ആർക്കും ഉത്തരവാദിത്തമില്ലാത്ത നാട്ടിൽ ദുരന്തമുണ്ടാകുമ്പോൾ പറ്റിപ്പോയി എന്ന മട്ടിൽ നടക്കുന്നത് മാധ്യമധർമമല്ല; വിമർശനങ്ങൾക്ക് മാധ്യമപ്രവർത്തകൻ കെ ജെ ജേക്കബിന്റെ മറുപടി

തിരുവനന്തപുരം: വിദേശരാജ്യങ്ങളിൽ അപകടങ്ങളുണ്ടാകുമ്പോൾ ഭരണകൂടങ്ങളെ മാധ്യമങ്ങൾ കുറ്റപ്പെടുത്തുന്നില്ലെന്ന വിമർശനത്തിനു മറുപടിയുമായി പ്രമുഖ മാധ്യമപ്രവർത്തകൻ കെ ജെ ജേക്കബ്. വികസിത രാജ്യങ്ങളിൽ മിക്കവാറും കാര്യങ്ങളിൽ ഒരു വ്യവസ്ഥയുണ്ടാകുമെന്നും അതു പാലിക്കുമെന്നും ബന്ധപ്പെട്ട ആളുകൾ ഉറപ്പാക്കും. എന്നിട്ടും അപകടങ്ങൾ സംഭവിക്കുകയാണെങ്കിൽ അതിനു സർക്കാരിനെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ലെന്നും വ്യവസ്ഥ മെച്ചപ്പെടുത്തുക മാത്രമേ നിവൃത്തിയുള്ളൂവെന്നും ജേക്കബ് ചൂണ്ടിക്കാട്ടുന്നു.

നമ്മുടെ നാട്ടിൽ മിക്കവാറും കാര്യങ്ങൾക്കു വേണ്ടത്ര വ്യവസ്ഥ ഉണ്ടാവില്ല. പലപ്പോഴും പല സംഭവങ്ങളും കഴിഞ്ഞാണ് അത്തരം കാര്യങ്ങളെക്കുറിച്ചു നമ്മൾ ആലോചിക്കുന്നതുതന്നെ. അങ്ങനെ ആർക്കും ഉത്തരവാദിത്തമില്ലാത്ത മട്ടിൽ കാര്യങ്ങൾ നടക്കുകയും വൻ തോതിൽ ജീവനാശം ഉണ്ടാവുകയും ചെയ്യുമ്പോൾ എല്ലാം ശരിയാണ് അല്ലെങ്കിൽ പറ്റിപ്പോയി എന്നമട്ടിൽ നടക്കുക മാധ്യമധർമമാണ് എന്ന് തനിക്കു തോന്നുന്നില്ലെന്നാണ് ജേക്കബിന്റെ വിശദീകരണം.

പോസ്റ്റിന്റെ പൂർണരൂപം വായിക്കാം.

വിദേശരാജ്യങ്ങളിൽ ഒരപകടം നടന്നാൽ അവിടത്തെ മാധ്യമങ്ങൾ സർക്കാരിനെ കുറ്റപ്പെടുത്തലുമായി ഇറങ്ങില്ല, ഇവിടെ അങ്ങിനെയല്ല, ഉത്തരവാദികളെ കണ്ടെത്താനുള്ള പണി മാധ്യമങ്ങൾ അപ്പോൾത്തന്നെ തുടങ്ങും എന്നൊരു മർമരം കേൾക്കുന്നു.
വികസിത വിദേശരാജ്യങ്ങളിൽ മിക്കവാറും കാര്യങ്ങളിൽ ഒരു വ്യവസ്ഥയുണ്ടാകും, അത് പാലിക്കുന്നു എന്ന് ബന്ധപ്പെട്ട ആളുകൾ ഉറപ്പു വരുത്തും. എന്നിട്ടും അപകടങ്ങൾ സംഭവിക്കുന്നു എങ്കിൽ വ്യവസ്ഥയുടെ പ്രശ്‌നമാകും, അതിനു സർക്കാരിനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. വ്യവസ്ഥ മെച്ചപ്പെടുത്തുക മാത്രമേ നിവൃത്തിയുള്ളൂ.

നമ്മുടെ നാട്ടിൽ മിക്കവാറും കാര്യങ്ങൾക്ക് വേണ്ടത്ര വ്യവസ്ഥ ഉണ്ടാവില്ല, പലപ്പോഴും പല സംഭവങ്ങളും കഴിയുമ്പോഴാണ് അത്തരം കാര്യങ്ങളെക്കുറിച്ച് നമ്മൾ ആലോചിക്കുന്നത്തന്നെ. ഉള്ളിടത്തുതന്നെ അത് പാലിക്കപ്പെടാതെ പോകുന്നു. അങ്ങിനെ ആർക്കും ഉത്തരവാദിത്തമില്ലാത്ത മട്ടിൽ കാര്യങ്ങൾ നടക്കുകയും വൻതോതിൽ ജീവനാശം സംഭവിക്കുകയും ചെയ്യുമ്പോൾ എല്ലാം ശരിയാണ് അല്ലെങ്കിൽ പറ്റിപ്പോയി എന്ന മട്ടിൽ നടക്കുക മാധ്യമ ധർമ്മമാണ് എന്ന് എനിക്ക് തോന്നുന്നില്ല.

