കുടുംബങ്ങളെ വിളിച്ചുകയറ്റും; പരീക്ഷണങ്ങളോ വേറിട്ട കാഴ്ചാനുഭവങ്ങളോ ഇല്ലെങ്കിലും തിയേറ്ററില്‍ ഫീല്‍ ഗുഡ് അനുഭവമാകും ജേക്കബിന്റെ സ്വര്‍ഗരാജ്യം

വിനീത് ശ്രീനിവാസന്‍- നിവിന്‍ പോളി കൂട്ടുകെട്ടിന്റെ മൂന്നാമത്തെ ചിത്രമാണ് ജേക്കബിന്റെ സ്വര്‍ഗരാജ്യം. മലര്‍വാടി ആര്‍ട്‌സ് ക്ലബ്, തട്ടത്തിന്‍ മറയത്ത് എന്നീ വിജയ സിനിമകള്‍ക്കിപ്പുറം ഏറെ നാളുകള്‍ ശേഷമാണ് ഇവര്‍ ഒന്നിച്ചിരിക്കുന്നത്. നിവിന്‍- വിനീത് കൂട്ടുകെട്ടിലുള്ള പ്രേക്ഷകരുടെ വിശ്വാസവും, നിവിന്‍ പോളി സിനിമകളുടെ തുടര്‍ വിജയങ്ങളും വിഷു റിലീസുകളില്‍ ഏറ്റവും ശ്രദ്ധേയമായ സിനിമയായി ജേക്കബിന്റെ സ്വര്‍ഗരാജ്യത്തെ മാറ്റി. വിജയ ചിത്രങ്ങളുടെ സമവാക്യങ്ങള്‍ നന്നായറിയുന്ന സംവിധായകനാണെന്നും താനെന്ന് വിനീത് ഈ സിനിമയിലൂടെ വീണ്ടും തെളിയിക്കുന്നു.

പുതുമയുള്ള പരീക്ഷണങ്ങളോ, വേറിട്ട കാഴ്ച്ചാനുഭവങ്ങളോ സമ്മാനിക്കുന്നില്ലെങ്കിലും അമിത പ്രതീക്ഷകളില്ലാതെ തീയേറ്ററിലെത്തുന്ന പ്രേക്ഷകര്‍ക്ക് ഒരു ഫീല്‍ ഗുഡ് അനുഭവം നല്‍കാന്‍ കഴിയുന്നുണ്ട് ചിത്രത്തിന്. കണ്ട് മറന്നതോ, ആവര്‍ത്തിക്കുന്നതോ ആയ കുടുംബ കഥയെ ആഖ്യാനത്തിലെ സവിശേഷതകള്‍ കൊണ്ടും, വൈകാരികതയുള്ള കുടുംബ പശ്ചാത്തലങ്ങള്‍ നിറച്ചും അവധിക്കാല സിനിമകളിലെ ഫാമിലി എന്റര്‍ടെയ്‌നര്‍ ഗണത്തിലേക്കെത്തിക്കും സിനിമയെ. തന്റെ തന്നെ കൂട്ടുകാരന്റെ കുടുംബത്തിന് അഭിമുഖീകരിക്കേണ്ടി വന്ന പ്രശ്‌നങ്ങളും അവരുടെ യഥാര്‍ത്ഥ ജീവിതാനുഭവങ്ങളുമാണ് ഈ സിനിമയിലൂടെ പറയുന്നതെന്ന് വിനീത് നേരത്തേ വ്യക്തമാക്കിയിരുന്നു.

ഗള്‍ഫ് മലയാളിയും പ്രമുഖ സ്റ്റീല്‍ വ്യവസായിയുമായ ജേക്കബിന്റെയും കുടുംബത്തിന്റെയും ജീവിതത്തിന്റെ വിവരണമാണ് സിനിമ. തന്റെ കുടുംബത്തെ മറ്റേതിലും വലുതായി കാണുകയും അവര്‍ക്കു വേണ്ടി ജീവിക്കുകയും ചെയ്യുന്ന ജേക്കബ് എന്ന കുടുംബനാഥനായി, ടൈറ്റില്‍ റോളില്‍ രഞ്ജി പണിക്കറെത്തുന്നു. അദ്ദേഹത്തിന്റെ പത്‌നിയായ ഷെര്‍ളിയായെത്തുന്നത് ലക്ഷ്മി രാമകൃഷ്ണനാണ്. മൂന്ന് ആണ്‍ കുട്ടികളും ഒരു പെണ്‍കുട്ടിയുമടങ്ങുന്ന കുടുംബത്തിലെ ആഢംബരം നിറഞ്ഞതും സന്തോഷകരവുമായ ജീവിത വഴികള്‍ക്കിടയില്‍ ചില പ്രതിസന്ധികളെ അഭിമുഖീകരിക്കുന്നു.

