വെടിക്കെട്ട് ദുരന്തം; തിരിച്ചറിയാന്‍ കഴിയാത്തവരുടെ മൃതദേഹങ്ങള്‍ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കാന്‍ തീരുമാനം; ക്രൈംബ്രാഞ്ച് അന്വേഷണം ഇന്നാരംഭിക്കും

തിരുവനന്തപുരം: പരവൂര്‍ വെടിക്കെട്ട് ദുരന്തത്തില്‍ മരിച്ചവരില്‍ തിരിച്ചറിയാന്‍ കഴിയാത്തവരുടെ മൃതദേഹങ്ങള്‍ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കാന്‍ തീരുമാനം. തിരുവനന്തപുരത്ത് രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി, കേരളാ സ്‌റ്റേറ്റ് ഫോറന്‍സിക് സയന്‍സ് ലബോറട്ടറി എന്നീ സ്ഥാപനങ്ങളിലാകും പരിശോധന നടത്തുക. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഇന്നുണ്ടാകുമെന്നാണ് വിവരങ്ങള്‍.

കൃത്യമായ എണ്ണം തിട്ടപ്പെടുത്താന്‍ സാധിച്ചിട്ടില്ലെങ്കിലും അഞ്ചിലധികം പേരുടെയെങ്കിലും മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ പറ്റാത്തവിധം വികൃതമായിട്ടുണ്ട്. ലഭിച്ച ശരീരഭാഗങ്ങള്‍ കൊല്ലം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലും തിരുവനന്തപുരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലും സൂക്ഷിച്ചിട്ടുണ്ട്. അതേസമയം, ഇക്കാര്യത്തില്‍ ഒട്ടേറെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുണ്ട്. രക്ഷിതാക്കളുടെയോ രക്തബന്ധം ഉള്ളവരുടെയോ ശരീരഭാഗത്തെ ടിഷ്യൂ അടക്കം ശേഖരിക്കാനുണ്ട്. അത്തരത്തിലുള്ള നടപടികള്‍ കൂടി പൂര്‍ത്തിയാക്കിയ ശേഷമാകും ഡിഎന്‍എ പരിശോധനയിലേക്ക് കടക്കുക.

വെടിക്കെട്ട് കാണാന്‍ നിരവധി അന്യസംസ്ഥാന തൊഴിലാളികളും ക്ഷേത്ര മൈതാനിയില്‍ എത്തിയിരുന്നതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇവരില്‍ ആരെങ്കിലും അപകടത്തില്‍ പെടാനുള്ള സാധ്യത പൊലീസ് തള്ളിക്കളയുന്നില്ല. കച്ചവട ആവശ്യത്തിനായി നിരവധി ഉത്തരേന്ത്യന്‍ സംഘവും കൊടിയേറ്റ് ദിവസം മുതല്‍ ഇവിടെ തമ്പടിച്ചിരുന്നു. എന്നാല്‍ ഇവരില്‍ ആരെയെങ്കിലും കാണാതായെന്ന പരാതിയുമായി ആരും ഇതുവരെ പൊലീസിനെ സമീപിച്ചിട്ടില്ല.

എഡിജിപി അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് അന്വേഷണവും ഇന്ന് ആരംഭിക്കും. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. റിട്ട. ജസ്റ്റിസ് കൃഷ്ണന്‍ നായര്‍ക്കാണ് അന്വേഷണചുമതല. ആറു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here