ഭൂഖ് മാരീ സേ ആസാദീ, സംഘ് വാദ് സേ ആസാദി, ആസാദി ആസാദീ; ഫാസിസത്തിനെതിരെ ജെഎന്‍യുവില്‍ നിന്നുയര്‍ന്ന ആസാദി മുദ്രാവാക്യം രാജ്യം ഏറ്റുപാടുന്നു

തിരുവനന്തപുരം: ഫാസിസത്തിനെതിരെ ജെഎന്‍യുവില്‍ തുടങ്ങിയ ആസാദി മുദ്രാവാക്യം വീണ്ടും അലയടിച്ചുയരുന്നു. ഗാനരൂപത്തിലാണ് ആസാദി ഒരുങ്ങുന്നത്. ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാര്‍ ഏറ്റുവിളിച്ച മുദ്രാവാക്യമാണ് ഗാനത്തിന്റെ രൂപത്തില്‍ ചിട്ടപ്പെടുത്തിയത്. ഗാനം ഒരുക്കിയത് മലയാള സിനിമയിലെ പിന്നണിഗായിക പുഷ്പവതിയാണ്. തൃശ്ശൂരില്‍ സംഘടിപ്പിച്ച മനുഷ്യ സംഗമ വേദിയില്‍ ആണ് ആദ്യം ആസാദി പാടിയത്. ഗാനം ആവേശമായി ഏറ്റെടുത്തതോടെ ഗാനരൂപത്തില്‍ ചിട്ടപ്പെടുത്തി. യുട്യൂബിലാണ് ഗാനം റീലീസ് ചെയ്തത്.

രാജ്യത്തു നടക്കുന്ന വിദ്യാര്‍ഥി പോരാട്ടങ്ങള്‍ക്ക് അഭിവാദ്യമര്‍പ്പിച്ചാണ് ഗാനം തയ്യാറാക്കിയത്. ഹൈദരാബാദ് കേന്ദ്ര സര്‍വ്വകലാശാലയില്‍ ആത്മഹത്യചെയ്ത ദളിത് ഗവേഷക വിദ്യാര്‍ഥി രോഹിത് വെമുലയ്ക്കുവേണ്ടി നടന്ന പ്രക്ഷോഭം, ജെഎന്‍യു വിദ്യാര്‍ഥികളുടെ പോരാട്ടം ഉള്‍പ്പടെയുള്ളവ ഗാനത്തിന്റെ പശ്ചാത്തലമാകുന്നു. പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികള്‍ക്കുനേരെ ഉണ്ടായ പൊലീസ്, ഗുണ്ടാ ആക്രമണങ്ങള്‍ ഉള്‍പ്പടെയുള്ള ദൃശ്യങ്ങള്‍ ചേര്‍ത്താണ് വീഡിയോ തയ്യാറാക്കിയത്.

ഭൂഖ് മാരീ സേ ആസാദീ, സംഘ് വാദ് സേ ആസാദി, സാമന്ദ് വാദ് സേ ആസാദി, പൂഞ്ച് വാദ് സേ ആസാദി, ബ്രാഹ്മന്‍ വാദ് സേ ആസാദി, മനു വാദ് സേ ആസാദി തുടങ്ങിയവയാണ് ഗാനത്തിലെ വരികള്‍. ദാരിദ്ര്യത്തില്‍നിന്ന് മോചനം, ജാതി വാദത്തില്‍നിന്ന് മോചനം, സംഘപരിവാറില്‍നിന്ന് മോചനം, ബ്രാഹ്മണ വാദത്തില്‍നിന്ന് മോചനം തുടങ്ങിയ അര്‍ത്ഥം വരുന്നതാണ് ഇത്.

സംഘപരിവാറിന്റെ ഫാസിസ്റ്റ് നിലപാടുകളാണ് മുദ്രാവാക്യം ഗാനരൂപത്തില്‍ ചിട്ടപ്പെടുത്താന്‍ പ്രചോദനമായത്. സംഘപരിവാര്‍ സമൂഹത്തെ ഭയപ്പെടുത്തുന്നുണ്ട്. ഇതിനെതിരെ വലിയ പ്രക്ഷോഭം രാജ്യത്തിന്റെ പലഭാഗത്തുനിന്ന് ഉയര്‍ന്നുവരുന്നുണ്ട്. പ്രത്യേകിച്ച് കാമ്പസുകളില്‍നിന്ന്. ഫാസിസത്തിനെതിരായ പോരാട്ടത്തിന് പിന്തുണ നല്‍കുകയാണ് ഗാനത്തിലൂടെ ചെയ്തത് എന്ന് പുഷ്പവതി കൈരളി ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.

സാള്‍ട്ട് ആന്റ് പെപ്പര്‍ എന്ന ചിത്രത്തിലെ ചെമ്പാവ് എന്ന ഗാനം പാടിയത് പുഷ്പവതിയാണ്. നമ്മള്‍, ചൂണ്ട, വിക്രമാദിത്യന്‍ തുടങ്ങി പത്തോളം സിനിമകളില്‍ പുഷ്പവതി പാടി. ജി ഉമാശങ്കര്‍, സി അങ്കുര്‍, എസ് അഭിജിത് എന്നിവരുടെ കാമറയ്ക്ക് മുന്നില്‍ പാടി അഭിനയിച്ചതും പുഷ്പവതിയാണ്. 4.31 മിനുട്ട് നീളുന്നതാണ് ഗാനം. അനുവാണ് എഡിറ്റിംഗ് നിര്‍വ്വഹിച്ചത്.

പുഷ്പവതി ചിട്ടപ്പെടുത്തി പാടിയ ആസാദി ഗാനം ആസ്വദിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News