ബിസിനസ്സില്‍ യാദൃച്ഛികമായി അഭിമുഖീകരിക്കേണ്ടി വന്നൊരു പാളിച്ചയുണ്ടാക്കുന്ന മാറ്റങ്ങളും അതിനെ മറികടക്കാന്‍ അവര്‍ നടത്തുന്ന ശ്രമങ്ങളുമാണ് സിനിമയുടെ ഉള്ളടക്കം. മുന്‍ ചിത്രങ്ങളിലെ മികച്ച വേഷങ്ങളിലൂടെ മലയാളത്തിലെ ശ്രദ്ധേയനായ അഭിനേതാവായിരിക്കുന്നു രഞ്ജി പണിക്കര്‍. ഇതു വരെ ചെയ്തവയിലും മികച്ചൊരു വേഷമാണ് രഞ്ജി സിനിമയില്‍ കൈകാര്യം ചെയ്തിരിക്കുന്നത്. നല്ല കയ്യൊതുക്കത്തോടെ ജേക്കബ് എന്ന വ്യവസായിയെ അവതരിപ്പിക്കുകയും സംഭാഷണങ്ങളില്‍ പോലും അതിസൂക്ഷ്മായി വികാരങ്ങളെ പ്രതിഫലിപ്പിക്കാനും കഴിഞ്ഞിട്ടുണ്ട് അദ്ദേഹത്തിന്.

ജേക്കബിന്റെ മൂത്തമകനായ ജെറിയെ നിവിന്‍ പോളിയും നന്നായി അവതരിപ്പിച്ചു. സ്റ്റീരിയോ ടൈപ്പ് ന്യൂജെന്‍ കോളേജ് നായകനില്‍നിന്നും വഴിമാറി നടക്കാനുള്ള ഈ നടന്റെ ആത്മാര്‍ത്ഥമായ ശ്രമങ്ങളും നമുക്കീ ചിത്രത്തില്‍ കാണാം. തുടര്‍വിജയങ്ങള്‍ നല്‍കുന്ന ആത്മവിശ്വാസങ്ങള്‍ക്കിടയിലും കഥാപാത്രങ്ങളുടെ തെരെഞ്ഞെടുപ്പില്‍ നിവിന്‍ പുലര്‍ത്തുന്ന ജാഗ്രതയുടെ കൂടി വിജയങ്ങളാണ് അയാളെ തേടിയെത്തുന്നത്.

അപ്രതീക്ഷിതമായി നേരിടേണ്ടി വന്ന സാമ്പത്തിക പ്രയാസങ്ങള്‍ മറികടക്കാനും കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാനും ബിസിനസ് വഴികള്‍ തെരെഞ്ഞെടുക്കുന്ന കഥാപാത്രത്തെ ഏറെക്കുറെ മികച്ചതാക്കാന്‍ കഴിഞ്ഞു നിവിന്. എങ്കിലും പ്രതിസന്ധികള്‍ മറികടക്കാന്‍ നടത്തുന്ന നായകന്റെ പരിശ്രമങ്ങള്‍ ചിലപ്പോഴെല്ലാം വിശ്വസനീയമായും യുക്തി ഭദ്രമായും അനുഭവപ്പെടുന്നില്ലാ. സിനിമയിലെ തന്റെ ഈ വേഷം വിനീതിനോട് ചോദിച്ച് വാങ്ങിയതാണെന്ന് നേരത്തേ നിവിന്‍ പോളി വെളിപ്പെടുത്തിയിരുന്നു. കഥാപാത്രത്തിലെ നന്മ കണ്ടായിരുന്നു ഈ തീരുമാനം.

