ആറു പതിറ്റാണ്ടു മുമ്പ് ശബരിമലയില്‍ പൊലിഞ്ഞത് 68 പേര്‍; വെടിക്കെട്ടപകടങ്ങളില്‍ പൊലിഞ്ഞത് ആയിരത്തോളം ജീവന്‍; മലനടയും കണ്ടശാംകടവും ആലൂരും ത്രാങ്ങാലിയും കണ്ണീര്‍ ചിത്രങ്ങള്‍

തിരുവനന്തപുരം: ജനുവരി മുതല്‍ മേയ് വരെയുള്ള കാലമാണ് കേരളത്തില്‍ ഉത്സവങ്ങളുടേത്. ഓരോ ഉത്സവക്കാലങ്ങളും കേരളത്തിന് ബാക്കിവയ്ക്കുന്നത് കരിമരുന്നിന്റെ കണ്ണീര്‍ ചിത്രങ്ങളും. ഏതാണ്ടെല്ലാ വര്‍ഷവും സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ കരിമരുന്നു പ്രയോഗം അപകടങ്ങളില്‍ കലാശിച്ചിട്ടുണ്ട്. ഇക്കാലമത്രയും വെടിക്കെട്ടപകടങ്ങളില്‍ ആയിരത്തോളം പേര്‍ വെടിക്കെട്ടപകടങ്ങളില്‍ മരിച്ചതായാണു കണക്ക്. പത്തുവര്‍ഷത്തിനിടെ മാത്രം അഞ്ഞൂറു പേര്‍ മരിച്ചിട്ടുണ്ട്.

ഇന്നോളം കേരളത്തിലുണ്ടായ വെടിക്കെട്ടപകടങ്ങളില്‍ ഏറ്റവും നാശമുണ്ടാക്കിയതാണ് ഇന്നു പുലര്‍ച്ചെ കൊല്ലം പരവൂരില്‍ ഉണ്ടായത്. 1952-ല്‍ ശബരിമല ഉത്സവത്തിനിടെ പകലുണ്ടായ വെടിക്കെട്ടപകടത്തിലാണ് ഇതിനു മുമ്പ് കൂടുതല്‍ ആളുകള്‍ മരിച്ചത്. 1952 ജനുവരി 14നുണ്ടായ ദുരന്തത്തില്‍ മരിച്ചത് 68 പേര്‍. കണ്ണൂര്‍ തലശേരി ജഗന്നാഥ ക്ഷേത്രത്തിലെ വെടിക്കെട്ടു കണ്ടുകൊണ്ടു സമീപത്തെ റെയില്‍ ട്രാക്കില്‍ ഇരുന്ന 27 പേര്‍ ട്രെയിനിടിച്ചു മരിച്ചത് 1987ലായിരുന്നു. ഇതേ വര്‍ഷം തന്നെ തൃശൂര്‍ വേലൂരില്‍ വെള്ളാട്ടഞ്ചൂര്‍ കുട്ടന്മൂലി ക്ഷേത്രത്തില്‍ വെടിക്കെട്ടപകടത്തില്‍ ഇരുപതു പേരും മരിച്ചു. വടക്കാഞ്ചേരി ഉത്രാളിക്കാവ് പൂരത്തിനിടയില്‍ പല വര്‍ഷങ്ങളില്‍ വെടിക്കെട്ടു കാണാന്‍ വന്നിരുന്നവര്‍ ട്രെയിനിടിച്ചു മരിച്ചിട്ടുണ്ട്.

