ലക്ഷങ്ങള്‍ കൈപ്പറ്റിയിട്ട് സിനിമയില്‍ അഭിനയിച്ചില്ല; വഞ്ചനാ കേസില്‍ ഫഹദ് ഫാസിലിന് മുന്‍കൂര്‍ ജാമ്യം

ആലപ്പുഴ: കരാര്‍ പ്രകാരമുള്ള പണം കൈപ്പറ്റിയിട്ടും സിനിമയില്‍ അഭിനയിച്ചില്ലെന്ന കേസില്‍ ചലച്ചിത്രതാരം ഫഹദ് ഫാസിലിന് മുന്‍കൂര്‍ ജാമ്യം. സുനിത പ്രൊഡക്ഷന്‍സ് ഉടമ അരോമ മണി ഫയല്‍ചെയ്ത കേസില്‍ ആലപ്പുഴ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ആണ് ജാമ്യം അനുവദിച്ചത്.

‘അയ്യര്‍ ഇന്‍ പാക്കിസ്ഥാന്‍’ എന്ന ചിത്രത്തില്‍ നായകനാകാന്‍ പണം കൈപ്പറ്റിയ ഫഹദ് അഭിനയിക്കാന്‍ തയാറാകാതിരുന്നതിനെത്തുടര്‍ന്ന് തനിക്കു മൂന്നുകോടി രൂപ നഷ്ടം വന്നുവെന്ന് ആരോപിച്ച് അരോമ മണി തിരുവനന്തപുരം ജുഡീഷല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് മൂന്നാംകോടതിയില്‍ സ്വകാര്യ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി, കേസ് അന്വേഷിക്കാന്‍ പൊലീസിനു നിര്‍ദ്ദേശം നല്‍കി. തുടര്‍ന്നാണ് ഫഹദ് ആലപ്പുഴ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ആനി ജോണ്‍ മുമ്പാകെ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.

കഥപറഞ്ഞ് ഇഷ്ടപ്പെട്ടശേഷം സിനിമയില്‍ അഭിനയിക്കാമെന്ന് ഫഹദ് സമ്മതിച്ചു. തുടര്‍ന്ന് രണ്ട് ചെക്കുകളിലായി രണ്ട് ലക്ഷം വീതം നാലു ലക്ഷം രൂപ അഡ്വാന്‍സ് ആയി നല്‍കി. 2012ല്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ തിരുവനന്തപുരം ശാഖയുടെ 562080, 562081 എന്നീ നമ്പറുകളിലെ രണ്ട് ചെക്കുകളാണ് നല്‍കിയത്. 2012 ഡിസംബര്‍ 15 മുതല്‍ 2013 ജനുവരി 30 വരെ ചിത്രത്തിനായി സഹകരിക്കാമെന്നായിരുന്നു ഫഹദിന്റെ ഉറപ്പ്. ഇതിനിടയില്‍ സിനിയില്‍ തിരക്കേറിയതോടെ ഫഹദ് തഴഞ്ഞു. പലവട്ടം ഫഹദുമായി ബന്ധപ്പെട്ടെങ്കിലും പല കാരണങ്ങള്‍ പറഞ്ഞ് ചിത്രീകരണം നീട്ടിവെച്ചു എന്നും പരാതിയില്‍ ആരോപിക്കുന്നു. തിരക്കാണെന്നും ഡേറ്റ് നീട്ടണം എന്നും ഫഹദ് നേരിട്ട് ആവശ്യപ്പെട്ടു. ഫഹദിന്റെ വാക്കുകളില്‍ വിശ്വസിച്ച് കലാഭവന്‍ തിയേറ്ററില്‍ മുഖ്യമന്ത്രിയെ പങ്കെടുപ്പിച്ച് ചിത്രത്തിന്റെ പൂജയും നടത്തി. പിന്നീട് ചിത്രത്തില്‍ അഭിനയിക്കാന്‍ താത്പര്യമില്ലെന്ന് ഫഹദിന്റെ മാനേജര്‍ അറിയിച്ചു. ചിത്രം മുടങ്ങിയതോടെ ആര്‍ട്ടിസ്റ്റുകള്‍ക്കും ടെക്‌നീഷ്യന്മാര്‍ക്കും നല്‍കിയ ലക്ഷങ്ങളുടെ അഡ്വാന്‍സ് തുക നഷ്ടമായി. ഫഹദിന് നല്‍കിയ അഡ്വാന്‍സിനായി മൂന്നരവര്‍ഷമായി പിറകെ നടന്നുവെങ്കിലും ഫലം ഉണ്ടായില്ലെന്നുമാണ് ഫഹദിനെതിരെ അരോമ മണിയുടെ ആരോപണം.

നിര്‍മ്മാതാവിനെ പറ്റിച്ച് ലക്ഷങ്ങള്‍ കൈക്കലാക്കി; ഫഹദ് ഫാസിലിനെതിരെ തിരുവനന്തപുരം കോടതി കേസെടുത്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here