ക്യാപ്റ്റൻ കൂളും ഹിറ്റ്മാനും നേർക്കുനേർ; ഐപിഎൽ ഉദ്ഘാടന മത്സരത്തിൽ മുംബൈയും പുണെ സൂപ്പർ ജയന്റ്‌സും ഏറ്റുമുട്ടും

മുംബൈ: ഐപിഎൽ 9-ാം സീസണിന്റെ ഉദ്ഘാടന മത്സരത്തിൽ ഇന്ന് മുംബൈ ഇന്ത്യൻസും പുണെ സൂപ്പർ ജയന്റ്‌സും ഏറ്റുമുട്ടും. നിലവിലെ ചാമ്പ്യൻമാരാണ് മുംബൈ. ഏറെക്കുറെ കഴിഞ്ഞ വർഷത്തെ ഇലവനെ നിലനിർത്താനാണ് മുംബൈ ശ്രമിച്ചിട്ടുള്ളത്. നിലവിലെ ചാമ്പ്യൻമാർ എന്ന സമ്മർദം മുംബൈക്ക് അതിജീവിക്കേണ്ടിയിരിക്കുന്നു. സ്വന്തം നാട്ടിലാണ് മത്സരം നടക്കുന്നതെന്നത് മുംബൈക്ക് പ്ലസ് പോയിന്റാണ്. പുണെ റൈസിംഗ് സൂപ്പർ ജയന്റ്‌സിനിത് അരങ്ങേറ്റ ടൂർണമെന്റാണ്. വാതുവെപ്പ് വിവാദത്തെ തുടർന്ന് സസ്‌പെൻഡ് ചെയ്ത ചെന്നൈ സൂപ്പർ കിംഗ്‌സിനു പകരം വന്ന ടീമാണ് പുണെ. ചെന്നൈയുടെ പുണെ എന്നു വേണമെങ്കിലും പറയാം. ധോണിയുടെ നായകത്വത്തിൽ ഒരുങ്ങുന്ന ടീമിൽ ഏറെക്കുറെ ചെന്നൈയിലെ താരങ്ങൾ തന്നെയാണ്.

ശക്തി ദൗർബല്യങ്ങളുടെ കണക്കിൽ മുംബൈ തന്നെയാണ് മുന്നിൽ. മധ്യനിരയിലേക്ക് ജോസ് ബട്‌ലർ കൂടി എത്തിയിട്ടുണ്ട്. ഇത് ടീമിനെ അടിമുടി മാറ്റിമറിക്കും. തകർപ്പനടിക്കാരായ പൊള്ളാർഡിന്റെയും റായുഡുവിന്റെയും സമ്മർദം കുറയ്ക്കാൻ ബട്‌ലറിന് കഴിയും. ഹിറ്റ്മാനെന്ന് വിളിപ്പേരുള്ള രോഹിതിന്റെ പ്രകടനമാകും മുംബൈ ഇന്നിംഗ്‌സിന്റെ കരുത്ത്. രോഹിതിന്റെ കരുത്തുറ്റ ക്യാപ്റ്റൻസി മുംബൈക്ക് മുതൽകൂട്ടാണ്. നിലവിലെ ചാമ്പ്യൻമാരെന്ന സമ്മർദവും മുംബൈക്ക് ഉണ്ടാകും. കൊറി അൻഡേഴ്‌സണും ലെൻഡി സിമൺസും രോഹിതിന്റെ പ്രധാന ആയുധങ്ങളാണ്.

9-ാം സീസണിലെ പുതുമുഖങ്ങളിൽ പ്രമുഖരാണ് പുണെ. ശ്രദ്ധാകേന്ദ്രം ഇന്ത്യൻ നായകൻ മഹേന്ദ്ര സിംഗ് ധോണി തന്നെ. മൂന്ന് തന്ത്രശാലികളായ ക്യാപ്റ്റൻമാർ ടീമിലുണ്ടെന്നതാണ് ഇവരെ വ്യത്യസ്തരാക്കുന്നത്. മഹിക്കൊപ്പം സ്റ്റീവ് സ്മിത്തും, ഡുപ്ലെസിസും ചേരും. പഴയ ഐപിഎൽ കണ്ടുപിടുത്തമായ സസൗരഭ് തിവാരിയും ഇംഗ്ലീഷ് താരം കെവിൻ പീറ്റേഴ്‌സണും അജിൻക്യ രഹാനെയുമെല്ലാം ചേർന്ന് വിശ്വസിക്കാവുന്ന ഒരു ബാറ്റിംഗ് നിരയുണ്ട് ടീമിന്. അശ്വിൻ ചെന്നൈയിൽ എന്നപോലെ പുനെയിലും ധോണിയുടെ വിശ്വസ്തനായി ടീമിലുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News