അമിതവേഗക്കാർക്ക് പൂട്ടിടാൻ ഇനി ത്രീഡി ഹംപുകൾ; റോഡ് നിരപ്പാണെങ്കിലും മുമ്പിൽ ഹംപ് ഉണ്ടെന്നു തോന്നിപ്പിക്കും

ദില്ലി: അമിതവേഗക്കാർക്ക് പൂട്ടിടാൻ സർക്കാർ ഒരുങ്ങുന്നു. ഹംപ് ഇല്ലെങ്കിലും ഹംപ് ഉണ്ടെന്നു തോന്നിക്കുന്ന ത്രീഡി ഇല്യൂഷൻ ഹംപുകൾ സ്ഥാപിക്കാനാണ് ആലോചിക്കുന്നത്. ഹൈവേകളിലും ഗ്രാമീണ റോഡുകളിലും ഇത്തരം ത്രീഡി ഹംപുകൾ സ്ഥാപിക്കും. റോഡ് നിരപ്പായി കിടക്കുകയാണെങ്കിലും മുന്നിൽ ഹംപ് ഉണ്ടെന്നു തോന്നിക്കുന്ന ത്രീഡി പെയ്ന്റിംഗുകൾ വരയ്ക്കുകയാണ് രീതി. കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി, ത്രീഡി ഹംപുകൾ കൊണ്ടുവരാൻ എൻജിനീയറിംഗ് വിഭാഗത്തോടു ആവശ്യപ്പെട്ടിട്ടുണ്ട്. ത്രീഡി ഇല്യൂഷൻ സ്പീഡ് ബംപുകൾ സ്ഥാപിക്കാൻ ഗ്രാമവികസന മന്ത്രി വെങ്കയ്യനായിഡു ദേശീയപാതാ അതോറിറ്റിക്ക് നിർദേശം നൽകി.

അഹമ്മദാബാദിലെ റോഡുകളിൽ രണ്ടു കലാകാരൻമാർ ഇത്തരത്തിൽ ത്രീഡി പെയ്ന്റിംഗ് ചെയ്തത് വൻ വിജയമായിരുന്നു. ഇത് സോഷ്യൽമീഡിയയിൽ വൻ തരംഗമായതോടെയാണ് ഇക്കാര്യം രാജ്യത്താകെ റോഡുകളിൽ കൊണ്ടുവരാൻ ഗതാഗതമന്ത്രാലയം തീരുമാനിച്ചത്. 2014-ൽ അഹമ്മദാബാദിൽ റോഡപകടങ്ങളുടെ എണ്ണം 49,000 കടന്ന സാഹചര്യത്തിലായിരുന്നു രണ്ടു കലാകാരൻമാർ ഇത്തരത്തിൽ റോഡുകളിൽ ത്രീഡി ഹംപുകൾ വരച്ചത്. 2008-ൽ അമേരിക്കയിൽ ഇത്തരത്തിൽ 100 ജംഗ്ഷനുകളിൽ ത്രീഡി ഹംപുകൾ വരച്ചിരുന്നു.

എന്നാൽ, ഇത്തരത്തിൽ കൃത്രിമ ഹംപുകൾ വരച്ചുവയ്ക്കുമ്പോൾ ഇതുകാണുന്നവർ, ഒറിജിനൽ ഹംപ് കാണുമ്പോഴും വ്യാജൻ ആണെന്നു കരുതി വണ്ടി ഓടിച്ചു പോകാൻ നോക്കുകയും ഇത് അപകടം ഉണ്ടാക്കുകയും ചെയ്യുമോ എന്ന ആശങ്കയും ചിലരൊക്കെ ഉയർത്തുന്നുണ്ട്. എന്നാൽ, ആദ്യം ഇതൊന്നു പരീക്ഷിച്ചിട്ട് എന്തു ഫലം ഉണ്ടാക്കുമെന്നു പഠിക്കാം എന്നാണ് ഗതാഗതമന്ത്രാലയം പറയുന്നത്. ഇത്തരം എല്ലാ പെയ്ന്റിംഗുകളും ആളുകൾ പെട്ടെന്നു ബ്രേക്കിടുന്നത് ഒഴിവാക്കാനും മറ്റു വാഹനങ്ങളിൽ ഇടിക്കാനും കാരണമാകുമോ എന്നും ഗതാഗത മന്ത്രാലയത്തിനു കീഴിലെ സാങ്കേതികവിഭാഗം പരിശോധിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News