കോടികളുടെ തട്ടിപ്പിനായി മൊസാക് ഫൊന്‍സേക റെഡ്‌ക്രോസിന്റെ പേരും ഉപയോഗിച്ചതായി റിപ്പോര്‍ട്ട്; പനാമ നിയമപ്രകാരം പേര് ഉപയോഗിക്കാമെന്ന് ന്യായീകരണം

പാരീസ്: പനാമ ബാങ്കുകളിലെ കള്ളപ്പണ നിക്ഷേപവുമായി ബന്ധപ്പെട്ട ‘മൊസാക് ഫൊന്‍സേക’ കമ്പനി തട്ടിപ്പിനായി സന്നദ്ധസംഘടനയായ റെഡ്‌ക്രോസിന്റെ പേരും ഉപയോഗിച്ചതായി റിപ്പോര്‍ട്ടുകള്‍. കോടിക്കണക്കിന് രൂപയുടെ അനധികൃത പണത്തിന്റെ കണക്ക് മറച്ചുവയ്ക്കാനാണ് റെഡ്‌ക്രോസിന്റേയും മറ്റു ആതുരസേവന സംഘടനകളുടേയും പേര് മൊസാക് ഫൊന്‍സേക ദുരുപയോഗം ചെയ്തത്. ഫ്രാന്‍സിലെ ലെ മോണ്ടെ പത്രവും സ്വിറ്റ്‌സര്‍ലാന്റിലെ ലെ മാറ്റിന്‍ ഡിമന്‍ഷെയുമാണ് ഇക്കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

500 വിദേശകമ്പനികളില്‍ ഓഹരി നിലനിര്‍ത്തുന്നതുമായി ബന്ധപ്പെട്ട് വ്യാജ ആതുരസേവന ഫൗണ്ടേഷനുകള്‍ ഉണ്ടാക്കിയെന്നാണ് ആരോപണം. റെഡ്‌ക്രോസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയെന്ന വ്യാജേനയാണ് ഫൗണ്ടേഷനുകളെ അവതരിപ്പിച്ചത്. മൊസാക് ഫൊന്‍സേകയുടെ ചോര്‍ത്തിയ ഇമെയിലും ഇത്തരത്തില്‍ റെഡ്‌ക്രോസിന്റെ പേര് ഉപയോഗിച്ചതായി വ്യക്തമാക്കുന്നു. എന്നാല്‍ പനാമ നിയമപ്രകാരം ഇത്തരത്തില്‍ പേര് ഉപയോഗിക്കാമെന്നാണ് ഫൊന്‍സേകയുടെ ന്യായീകരണം.

റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഞെട്ടിക്കുന്നതാണെന്ന് റെഡ് ക്രോസ് ഇന്റര്‍നാഷണല്‍ കമ്മിറ്റി വക്താവ് ക്ലെയര്‍ കാപ്ലുന്‍ പറഞ്ഞു. ഇത്തരത്തില്‍ അനുമതിയില്ലാതെ പേരോ ലോഗോയോ ഉപയോഗിക്കുന്നത് അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്നും ക്ലെയര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here