ദില്ലിയിൽ 30കാരനെ കാറിടിച്ചു കൊന്ന കൗമാരക്കാരന്റെ പിതാവ് അറസ്റ്റിൽ; കുറ്റം ചെയ്യാൻ പ്രേരിപ്പിച്ചെന്നു കേസ്; കൗമാരക്കാരനെതിരെ കുറ്റകരമായ നരഹത്യക്ക് കേസ്

ദില്ലി: കഴിഞ്ഞ ദിവസം നഗരത്തിൽ റോഡ് ക്രോസ് ചെയ്യുകയായിരുന്ന 30 കാരൻ അമിതവേഗതയിൽ വന്ന ബെൻസ് ഇടിച്ചു മരിച്ച സംഭവത്തിൽ ആദ്യത്തെ അറസ്റ്റ്. വാഹനമോടിച്ച കൗമാരക്കാരന്റെ പിതാവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കുറ്റം ചെയ്യാൻ പ്രേരിപ്പിച്ചു എന്നാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്. കൗമാരക്കാരനെതിരെ കുറ്റകരമായ നരഹത്യക്കും കേസെടുത്തു. പ്രതി നിരന്തരമായി ഇത്തരത്തിൽ അപകടം ഉണ്ടാക്കുന്നയാളാണ് എന്നു കണ്ടെത്തിയാണ് കൗമാരക്കാരനെതിരെ നരഹത്യക്ക് കേസെടുത്തിട്ടുള്ളത്. ഇന്നലെ മാത്രം 18 വയസ്സു തികഞ്ഞ കൗമാരക്കാരനെ കേസിൽ വീണ്ടും ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ എടുക്കുമെന്ന് പൊലീസ് അറിയിച്ചു.

ഇതേസ്ഥലത്തു വച്ച് കൗമാരക്കാരനായ ഡ്രൈവർ ഇതിനു മുമ്പും സമാനരീതിയിൽ അപകടം ഉണ്ടാക്കിയിട്ടുണ്ടെന്നു കണ്ടതിനെ തുടർന്നാണ് പൊലീസിന്റെ നടപടി. ആ സമയം അപകടത്തിനിരയായ ആളുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി. അച്ഛനെയും മകനെയും പൊലീസ് കേസിൽ പ്രതി ചേർത്തേക്കും. ഐപിസി 109, 304/2 എന്നീ വകുപ്പുകൾ പ്രകാരമാണ് അച്ഛനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തിട്ടുള്ളത്. DL 2F CM 3000 എന്ന നമ്പറിലുള്ള എസ് ക്ലാസ് മെഴ്‌സിഡൻസ് ബെൻസ് മൂന്നു തവണ അമിതവേഗതയിൽ ഓടിച്ച് അപകടം ഉണ്ടാക്കിയിട്ടുണ്ടെന്ന് ട്രാഫിക് പൊലീസ് അറിയിച്ചു. മാർച്ചിലും അമിതവേഗതയ്ക്ക് നോട്ടീസ് അയച്ചിരുന്നെങ്കിലും ഇവർ കൈപ്പറ്റിയില്ല.

തിങ്കളാഴ്ച രാത്രി എട്ടേമുക്കാലോടെയാണ് സംഭവം. മുപ്പതുകാരനായ സിദ്ധാർഥ് ശർമയാണ് മരിച്ചത്. ദില്ലിയിലെ പ്രമുഖ വ്യവസായിയുടെ മകൻ അടക്കം ആറു വിദ്യാർഥികളാണ് കാറിലുണ്ടായിരുന്നത്. സിദ്ധാർഥിനെ ഇടിക്കുമ്പോൾ കാർ മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിലായിരുന്നു. വൈകിട്ട് പാർട്ടി കഴിഞ്ഞു മടങ്ങുകയായിരുന്നു വിദ്യാർഥികൾ. സിദ്ധാർഥിനെ ഇടിച്ചിട്ടശേഷം നിർത്താൻ ശ്രമിച്ചകാറിന്റെ ടയറുകൾ പൊട്ടി. നിന്ന കാറിൽനിന്നു വിദ്യാർഥികൾ ഓടിരക്ഷപ്പെട്ടു. പിന്നീട് പൊലിസ് നടത്തിയ അന്വേഷണത്തിൽ രാത്രിതന്നെ അറസ്റ്റിലായി. മകനെ രക്ഷിക്കാനായി തന്റെ ഡ്രൈവറാണ് കാർ ഓടിച്ചിരുന്നതെന്നു വരുത്തിതീർക്കാൻ ബിസിനസുകാരന്റെ ശ്രമം നടന്നിരുന്നു. എന്നാൽ പൊലീസിന്റെ ചോദ്യംചെയ്യലിൽ അതു പൊളിയുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here