ഏതായാലും ആ തെരെഞ്ഞെടുപ്പിനെ ന്യായീകരിക്കാന്‍ പറ്റുന്ന പ്രകടനം കാഴ്ച വയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ട് നിവിന്. ഷേര്‍ളിയായെത്തിയ ലക്ഷ്മി ചില ഘട്ടങ്ങളില്‍ പ്രകടിപ്പിക്കുന്ന ആത്മവിശ്വാസം മികച്ചതായിരുന്നെങ്കിലും ചിലയിടങ്ങളില്‍ യുക്തിരഹിതങ്ങളായ അമിതാത്മവിശ്വാസ പ്രകടനങ്ങളായും മാറിപ്പോകുന്നു. പ്രധാനപ്പെട്ട
ബിസിനസ് ഡീലിനിടയില്‍ സിഗരറ്റ് പുകയ്ക്കുന്നതിന്റെ പേരില്‍ കമ്പനിയുടമയോടൊക്കെ കയര്‍ത്ത് സംസാരിക്കുന്നതും മറ്റും ചെയ്യുന്നതു സന്ദര്‍ഭത്തോടു നീതി പുലര്‍ത്തുന്നില്ല. പക്ഷേ സിനിമയിലാകെ ഷേര്‍ളി എന്ന പ്രധാന കഥാപാത്രത്തെ ആയാസമേതുമില്ലാതെ കൈകാര്യം ചെയ്യാനും മികച്ചതാക്കാനും കഴിഞ്ഞു ലക്ഷ്മി രാമകൃഷ്ണന്.

ചിപ്പി എന്ന നായികയെ അവതരിപ്പിച്ചിരിക്കുന്നത് റെബാ മോണിക്കാ ജോണ്‍ ആണ്. രണ്ടോ മൂന്നോ സീനുകളില്‍ പ്രത്യക്ഷപ്പെടുന്നതിനപ്പുറം നായികയ്ക്ക് ചിത്രത്തില്‍ വലിയ സംഭാവനകളേതും നല്‍കാനില്ല. കുറച്ചുകൂടി ശ്രദ്ധേയമായ വേഷമായി അനുഭവപെടുന്നത് ജെറിയുടെ സഹോദരി അമ്മുവായി വേഷമിട്ട ഐമാ സെബാസ്റ്റനാണ്. ജേക്കബിന്റെ കാര്യ ഗൗരവങ്ങളേതുമില്ലാത്ത മകനായ എബിനായി ശ്രീനാഥ് ഭാസിയും പരിമിതികളെതുമില്ലാതെ തന്റെ റോള്‍ ഭംഗിയാക്കി.

മറ്റു പ്രധാന വേഷങ്ങളിലെത്തിയ നടന്മാരും വിശ്വസിച്ചേല്‍പ്പിച്ച വേഷങ്ങള്‍ പരിക്കുകളേതുമില്ലാതെ കൈകാര്യം ചെയ്തു. സായ് കുമാറിന്റെ ഫിലിപ്പ് അച്ചായനും, ടി.ജി രവിയുടെ ഡ്രൈവര്‍ കഥാപാത്രവും അശ്വിന്‍ കുമാറിന്റെ പ്രതിനായക സ്വഭാവമുള്ള മുരളിയും കഥയുടെ മുന്നോട്ടുള്ള വഴികളില്‍ പിന്തുണയേകുന്നു.

മികച്ച സാങ്കേതിക മികവോടെയാണ് ചിത്രം പുറത്തിറങ്ങിയിരിക്കുന്നത്. ഏതാണ്ട് പൂര്‍ണ്ണമായും ദുബായില്‍ ചിത്രീകരിച്ചിരിക്കുന്ന സിനിമ അവിടുങ്ങളിലെ ദൃശ്യങ്ങളുടെ സൗന്ദര്യത്തെ മനോഹരമായി പ്രേക്ഷകരിലെത്തിക്കുന്നു. മലയാളി പ്രേക്ഷകര്‍ക്ക് ഏറ്റവും മികച്ച കാഴ്ച്ചാനുഭവം നല്‍കുന്ന ക്യാമറയാണ് ജോമോനിന്റേത്. ജോമോന്റെ ദൃശ്യ പരിചരണമാണ് ഈ സിനിമയുടെയും പ്രധാന ആകര്‍ഷണം. പശ്ചാത്തല സംഗീതമൊരുക്കിയ ഷാന്‍ റഹ്മാനും ചിത്രത്തിന്റെ മുന്നോട്ടുള്ള പോക്കിന് സഹായകരമായിട്ടുണ്ട്.

