തമിഴ്‌നാട്ടില്‍ തമിഴ് മാനില കോണ്‍ഗ്രസും ഇനി ജനക്ഷേമ മുന്നണിയുടെ ഭാഗം; സീറ്റ് വിഭജനം പൂര്‍ത്തിയായി; മുന്നണി 234 സീറ്റുകളില്‍ മത്സരിക്കും

ചെന്നൈ: തമിഴ്‌നാട്ടില്‍ മൂന്നാം മുന്നണി ശക്തിപ്പെടുന്നു. ഡിഎംഡികെ – ജനക്ഷേമ മുന്നണിക്കൊപ്പം തമിഴ് മാനില് കോണ്‍ഗ്രസ് സഖ്യകക്ഷിയായി ചേര്‍ന്നു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്നണി 234 സീറ്റുകളില്‍ മത്സരിക്കും. മുന്നണിയില്‍ സീറ്റ് വിഭജനവും പൂര്‍ത്തിയായിട്ടുണ്ട്. ചെന്നൈയ്ക്ക് സമീപം മാമന്തൂരില്‍ നടത്തിയ പൊതുറാലിയിലാണ് ജികെ വാസന്‍ നേതാവായ ടിഎംസിയെ സ്വീകരിച്ചത്.

ഡിഎംഡികെ – പിഡബ്ല്യൂഎഫ് ധാരണ അനുസരിച്ച് സിപിഐഎം, സിപിഐ എന്നീ ഇടതു പാര്‍ട്ടികളും വടുതലൈ ചിരുതൈകള്‍ കക്ഷി (വിസികെ)യും 25 സീറ്റുകളില്‍ വീതം മത്സരിക്കും. ഡിഎംഡികെ 104 സീറ്റുകളിലും എംഡിഎംകെ 29 സീറ്റുകളിലുമാണ് ജനവിധി തേടുന്നത്.

അഴിമതി മുക്തമായ സര്‍ക്കാരിനെയാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. തമിഴ്‌നാടിന് മേല്‍ ശക്തമായ മാറ്റങ്ങള്‍ വരുത്താന്‍ കഴിവുള്ള ചരിത്രമുന്നണിയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത് എന്ന് തമിഴ് മാനില കോണ്‍ഗ്രസ് നേതാവ് ജികെ വാസന്‍ പറഞ്ഞു. തമിഴ്‌നാട്ടിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവായിരുന്ന മൂപ്പനാരുടെ മകനും മുന്‍ കേന്ദ്രമന്ത്രിയുമാണ് ജികെ വാസന്‍.

ഡിഎംഡികെ നേതാവും നടനുമായ വിജയകാന്ത് ആണ് ജനക്ഷേമ മുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി. വൈകോയുടെ നേതൃത്വത്തിലുള്ള എംഡിഎംകെ, ടി തിരുമാവളന്റെ വിസികെ, സിപിഐഎം, സിപിഐ എന്നിവരാണ് പ്രമുഖ ഘടകകക്ഷികള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here