പുറ്റുങ്കൽ ദേവീ ക്ഷേത്രത്തിൽ നടന്ന വെടിക്കെട്ടിനെപ്പറ്റി അറിയുന്ന കാര്യങ്ങൾ ഇങ്ങിനെ:
അപേക്ഷ കൊടുത്തത് മത്സരകമ്പത്തിനാണ്. പക്ഷെ അക്കൂടെ കൊടുത്ത വിവരങ്ങളിൽ ഒരു ലൈസൻസിയുടെ പേര് മാത്രമേ കൊടുത്തിരുന്നുള്ളൂ.

അതിന്മേൽ തഹസിൽദാരുടെയും, പരിസ്ഥിതി വകുപ്പിന്റെയും, വീണ്ടും തഹസിൽദാരുടെയും റിപ്പോർട്ടുകളുണ്ട്, മത്സരകമ്പത്തിനു അനുമതി കൊടുക്കരുതെന്ന്. അതിനൊക്കെ പുറമേ ജില്ലാ പോലിസ് മേധാവിയുടെ റിപ്പോർട്ടുണ്ട്, രണ്ടു ലൈസൻസികളുമായി കരാർ ഉറപ്പിച്ചിട്ടുണ്ട്, അതിനർത്ഥം മത്സര കമ്പം എന്ന് തന്നെയാണ്, അനുമതി കൊടുക്കരുത് എന്ന്.
ഇത്ര മാത്രം റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ജില്ലാ മജിസ്‌ട്രെട്ടുകൂടിയായ ജില്ലാ കലക്ടർ മത്സര കമ്പത്തിനു അനുമതി നിഷേധിക്കുന്നു. മത്സര കമ്പം ആ പേരിലല്ലാതെ നടക്കുന്നു. പോലിസ് കാഴ്ചക്കാരായി നിൽക്കുന്നു.

ഇതിങ്ങനെയൊക്കെ വരും എന്ന് വിചാരിച്ചായിരിക്കില്ല ആളുകൾ സംഭവവുമായി മുന്നോട്ടു പോയത്. പക്ഷെ നിയമവാഴ്ചയുള്ള/ ഉണ്ടായിരിക്കേണ്ട ഒരു നാട്ടിൽ അത് മതിയായ കാരണമല്ല.
നാട്ടിലെ ഭരണകൂടം നിരോധിച്ച ഒരു പരിപാടി നടക്കുകയും വലിയ ദുരന്തം സംഭവിക്കുകയും ചെയ്യുമ്പോൾ ‘അതെങ്ങിനെ’ എന്നൊരു ചോദ്യം എല്ലാ മനുഷ്യരും ചോദിക്കും. അതിനെല്ലാമുള്ള ഉത്തരം ജുഡീഷ്യൽ കമ്മീഷൻ കണ്ടുപിടിക്കും എന്ന് വിചാരിച്ച് അടുത്ത പരിപാടിയ്ക്ക് പോകാൻ പറ്റുന്ന നാടല്ല ഇത്. (ഇതേ കമ്മീഷന് ഇരിക്കാൻ മേശയും കസേരയും കൊടുക്കാൻ കുറച്ച് കഴിഞ്ഞു മാധ്യമങ്ങൾ അലമുറ ഇടേണ്ടിവരും, അതാണ് പതിവ്.)

അതുകൊണ്ട് ഭരണകൂടത്തെയും നിയമ സംവിധാനത്തെയും നോക്കുകുത്തിയാക്കി നിയമ വിരുദ്ധമായി ഒരു കാര്യം നടത്താൻ ആര് കാരണക്കാരനായി എന്നത് നാട്ടുകാർ അറിയേണ്ട കാര്യം തന്നെയാണ്. (അറിയേണ്ടവർക്കെല്ലാം അറിയാമായിരിക്കണം, പക്ഷെ ഉറ്റവരും സുഹൃത്തുക്കളും നഷ്ടപ്പെട്ടവരും നാട്ടുകാരും കൂടി അറിയണമല്ലോ.) ആ ചോദ്യങ്ങൾ ചോദിക്കുമ്പോൾ മാധ്യമ വിചാരണ എന്ന് ലേബലോട്ടിക്കുന്നതിനോട് യോജിപ്പില്ല.

വിദേശരാജ്യങ്ങളിൽ ഒരപകടം നടന്നാൽ അവിടത്തെ മാധ്യമങ്ങൾ സർക്കാരിനെ കുറ്റപ്പെടുത്തലുമായി ഇറങ്ങില്ല, ഇവിടെ അങ്ങിനെയല്ല, ഉത്തരവ…

Posted by KJ Jacob on Sunday, April 10, 2016

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News