പക്ഷേ സിനിമയിലെ ഗാനങ്ങള്‍ വേണ്ടത്ര മികച്ചവയായിരുന്നില്ല. രഞ്ജന്‍ എബ്രഹാം ആണ് ചിത്രത്തിന്റെ എഡിറ്റിങ്ങ് നിര്‍വഹിച്ചിരിക്കുന്നത്. എടുത്ത് പറയാവുന്ന മറ്റൊന്ന് സമീറാ സനീഷിന്റെ വസ്ത്രാലങ്കാരമാണ്. ബിഗ് ബാങ്ങ് എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ നോബിള്‍ ബാബു തോമസാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്.

മുന്‍ വിനീത് ശ്രീനിവാസന്‍ സിനിമകളില്‍ നിന്നും വ്യത്യസ്തമായ പ്രമേയമാണ് ഈ സിനിമയില്‍ കൈകാര്യം ചെയ്യുന്നത്. കുടുംബ പ്രേക്ഷകരെ തീയേറ്ററിലെത്തിക്കാനുള്ള സംവിധായക കുശലതയും നമുക്ക് കാണാം ചിത്രത്തില്‍. ആദ്യ പകുതിയില്‍ കുടുംബ ബന്ധങ്ങളുടെ ഇഴയടുപ്പങ്ങളും അവയുടെ വൈകാരികതലങ്ങളും സ്പര്‍ശിച്ച് കടന്ന് പോകുന്ന ചിത്രം രണ്ടാം പകുതിയിലാണ് നായക കേന്ദ്രീകൃത വിവരണത്തിലേക്കെത്തിച്ചേരുന്നത്.

രണ്ടര മണിക്കൂറിനടുത്ത് ദൈര്‍ഘ്യമുള്ള ചിത്രത്തിലെ രണ്ടാം പകുതിയില്‍ ആസ്വാദനത്തിന്റെ ഒഴുക്കില്‍ ചിലയിടങ്ങളില്‍ മെല്ലെപ്പോക്ക് അനുഭവപ്പെട്ടേക്കാം. അത്രത്രോളം പുതുമയില്ലാത്ത കഥയില്‍ മെച്ചപ്പെട്ടൊരു തിരക്കഥയൊരുക്കാന്‍ വിനീതിന് കഴിഞ്ഞിട്ടുണ്ട്. മലയാളികളുടെ സ്വകാര്യ അഹങ്കാരങ്ങളെ തൃപ്തിപ്പെടുത്തി കയ്യടി നേടാനുതകുന്ന സംഭാഷണങ്ങളും ചിത്രത്തില്‍ നിറക്കുന്നു വിനീത്. പരീക്ഷണ സിനിമകള്‍ക്ക് പലപ്പോഴും വേഗത്തില്‍ തീയേറ്ററുകളില്‍ നിന്നും പിന്മാറേണ്ടി വരുമ്പോള്‍ ഭൂരിപക്ഷ കുടുംബ പ്രേക്ഷക തൃപ്തിയ്ക്കായുള്ള വാണിജ്യ ചേരുവകള്‍ ആവശ്യത്തിന് ചേര്‍ക്കുന്നു ചിത്രത്തില്‍. സസ്‌പെന്‍സുകളും,റ്റ്വിസ്റ്റുകളുമില്ലാതെ പതിഞ്ഞ താളത്തില്‍ മുന്നോട്ടു പോകുന്ന സിനിമയവസാനിക്കുമ്പോള്‍ നന്മകള്‍ക്കും, കുടുംബ ബന്ധങ്ങള്‍ക്കും പ്രാധാന്യം കല്പിക്കുന്ന പ്രേക്ഷകയുക്തിയെ തൃപ്തിപ്പെടുത്താന്‍ കഴിയുമെന്ന് നിസംശയം പറയാം. തങ്ങളുടെ വിജയചിത്രങ്ങളുടെ പട്ടികയില്‍ പുതിയ പേര് കൂടി ചേര്‍ക്കാം വിനീത്- നിവിന്‍ കൂട്ടുകെട്ടിന്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here