സർക്കാരിന്റെ ഒത്താശയോടെയാണ് അനുമതിയില്ലാതെ വെടിക്കെട്ട് നടന്നതെന്ന് കോടിയേരി ബാലകൃഷ്ണൻ; ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് പിണറായി വിജയൻ

കൊല്ലം: അനുമതി നൽകാതിരുന്നിട്ടും വെടിക്കെട്ട് നടന്നത് എങ്ങനെയാണെന്ന് അന്വേഷിക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ജില്ലാ കലക്ടർ അനുമതി നിഷേധിച്ച വെടിക്കെട്ടിനു ആരു ഇടപെട്ടാണ് മൗനാനുവാദം കൊടുത്തത്. അതിനു ഉന്നത അന്വേഷണം തന്നെ നടത്തണം. സിറ്റിംഗ് ജഡ്ജിയെ കൊണ്ടു തന്നെ അന്വേഷിപ്പിക്കണമെന്നും കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടു.

മരിച്ചവരുടെ കുടുംബാംഗങ്ങൾക്കുള്ള നഷ്ടപരിഹാരം ഇനിയും ഉയർത്തണം. പരുക്കേറ്റവരുടെ മുഴുവൻ ചെലവും സർക്കാർ വഹിക്കണം. അവർക്ക് ഇനി കുറേക്കാലം ജോലിക്ക് പോകാൻ സാധിക്കില്ല. അതുകൊണ്ട് പരുക്കേറ്റവരുടെ എല്ലാ കാര്യങ്ങളും സർക്കാർ ഏറ്റെടുക്കണമെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

ദുരന്തങ്ങളിൽ നിന്ന് അധികൃതർ പാഠം പഠിക്കുന്നില്ലെന്നതിനു തെളിവാണ് കൊല്ലം ദുരന്തമെന്ന് സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയൻ പ്രതികരിച്ചു. ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് സമഗ്ര അന്വേഷണം നടത്തണം. അനുമതി നൽകിയത് ആരാണെന്ന് അന്വേഷിക്കണം. സർക്കാരിന്റെ സുരക്ഷാവീഴ്ചയാണ് അപകടത്തിനു കാരണമെന്നും പിണറായി വിജയൻ പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here