പരവൂര്‍ ദുരന്തം പൊലീസിന്‍റെ വീ‍ഴ്ചയെന്ന് കളക്ടര്‍; താൻ സ്ഥലത്തില്ലാത്തപ്പോൾ അനുമതിക്കു ശ്രമിച്ചു; വെടിക്കെട്ടു വേണ്ടെന്ന എഡിഎമ്മിന്‍റെ ഉത്തരവ് മറികടന്നതെങ്ങനെ?

കൊല്ലം: പരവൂരിനെ ദുരന്തഭൂമിയാക്കിയ വെടിക്കെട്ടപകടത്തിന് കാരണമായതു പൊലീസിന്റെ ഭാഗത്തുനിന്നു വീഴ്ചയുണ്ടായതെന്നു കൊല്ലം ജില്ലാ കളക്ടര്‍ എ ഷൈനാമോള്‍. രണ്ടു ദിവസം മുമ്പ് മത്സരക്കമ്പം നടത്താന്‍ അനുമതി നല്‍കരുതെന്നു റിപ്പോര്‍ട്ട് നല്‍കിയ പൊലീസ് സംഭവദിവസം താന്‍ സ്ഥലത്തില്ലാത്ത സമയത്ത് അനുമതിക്കായി ശ്രമം നടത്തിയെന്നും പൊലീസില്‍നിന്നു വിശദീകരണം തേടിയിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു.

ജില്ലാ മജിസ്‌ട്രേറ്റിന്റെ ഉത്തരവുള്ളപ്പോള്‍ അതിനെ മറികടക്കാന്‍ പൊലീസിന് അധികാരമില്ല. സംഭവത്തിന് രണ്ടു ദിവസം മുമ്പ് ആറാം തീയതിയാണ് പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ മത്സരക്കമ്പം നടത്താന്‍ അനുവദിക്കരുതെന്ന് പരവൂര്‍ സിഐയും ചാത്തന്നൂര്‍ അസിസ്റ്റന്റ് കമ്മീഷണറും സിറ്റി പൊലീസ് കമ്മീഷണറും റിപ്പോര്‍ട്ട് നല്‍കുന്നത്. സമാനമായ റിപ്പോര്‍ട്ട് തന്നെയാണു അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റും തഹസില്‍ദാരും റിപ്പോര്‍ട്ട് നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് മത്സരക്കമ്പത്തിന് അനുമതി നിഷേധിച്ചത്.

ജില്ലാ കളക്ടര്‍ ഇറക്കിയ ഉത്തരവ് നടപ്പാക്കേണ്ടത് പൊലീസാണ്. ഉത്തരവിറക്കിയ കളക്ടറല്ല പോയി മത്സരക്കമ്പം തടയേണ്ടത്. അതു ചെയ്യുന്നതില്‍ പൊലീസിന് വീഴ്ചപറ്റി. അനുമതി ലഭിച്ചിരുന്നു എന്നൊരു സംഭാഷണം നടക്കുന്നുണ്ട്. അതു തനിക്കറിയില്ല. താനാണ് ജില്ലയുടെ അധികാരി. താന്‍ അറിയാതെ എങ്ങനെയാണ് തന്റെ ഉത്തരവ് മറികടന്നത്. അതാണ് അറിയേണ്ടത്. ചുരുക്കത്തില്‍ പൊലീസിന് കാര്യമായ വീഴ്ചപറ്റിയെന്നും ഷൈനാമോള്‍ തുറന്നടിച്ചു.

താന്‍ മത്സരക്കമ്പം നടത്തേണ്ടെന്ന് ഉത്തരവിടുകയായിരുന്നു. പൊലീസിന്റെ റിപ്പോര്‍ട്ട് പുനപരിശോധിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല. പിന്നെങ്ങനെയാണ് രണ്ടുദിവസം കഴിഞ്ഞപ്പോള്‍ വെടിക്കെട്ടു നടത്താമെന്നു പൊലീസ് കണ്ടെത്തിയത്. ഒമ്പതാം തീയതിതന്നെ നിലപാടു മാറ്റിയ പൊലീസ് വെടിക്കെട്ടു നടത്താമെന്നു റിപ്പോര്‍ട്ട് നല്‍കി. അന്നു താന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തു യോഗത്തില്‍ പങ്കെടുക്കുകയായിരുന്നു. വാക്കാല്‍ അനുമതികിട്ടിയെന്ന വാദം അപക്വമാണെന്നും കളക്ടര്‍ പറഞ്ഞു.

ഉത്തരവു കിട്ടിയാല്‍ അതു നടപ്പാക്കാന്‍ പൊലീസിന് എല്ലാ അധികാരവുമുണ്ട്. വെടിക്കെട്ടു നടക്കുമെന്നു മനസിലാക്കിയപ്പോള്‍ അവിടെയുണ്ടായിരുന്ന പൊലീസിന് തടയാമായിരുന്നു. താന്‍ നിയമമനുസരിച്ചാണ് പ്രവര്‍ത്തിച്ചത്. ആര്‍ക്കും ജില്ലയുടെ അധികാരി എന്ന നിലയില്‍ തന്നോട് എന്തുവേണമെങ്കിലും ആവശ്യപ്പെടാം. അനുവദിക്കണോ എന്നു തീരുമാനിക്കേണ്ടത് ജില്ലയുടെ അധികാരിയെന്ന നിലയില്‍ കളക്ടറാണ്.

അതേസമയം, താന്‍ വെടിക്കെട്ടു തടയാന്‍ ശ്രമിച്ചിരുന്നെന്നു പരവൂര്‍ സിഐ എസ് ചന്ദ്രകുമാര്‍ പറഞ്ഞതായി മംഗളം റിപ്പോര്‍ട്ട് ചെയ്തു. എഡിഎമ്മിന്റെ അനുമതിയില്ലാതെ വെടിക്കെട്ടു നടത്തരുതെന്ന് സംഘാടകരോടു പലതവണ പറഞ്ഞു. അനുമതി ലഭിച്ചതായി മൈക്കിലൂടെ പ്രഖ്യാപനമുണ്ടായി. അപ്പോള്‍ താന്‍ അനുമതിക്കത്തു ചോദിച്ചപ്പോള്‍ ഉടന്‍ എത്തിക്കാമെന്നു മറുപടി നല്‍കുകയായിരുന്നു. ചെറിയ തീരിയില്‍ ആരംഭിച്ച വെടിക്കെട്ടു മത്സരത്തിലേക്കു നീങ്ങിയപ്പോള്‍ താന്‍ താക്കീതു നല്‍കി. വന്‍ ജനക്കൂട്ടം സാക്ഷിയായതിനാലാണ് നിയമനടപടിക്കു മുതിരാതിരുന്നതെന്നും സിഐ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News