ഷിക്കപ്പെടുന്ന സമയമാണ്. ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് പെട്ടെന്നു പെട്ടെന്നു നീങ്ങേണ്ടി വരും. വിശുദ്ധ കഅബയെ വലംവയ്ക്കുകയും വേണ്ടി വരും. ഇതും അവരുടെ ആരോഗ്യത്തെ ബാധിക്കുമെന്നും ബേഗ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here