ബ്രസൽസ്: കഴിഞ്ഞ നവംബറിൽ പാരിസിലുണ്ടായ ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച ഇസ്ലാമിക് സ്റ്റേറ്റ് ഭീകരൻ പിടിയിലായി. ബ്രസൽസിൽ വച്ചാണ് മുഹമ്മദ് അബ്രീനിയെ പിടികൂടിയത്. കഴിഞ്ഞ മാസം ബ്രസൽസ് വിമാനത്താവളത്തിലും മെട്രോ സ്‌റ്റേഷനിലും ഉണ്ടായ ആക്രമണത്തഡിലും ഇയാൾക്ക് പങ്കുണ്ടെന്നാണ് കരുതുന്നത്.
മാർച്ച് 22ന് ആക്രമണം നടന്ന ബ്രസൽസ് വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അബ്രീനിയെ അറസ്റ്റ് ചെയ്തത്. സിസിടിവി ദൃശ്യങ്ങളിൽ തൊപ്പി ധരിച്ച വ്യക്തിയെന്ന് സംശയിക്കുന്നത് ഇയാളാണെന്നാണ് അധികൃതർ പറയുന്നത്. 31 കാരനായ അബ്രീനി ബ്രസൽസ് സ്വദേശിയാണ്. എന്നാൽ, അബ്രീനിക്ക് ആക്രമണവുമായി നേരിട്ട് ബന്ധമുണ്ടോ എന്ന കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഒസാമ കെ എന്നു പേരുള്ള മറ്റൊരാളെ കൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്. ചാവേറായി പൊട്ടിത്തെറിച്ച ഖാലിദ് അൽ ബക്രോയിക്ക് വേണ്ട സഹായങ്ങൾ ചെയ്തു കൊടുത്തത് ഇയാളാണെന്നാണ് പറയപ്പെടുന്നത്.
അറസ്റ്റ് സ്ഥിരീകരിച്ചു കഴിഞ്ഞാൽ ഏറെ വിമർശനങ്ങൾ നേരിടുന്ന ബെൽജിയം സുരക്ഷാ സർവീസിന്റെ വലിയ നേട്ടമാകുമിത്. നവംബറിൽ പാരിസിലുണ്ടായ ആക്രമണത്തിൽ 130 പേരുടെ ജീവനാണ് നഷ്ടമായത്. ബ്രസൽസിലുണ്ടായ ഇരട്ട ആക്രമണങ്ങളിൽ 32 പേർ കൊല്ലപ്പെട്ടിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here