നാല് ജയ്‌ഷെ ഭീകരര്‍ക്കെതിരെ എന്‍ഐഎ കോടതിയുടെ അറസ്റ്റ് വാറണ്ട്; പാക് ഹൈക്കമ്മീഷണറുടെ പ്രസ്താവനയില്‍ ഇന്ത്യയ്ക്ക് അതൃപ്തി

ദില്ലി: പത്താന്‍കോട്ട് ഭീകരാക്രമണം ആസൂത്രണം ചെയ്ത ജയഷെ മുഹമ്മദ് ഭീകരര്‍ക്കെതിരെ എന്‍ഐഎ പ്രത്യേക കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ജയഷെ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസ്സറടക്കം നാല് പേര്‍ക്ക് എതിരെയാണ് അറസ്റ്റ് വാറണ്ട്. അതേസമയം പാക്ക് ഹൈക്കമീഷണറുടെ പ്രസ്താവനയില്‍ ഇന്ത്യ അതൃപ്തി അറിയിച്ചു.

പാക്കിസ്ഥാനിലെ ഭീകര ക്യാമ്പില്‍ നിന്ന് പത്താന്‍കോട്ട് ആക്രമണം നടത്താന്‍ ഭീകരര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുന്ന ഫോണ്‍ സംഭാഷണങ്ങള്‍ എന്‍ഐഎ മൊഹാലിയിലെ പ്രത്യേക കോടതിയില്‍ തെളിവായി നല്‍കിയിരുന്നു. കൂടാതെ ജെയഷെ മുഹമ്മദ് തലവന്‍ മൗലാന അസ്സറും സഹോദരന്‍ റൗഫ് അസ്സറും ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തും ഭീകരരെ പ്രശംസിച്ചും പുറത്ത് വിട്ട വീഡിയോയും എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ചു. ഈ തെളിവുകള്‍ കൂടി പരിഗണിച്ചാണ് 4ജെയഷെ മുഹമ്മദ് ഭീകരര്‍ക്ക് എതിരെ അറസ്റ്റ് വാറണ്ട് പ്രത്യേക കോടതി പുറപ്പെടുവിച്ചത്.

കൊടും കുറ്റവാളി മൗലാന അസ്സറിനെയും സഹോദരനെയും കൂടാതെ ഭീകരര്‍ക്ക് ഫോണിലൂടെ നിര്‍ദേശങ്ങള്‍ നല്‍കിയ കാലിഫ് ജാന്‍, ഷാഹിദ് ജാന്‍ എന്നിവര്‍ക്ക് എതിരെയാണ് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. ഇന്റര്‍പോളിന് ഈ അറസ്റ്റ് വാറണ്ട് കൈമാറും. റൗഫ് അസ്സറിന് എതിരെ ഇന്റര്‍പോള്‍ നേരത്തെ റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ നാല് ഭീകരരും പാക്കിസ്ഥാനില്‍ തന്നെ തുടരുകയാണ്.

ജെയഷെ മുഹമ്മദ് ഭീകരര്‍ക്ക് എതിരെ വ്യക്തമായ തെളിവുകള്‍ ഇല്ലെന്നാണ് പാക്ക് വാദം. എന്‍ഐഎയുടെ പാക്ക് സന്ദര്‍ശനത്തെ എതിര്‍ത്ത പാക്ക് ഹെക്കമീഷണറുടെ പ്രസതാവനയില്‍ ഇന്ത്യ അതൃപ്തി അറിയിച്ചു. ഇത്തരത്തിലുള്ള പ്രസതാവന ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കുകയാണെന്ന് ആഭ്യന്തരസഹമന്ത്രി കിരണ്‍റിജ്ജു നിലപാട് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News