പത്രപ്രവര്‍ത്തകര്‍ക്കെതിരായ മുഖ്യമന്ത്രിയുടെ നടപടി കണ്ണില്‍പൊടിയിടാന്‍; മാനനഷ്ടക്കേസ് കൊടുത്ത ഉമ്മന്‍ചാണ്ടിക്കു കൈരളിയുടെ മറുപടി

സരിത എസ് നായരുടെ വിവാദകത്തുമായി ബന്ധപ്പെട്ട് കൈരളി ടിവിയിലെ രണ്ടു പത്രപ്രവര്‍ത്തകര്‍ക്കെതിരേ കേസു കൊടുത്ത മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നടപടി ജനങ്ങളുടെ കണ്ണില്‍പ്പൊടിയിടാനുള്ള തരംതാണ തട്ടിപ്പാണ്. തനിക്ക് അപകീര്‍ത്തി സൃഷ്ടിക്കുന്ന ഏതൊരു വാര്‍ത്തയ്‌ക്കെതിരേയും കേസു കൊടുക്കാനുള്ള ഉമ്മന്‍ ചാണ്ടിയുടെ മൗലികാവകാശത്തെ ഞങ്ങള്‍ മാനിക്കുന്നു. എന്നാല്‍, നിയമത്തിന്റെയോ നടപടിക്രമത്തിന്റെയോ കീഴ്‌വഴക്കത്തിന്റെയോ പിന്‍ബലമില്ലാത്ത ഉണ്ടയില്ലാവെടിയാണ് ഉമ്മന്‍ ചാണ്ടി ഉതിര്‍ത്തത്.

നിയമം അറിയാത്തയാളല്ല മുഖ്യമന്ത്രി. അല്ലെങ്കില്‍, നിയമം അറിയാവുന്ന നിരവധിപ്പേരുടെ പരിരക്ഷയും ഉപദേശവും അദ്ദേഹത്തിനുണ്ട്. ഒരു വാര്‍ത്ത അപകീര്‍ത്തികരമായിക്കണ്ടാല്‍ പ്രസ്തുത വാര്‍ത്ത തയാറാക്കിയ ആള്‍ക്കെതിരേയോ വാര്‍ത്താ വിഭാഗത്തിന്റെ മേധാവിക്കെതിരേയോ പത്രാധിപര്‍ക്കെതിരേയോ സ്ഥാപനത്തിന്റെ തലവനെതിരേയോ ആണ് കേസെടുക്കേണ്ടത്. എന്നാല്‍, തനിക്ക് അപമാനം സൃഷ്ടിച്ചുവെന്ന് മുഖ്യമന്ത്രി കരുതുന്ന വാര്‍ത്തയോട് ഒരു തരത്തിലും ബന്ധമില്ലാത്ത രണ്ടു മാധ്യമപ്രവര്‍ത്തകരുടെ പേരുകളാണ് മുഖ്യമന്ത്രി കേസിലേക്കു വലിച്ചിഴച്ചിരിക്കുന്നത്. ഈ രണ്ടു പേര്‍ അന്നു ഡ്യൂട്ടിയില്‍പ്പോലുമുണ്ടായിരുന്നില്ല. ഇക്കാരണം കൊണ്ടുതന്നെ മുഖ്യമന്ത്രിയുടെ നടപടി പുകമറ സൃഷ്ടിക്കലാണെന്ന് ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നു.

ഈ കേസ് തെളിയിക്കാനുള്ളതല്ല. കുറ്റാരോപിതരെ ശിക്ഷിപ്പിക്കാനുള്ളതല്ല. സ്വന്തം നിരപരാധിത്വം തെളിയിക്കാനുള്ളതുമല്ല. ഇതുകൊണ്ട് മുഖ്യമന്ത്രിക്ക് ഒരു പ്രയോജനമേയുള്ളൂ തെരഞ്ഞെടുപ്പു കാലത്ത് പറഞ്ഞുനടക്കാനുള്ള വക കിട്ടും. മുഖ്യമന്ത്രിയെന്ന പദവിയോടെങ്കിലും നീതിപുലര്‍ത്താന്‍ അദ്ദേഹം ഇത്തരമൊരു കേസിന്റെ കാര്യത്തിലെങ്കിലും ഗൗരവപൂര്‍ണ്ണമായ സമീപനം സ്വീകരിക്കണമായിരുന്നു. തന്റെ നിരപരാധിത്വം തെളിഞ്ഞുകാണാനാണ് അദ്ദേഹം ആഗ്രഹിച്ചിരുന്നതെങ്കില്‍ അടിസ്ഥാനനിയമപ്രക്രിയയെങ്കിലും അവലംബിക്കുമായിരുന്നു. അതല്ല, ഈ കേസ് തെരഞ്ഞെടുപ്പുകാലം മുന്‍നിര്‍ത്തിയുള്ള ഒരു ആചാരപ്രക്രിയയാണെങ്കില്‍, പിന്നെ ഞങ്ങള്‍ക്കൊന്നും പറയാനില്ല.

ജോണ്‍ ബ്രിട്ടാസ്
ചീഫ് എഡിറ്റര്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍
മലയാളം കമ്യൂണിക്കേഷന്‍സ് ലിമിറ്റഡ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News