സംസ്ഥാനത്തുണ്ടായ മറ്റു പ്രധാന വെടിക്കെട്ടപകടങ്ങള്‍

  • 1978 – തൃശൂർ പൂരത്തോട് അനുബന്ധിച്ച് കുഴിയമിട്ട് ലക്ഷ്യം തെറ്റി ആൾക്കൂട്ടത്തിൽ പതിച്ചുണ്ടായ അപകടം. മരണം എട്ട്
  • 1982- കുളനട ക്ഷേത്രത്തിൽ വെടിക്കെട്ടപകടത്തിൽ 32 മരണം
  • 1984 – തൃശൂർ കണ്ടശ്ശംകടവ് പള്ളിപ്പെരുന്നാളിനിടെ വെടിക്കെട്ടപകടം. മരണം 20
  • 1987 – തൃശൂർ വേലൂരിൽ വെള്ളാട്ടഞ്ചൂർ കൂട്ടന്മൂലി ക്ഷേത്രത്തിലെ അപകടം. മരണം 20
  • 1987 – തലശേരി ജഗനാഥ ക്ഷേത്രത്തിലെ വെടിക്കെട്ട് കാണാൻ റെയിൽപാളത്തിൽ ഇരുന്നവർ ട്രെയിനിടിച്ച് മരിച്ചു. മരണം 27
  • 1988 – തൃപ്പൂണിത്തുറയിൽ കരിമരുന്നുപുരക്ക് തീപിടിച്ച് സ്ത്രീ ജോലിക്കാരടക്കം മരണം 10
  • 1989 – തൃശൂർ കണ്ടശ്ശംകടവ് പള്ളിയിൽ അഞ്ചു വർഷത്തിന് ശേഷം വീണ്ടും അപകടം. മരണം 12
  • 1990 – കൊല്ലം മലനടയിൽ പോരുവഴി പെരുവിരുത്തി ക്ഷേത്രത്തിലെ വെടിക്കെട്ട് ഷെഡ്ഡിലുണ്ടായ അപകടം. മരണം 26
  • 1997 – ചിയ്യാരം പടക്കനിർമാണശാലയിൽ പൊട്ടിത്തെറി. മരണം ആറ്
  • 1998 – പാലക്കാട് കഞ്ചിക്കോട് വെടിക്കോപ്പ് നിർമാണശാലയിൽ പൊട്ടിത്തറി. മരണം 13
  • 1999 – പാലക്കാട് തൃത്താല ആലൂരിൽ ചമ്മിണിക്കാവ് താലപ്പൊലി ഉത്സവത്തിനിടെ ഉണ്ടായ വെടിക്കെട്ടപകടം. മരണം എട്ട്
  • 2006 – തൃശൂർ പൂരത്തിന് തയാറാക്കിയിരുന്ന വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിക്കുന്നിടത്തുണ്ടായ അപകടം. മരണം ഏഴ്
  • 2009 – മാർച്ച് അഞ്ചിന് തൃത്താല മേഴത്തൂരിൽ വെടിക്കെട്ടുശാല കത്തി 7 മരണം
  • 2011- പാലക്കാട് ത്രാങ്ങാലിയിൽ വെടിക്കെട്ടപകടം- 13 മരണം (അപകടത്തിന്റെ ശക്തിയിൽ അടുത്തുള്ള റെയിൽവേ ട്രാക്കിലൂടെ കടന്നുപോയ ട്രെയിൻ കോച്ചിനു തകരാറുണ്ടായി. ട്രെയിനിന്റെ വാതിൽപടിയിൽ ഇരുന്നു യാത്രചെയ്തിരുന്ന ജാർഖണ്ഡ് സ്വദേശി കിഷൻ മരിക്കുകയും ചെയ്തു.)
  • 2013 – പാലക്കാട് ചെർപുളശേരി പന്നിയംകുറുശ്ശി കുളങ്കുന്നത്ത് പടക്കനിർമാണശാലയിലുണ്ടായ പൊട്ടിത്തെറി. മരണം ആറ്

ഉത്സവക്കാലത്ത് വല്ലപ്പോഴുമായിരുന്ന ദുരന്തം 2000നുശേഷം തുടർച്ചയാവുകയാണെന്ന് സർക്കാരിന്റെയും സ്വകാര്യ ഏജൻസികളുടെയും കണക്കുകൾ വ്യക്തമാക്കുന്നത്. 2005നു ശേഷം ഇത്തരം അപകടങ്ങളിൽ സംസ്ഥാനത്ത് ഇതുവരെ 400ഓളം പേർക്ക് ജീവൻ നഷ്ടപ്പെട്ടതായി തൃശൂർ പബ്ലിക് ഇന്ററസ്റ്റ് ഫോറം ശേഖരിച്ച കണക്കുകളിൽ പറയുന്നു. 2012ൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലായി വെടിക്കെട്ട് നിർമാണശാലകൾ കത്തി 118 പേർ മരിച്ചതായി സ്ഥിരീകരിക്കാത്ത കണക്കുമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel