ബ്രസൽസിലെ സിസിടിവി ദൃശ്യങ്ങളിൽ കണ്ട തൊപ്പിക്കാരൻ മുഹമ്മദ് അബ്രീനി തന്നെ; ചോദ്യം ചെയ്യലിൽ അബ്രീനി ഇക്കാര്യം സമ്മതിച്ചു

ബ്രസൽസ്: ബ്രസൽസിൽ ഇരട്ട ചാവേർ ആക്രമണത്തിനു ശേഷം നടന്നു നീങ്ങുന്നതായി സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞ തൊപ്പിവച്ച ആൾ താൻ തന്നെയാണെന്ന് ഇന്നലെ അറസ്റ്റിലായ ഭീകരൻ മുഹമ്മദ് അബ്രീനി സമ്മതിച്ചു. അറസ്റ്റിലായ ശേഷം ചോദ്യം ചെയ്യലിലാണ് അബ്രീനി താൻ തന്നെയാണ് സിസിടിവി ദൃശ്യങ്ങളിലുള്ളതെന്ന് സമ്മതിച്ചത്. കഴിഞ്ഞ ദിവസമാണ് അബ്രീനിയെ ബ്രസൽസിൽ നിന്ന് അറസ്റ്റ് ചെയ്തത്. പാരിസ് ഭീകരാക്രമണത്തിലും ബ്രസൽസ് ഭീകരാക്രമണത്തിലും അബ്രീനിക്ക് പങ്കുണ്ടെന്നാണ് പൊലീസ് കരുതുന്നത്.

ഭീകരവാദ സംഘടനയിൽ ചേർന്ന് പ്രവർത്തിച്ചു, ഭീകരാക്രമണം നടത്തി എന്നീ കുറ്റങ്ങളാണ് അബ്രീനിക്കു മേൽ ചുമത്തിയിട്ടുള്ളത്. സംഭവസ്ഥലത്ത് താൻ ഉണ്ടായിരുന്നെന്ന് അബ്രീനി പൊലീസിനോടു സമ്മതിച്ചിട്ടുണ്ട്. അതിനുശേഷം ധരിച്ചിരുന്ന വസ്ത്രം ചവറ്റുകുട്ടയിലേക്ക് വലിച്ചെറിഞ്ഞതായും തൊപ്പി വിറ്റതായും ഇയാൾ സമ്മതിച്ചു. അബ്രീനിയെ കൂടാതെ അഞ്ചു പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ രണ്ടു പേരെ ചോദ്യം ചെയ്യലിനു ശേഷം വിട്ടയച്ചു. മറ്റു മൂന്നു പേർക്കെതിരെ ഭീകരവാദക്കുറ്റം ചുമത്തിയിട്ടുണ്ട്.

അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ഒസാമ കരിം എന്നയാൾ, ഖാലിദ് അൽ ബകറോയി എന്ന ചാവേറിന് സ്‌ഫോടനത്തിനു തൊട്ടുമുമ്പു വരെ സഹായങ്ങൾ ചെയ്തു കൊടുത്തതായി പൊലീസ് പറഞ്ഞു. സ്‌ഫോടക വസ്തുക്കൾ സൂക്ഷിക്കാൻ പെട്ടി വാങ്ങുമ്പോൾ ഷോപ്പിംഗ് മാളിലും ഒസാമ ഉണ്ടായിരുന്നു. കഴിഞ്ഞ നവംബറിൽ പാരിസിലുണ്ടായ ഭീകരാക്രമണത്തിൽ 132 പേരാണ് കൊല്ലപ്പെട്ടത്. ഇക്കഴിഞ്ഞ മാർച്ച് അവസാനം ബ്രസൽസിലുണ്ടായ ഇരട്ട ആക്രമണങ്ങളിൽ 32 പേരും കൊല്ലപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here