യുക്രൈനിൽ രണ്ടു ഇന്ത്യൻ വിദ്യാർത്ഥികളെ കുത്തിക്കൊന്നു; മറ്റൊരാൾ പരുക്കുകളോടെ ആശുപത്രിയിൽ; അക്രമത്തിനിരയായത് ഉത്തർപ്രദേശിൽ നിന്നുള്ളവർ

ദില്ലി: യുക്രൈനിൽ രണ്ടു ഇന്ത്യൻ വിദ്യാർത്ഥികളെ കുത്തിക്കൊന്നു. മറ്റൊരു വിദ്യാർത്ഥിയെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉത്തർപ്രദേശിലെ മുസഫർ നഗർ സ്വദേശി പ്രണവ് ഷൈന്ദില്യ, ഗാസിയാബാദ് സ്വദേശി അങ്കുർ സിംഗ് എന്നിവരാണ് കൊല്ലപ്പെട്ടത്. യുക്രൈൻ സ്വദേശികൾ തന്നെയാണ് ഇവരെ കൊലപ്പെടുത്തിയത്. ആഗ്രയിൽ നിന്നുള്ള ഇന്ദ്രജീത് സിംഗ് ചൗഹാൻ ആണ് പരുക്കുകളോടെ ആശുപത്രിയിൽ ഉള്ളത്. യുക്രൈനിലെ ഉഷ്‌ഗ്രോദ് മെഡിക്കൽ കോളജ് വിദ്യാർത്ഥികളാണ് മൂന്നുപേരും.

ഇന്നലെ പ്രാദേശിക സമയം പുലർച്ചെ 3 മണിയോടെയാണ് സംഭവം. പ്രണവ് മൂന്നാം വർഷ വിദ്യാർത്ഥിയും അങ്കുർ സിംഗ് നാലാംവർഷ വിദ്യാർത്ഥിയുമാണ്. ഇവരെ കുത്തിയശേഷം അതിർത്തി കടന്നു രക്ഷപ്പെടാൻ ശ്രമിച്ച അക്രമികളെ പൊലീസ് പിടികൂടി. മൂന്നു വിദ്യാർത്ഥികളുടെയും പാസ്‌പോർട്ടും മറ്റു രേഖകളും രക്തംപുരണ്ട കത്തിയും ഇവരിൽ നിന്നും കണ്ടെടുത്തു.

ഞായറാഴ്ച രാവിലെ 11 മണിയോടെ മാത്രമാണ് കീവിലെ ഇന്ത്യൻ എംബസി ഇക്കാര്യം അറിഞ്ഞത്. പൊലീസിൽ നിന്നും കാര്യത്തിന്റെ നിജസ്ഥിതി അറിയാൻ എംബസി ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നു വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു. വിദ്യാർത്ഥികളുടെ കുടുംബാംഗങ്ങളെ ഇക്കാര്യം വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. നടപടിക്രമങ്ങൾ എത്രയും വേഗം പൂർത്തിയാക്കി മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here