ദുരന്തം വിതച്ചത് താഴ്ന്നു വിടര്‍ന്ന ‘സൂര്യകാന്തി’; ദേവീകോപം പറഞ്ഞ് ക്ഷേത്ര ഭാരവാഹികള്‍ വരുത്തിവച്ച ദുരന്തനിമിഷങ്ങള്‍

തിരുവനന്തപുരം: പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ 107 പേരുടെ മരണത്തിനിടയാക്കിയത് താഴ്ന്നു വിടര്‍ന്ന ‘സൂര്യകാന്തി’. വെടിക്കെട്ടിലെ അപൂര്‍വസുന്ദര ദൃശ്യങ്ങളടങ്ങിയ അമിട്ടിന്റെ വിളിപ്പേരാണ് സൂര്യകാന്തി. ആഘോഷലഹരിയില്‍ കുതിച്ചുയര്‍ന്ന് പതിവിലും താഴ്ന്ന നിലയില്‍ എത്തിയ ശേഷം താഴേക്ക് പതിഞ്ഞ സൂര്യകാന്തി നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ വന്‍ദുരന്തം വിതയ്ക്കുകയായിരുന്നു. വെടിക്കെട്ട് അവസാനഘട്ടത്തിലേക്ക് നീങ്ങുമ്പോഴാണ് പകുതി പൊട്ടിവിരിഞ്ഞ സൂര്യകാന്തികളില്‍ ഒന്ന് കമ്പപ്പുരയ്ക്ക് മുകളിലേക്ക് വീഴുകയും പൊട്ടിത്തകരുകയും ചെയതത്.

കണ്ണു താഴ്ത്തും മുന്‍പേ അപ്രതീക്ഷിത പൊട്ടിത്തെറിയോടെ എല്ലാം അവസാനിക്കുകയായിരുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ക്ഷേത്രപരിസരം അഗ്‌നിഗോളമായി. വലിയ പ്രകാശവും പിന്നാലെ വന്‍ സ്‌ഫോടനശബ്ദവും മാത്രമാണ് ചിലരുടെ ഓര്‍മ്മ. എന്താണ് സംഭവിച്ചതെന്ന് മനസിലാക്കാന്‍ അല്‍പ്പം സമയം വേണ്ടിവന്നു. അപ്പോഴേക്കും ഉഗ്രസ്‌ഫോടനത്തോടൊപ്പം ക്ഷേത്രത്തിന് മുന്നിലെ കെട്ടിടം തകര്‍ന്നു. കോണ്‍ക്രീറ്റ് സ്ലാബുകള്‍ പൊട്ടിത്തെറിച്ച് പലരുടെയും തലയില്‍ പതിച്ചു. വൈദ്യുതി നിലച്ചതോടെ ആരെയും വ്യക്തമായി കാണാന്‍ പോലും കഴിഞ്ഞില്ല. രക്ഷപ്പെടാന്‍ ഓടിയവര്‍ നിലത്തുവീണു. തലയറ്റ ശരീരങ്ങള്‍ എടുത്ത് മാറ്റാന്‍പോലും കഴിയാതെ ഒരുമണിക്കൂറോളം പറമ്പില്‍ കിടന്നു. ശരീരഭാഗങ്ങള്‍ തുണികളില്‍ വാരിക്കെട്ടിയാണ് ആംബുലന്‍സുകളില്‍ കയറ്റിയത്.

ശനിയാഴ്ച രാത്രി 11.45നാണ് ദുരന്തത്തിന് കാരണമായ വെടിക്കെട്ട് ആരംഭിച്ചത്. മത്സര വെടിക്കെട്ട് അല്ലെന്ന സംഘാടകരുടെ അവകാശവാദം പൊളിയുന്നതാണ് അല്‍പ്പസമയത്തിന് ശേഷം കണ്ടത്. വെടിക്കെട്ട് നടന്ന സ്ഥലത്തിന് സമീപത്തെ വീട്ടുകാര്‍ അപകടസാധ്യതയെക്കുറിച്ച് കുറിച്ച് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും അത് പാടെ അവഗണിക്കുകയായിരുന്നു. ദേവീകോപം പറഞ്ഞ് ക്ഷേത്രം ഭാരവാഹികള്‍ ഈ വീട്ടുകാരെ പരാതിയില്‍ നിന്നും പിന്തിരിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഈ വന്‍ദുരന്തത്തോടെ നഷ്ടമായത് ഉറ്റവരും കയറിക്കിടക്കാനുള്ള വീടുകളുമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News