യുഡിഎഫിനെ വെട്ടിലാക്കി തൃക്കരിപ്പൂരിലും വിമതൻ; ജെയിംസ് പന്തൻമാക്കൽ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചു; വിമതഭീഷണി എങ്ങനെ മറികടക്കുമെന്നറിയാതെ യുഡിഎഫ്

കാസർഗോഡ്: സ്ഥാനാർത്ഥി പ്രഖ്യാപനം തീരുന്നതിനു മുമ്പേ തുടങ്ങിയ വിമതഭീഷണി ഇനിയും കോൺഗ്രസിനെ വിട്ടുമാറുന്നില്ല. തൃക്കരിപ്പൂർ മണ്ഡലത്തിലും വിമത സ്ഥാനാർത്ഥി മത്സരരംഗത്ത്. ഈസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് വൈസ്പ്രസിഡണ്ടും വിമതവിഭാഗം കോൺഗ്രസ് നേതാവുമായ ജെയിംസ് പന്തൻമാക്കലിന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചു. ചിറ്റാരിക്കാലിൽ നടന്ന കൺവെൻഷനിലാണ് സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്. കെപിസിസി ജനറൽസെക്രട്ടറി കെ.പി കുഞ്ഞിക്കണ്ണനാണ് തൃക്കരിപ്പൂരിൽ യുഡിഎഫ് സ്ഥാനാർഥി.

കാസർഗോഡ് ജില്ലയിൽ കോൺഗ്രസിന്റെ കുത്തകയായിരുന്ന ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിൽ ചരിത്രത്തിൽ ആദ്യമായി കോൺഗ്രസിന് ഭരണം നഷ്ടമായ കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിലാണ് വിമതനായി ജെയിംസ് വെല്ലുവിളി ഉയർത്തിയത്. ജെയിംസിനൊപ്പം നിന്ന ആയിരക്കണക്കിന് കോൺഗ്രസ് പ്രവർത്തകരുടെ സഹായത്തോടെ വിമതവിഭാഗം പഞ്ചായത്ത് ഭരണം പിടിക്കുകയായിരുന്നു. മുൻപ് 16 ൽ 14 സീറ്റും നേടിയിരുന്ന കോൺഗ്രസിന് ഇത്തവണ ലഭിച്ചത് ഒരു സീറ്റ് മാത്രമായിരുന്നു. ഒറ്റയ്ക്ക് 10 സീറ്റ് പിടിച്ചെടുത്തു പഞ്ചായത്ത് ഭരണം വിമത വിഭാഗം സ്വന്തമാക്കി. സിപിഐഎംന് 4 സീറ്റ് ലഭിച്ചപ്പോൾ യുഡിഎഫ് 2 സീറ്റിൽ ഒതുങ്ങി.

7000 ഓളം വോട്ടുകൾ നേടിയ വിമതവിഭാഗത്തിന് രണ്ട് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളെയും ലഭിച്ചു. ഈ കരുത്തിലാണ് തൃക്കരിപ്പൂരിൽ ജനകീയ വികസന മുന്നണിയുടെ പേരിൽ ജെയിംസിന്റെ മത്സരം. കെ.പി കുഞ്ഞിക്കണ്ണന്റെ പരാജയം ഉറപ്പിക്കലാണ് വിമതവിഭാഗത്തിന്റെ ലക്ഷ്യം. മണ്ഡലത്തിലെ മറ്റു പഞ്ചായത്തുകളിലെ അസംതൃപ്തരായ കോൺഗ്രസ്-യുഡിഎഫ് അനുഭാവികളുടെയും പ്രവർത്തകരുടെയും പിന്തുണ വിമത വിഭാഗം ലക്ഷ്യമിടുന്നു. ജെയിംസിനെ മത്സരത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ കെ.പി കുഞ്ഞിക്കണ്ണൻ ഉൾപ്പടെ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കാസർകോട് ജില്ലയിലെ വിമത കോൺഗ്രസ് പ്രവർത്തകരെ ഏകോപിപ്പിക്കാനുള്ള ശ്രമവും ജയിംസ് ആരംഭിച്ചിട്ടുണ്ട്. ഇതുവരെ എൽഡിഎഫ് മാത്രം വിജയിച്ചിട്ടുള്ള തൃക്കരിപ്പൂരിൽ സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം.രാജഗോപാലനാണ്
എൽഡിഎഫ് സ്ഥാനാർഥി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here