ബംഗാളിലും അസമിലും രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ; സൂര്യകാന്ത് മിശ്രയടക്കം പ്രമുഖർ മത്സരരംഗത്ത്; കനത്ത സുരക്ഷാസന്നാഹം

ദില്ലി: പശ്ചിമ ബംഗാൾ, അസം സംസ്ഥാനങ്ങളിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ. പശ്ചിമബംഗാളിലെ 31ഉം അസമിലെ 61ഉം മണ്ഡലങ്ങളിലേക്കാണ് രണ്ടാംഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. ഇരുസംസ്ഥാനങ്ങളിലും കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സിപിഐഎം സംസ്ഥാന സെക്രട്ടറി സൂര്യകാന്ത് മിശ്ര അടക്കമുള്ള പ്രമുഖരാണ് മത്സരരംഗത്തുള്ളത്.

പശ്ചിമബംഗാളിൽ പശ്ചിമ മേധനിപ്പൂർ ജില്ലയിലെ 13 മണ്ഡലങ്ങൾ, ബാങ്കുറയിൽ 9, ബർദ്വാൻ ജില്ലയിലെ 9 മണ്ഡലങ്ങളിലേക്കുമാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്. 163 സ്ഥാനാർത്ഥികൾ രണ്ടാംഘട്ടത്തിൽ ജനവിധി തേടുന്നു. 70 ലക്ഷം വോട്ടർമാർക്കാണ് സമ്മതിദാന അവകാശമുള്ളത്. പ്രതിപക്ഷ നേതാവും സിപിഐഎം സംസ്ഥാന സെക്രട്ടറിയുമായ സൂര്യകാന്ത് മിശ്ര നാരായൺഗഡ് മണ്ഡലത്തിൽ നിന്നും ജനവിധി തേടും. കഴിഞ്ഞ തവണ വിജയിച്ച സൂര്യകാന്ത് മിശ്ര തുടർച്ചയായ ആറാം തവണയാണ് മത്സരംഗത്ത്.

സഭംഗ് മണ്ഡലത്തിൽ നിന്നും മത്സരിക്കുന്ന മുതിർന്ന കോൺഗ്രസ് നേതാവ് മനസ് ബുനിയ, ബിജെപി സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷ് തുടങ്ങിയ പ്രമുഖരും ജനവിധി തേടുന്നുണ്ട്. ഏപ്രിൽ നാലിന് 18 മണ്ഡലങ്ങളിലേക്ക് നടന്ന ഒന്നാംഘട്ട വോട്ടെടുപ്പിൽ വ്യപകമായ ക്രമക്കേടുകൾ നടന്നതായി സിപിഐഎം ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

അസമിലെ 61 മണ്ഡലങ്ങളിലേക്കാണ് രണ്ടാംഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. 525 സ്ഥാനാർത്ഥികൾ മത്സരരംഗത്തുണ്ട്. മുൻ മുഖ്യമന്ത്രിയും അസം ഗണപരിഷത് നേതാവുമായ പ്രഫുല്ല മഹന്ത, കോൺഗ്രസിനു വേണ്ടി സംസ്ഥാന മന്ത്രിമാരായ രാകിബുൾ ഹുസൈൻ, ചന്ദൻ സർക്കാർ, നസറുൽ ഇസ്ലാം, എയുഡിഎഫ് തലവനും എംപിയുമായ ബദറുദ്ധീൻ അജ്മൽ, കോൺഗ്രസ് വിട്ട് ബിജെപിയിൽ എത്തിയ മുൻമന്ത്രി ഹിമന്ത ബിശ്വ ശർമ തുടങ്ങിയവരാണ് ജനവിധി തേടുന്ന പ്രമുഖർ. ഇതോടെ അസമിലെ വോട്ടെടുപ്പ് പൂർത്തിയാകും. കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഇരു സംസ്ഥാനങ്ങളിലും വോട്ടെടുപ്പിനായി ഏർപ്പെടുത്തിയിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here