കൊല്ലം: പരവൂര്‍ വെടിക്കെട്ട് ദുരന്തത്തില്‍ ക്ഷേത്രത്തില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ അകലെ ബൈക്കില്‍ ഇരിക്കുകയായിരുന്ന യുവാവും മരിച്ചു. ജംഗ്ഷനില്‍ സുഹൃത്തുമൊത്ത് ബൈക്കില്‍ സംസാരിച്ചിരിക്കുകയായിരുന്ന ഇയാളുടെ ദേഹത്തേക്ക് കോണ്‍ക്രീറ്റ് ബീം തെറിച്ച് വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്തിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
രണ്ടു കിലോമീറ്റര്‍ അകലത്തില്‍ സ്‌ഫോടനത്തിന്റെ ആഘാതമുണ്ടായിരുന്നു. ഒരു കിലോമീറ്റര്‍ അകലെവരെ തീ പടര്‍ന്നു. ഇത്രയും ദൂരത്തിലുള്ള ഫഌ്‌സ് ബോര്‍ഡുകളും കത്തി നശിച്ചു. കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ ഒന്നര കിലോമീറ്റര്‍ ദൂരേയ്ക്ക് വരെ വന്നുവീണ് നിരവധി ആള്‍ക്കാര്‍ക്കാണ് പരുക്കേറ്റത്.
90ശതമാനത്തോളം പടക്കങ്ങള്‍ പൊട്ടിത്തീര്‍ന്നപ്പോഴാണ് കമ്പപ്പുരക്ക് തീപിടിച്ചത്. ഒരു അമിട്ടില്‍ നിന്നും വീണ തീപ്പൊരി കമ്പക്കെട്ട് സൂക്ഷിച്ചിരുന്ന കെട്ടിടത്തിലേക്ക് വീഴുകയായിരുന്നു. തുടര്‍ന്ന് കമ്പപ്പുര ഉഗ്രസ്‌ഫോടനത്തില്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സമീപം ഉണ്ടായിരുന്ന ദേവസ്വം ബോര്‍ഡ് ഓഫീസ് പൂര്‍ണമായും തകര്‍ന്നു. അമിട്ടുകള്‍ കൊണ്ടുവന്നിരുന്ന ഓട്ടോറിക്ഷയും അപകടത്തില്‍പെട്ടു. കോണ്‍ക്രീറ്റ് ചെയ്ത് ഏറെ സുരക്ഷിതമായ കെട്ടിടത്തിലാണ് കമ്പക്കെട്ടുകള്‍ സൂക്ഷിച്ചിരുന്നത്. എങ്കിലും കെട്ടിടം പൂര്‍ണ്ണമായും തകര്‍ന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here