ആദിവാസി വിവാഹങ്ങൾക്കു മേൽ പോക്‌സോ ചാർജ് ചെയ്യില്ലെന്ന് വയനാട് ജില്ലാ കലക്ടർ

കൽപറ്റ: ആദിവാസി വിവാഹങ്ങളെ തുടർന്ന് ആദിവാസി യുവാക്കളെ പോക്‌സോ ചുമത്തി പീഡിപ്പിക്കുന്നത് ഒഴിവാക്കും. വിവാഹങ്ങൾക്കു മേൽ പോക്‌സോ ചുമത്തില്ലെന്ന് വയനാട് ജില്ലാ കലക്ടർ അറിയിച്ചു. പോക്‌സോ കേസെടുത്ത് പീഡിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ ബഹുജനമാർച്ചിനെ തുടർന്നാണ് കലക്ടർ ഇക്കാര്യം ഉറപ്പു നൽകിയത്. ജില്ലാ കളക്ടർമാർ ചെയർമാൻമാരായ എസ്‌സി-എസ്ടി അട്രോസിറ്റി മോണിറ്ററി കമ്മിറ്റി അവലോകനയോഗം ചേർന്നാണ് തീരുമാനം എടുത്തത്.

ഈ കമ്മിറ്റിയിൽ ഇനിമുതൽ ആദിവാസി കല്യാണങ്ങൾക്ക് പോക്‌സോ ചാർജ് ചെയ്യില്ലെന്നും പകരം ശൈശവ വിവാഹ നിരോധന നിയമപ്രകാരം മാത്രമേ കേസ് എടുക്കുകയുള്ളൂവെന്നും കളക്ടർ ഉറപ്പു നൽകിയിട്ടുണ്ട്. ആദിവാസി യുവാക്കൾക്കുമേൽ പോക്‌സോ കേസെടുത്ത് പീഡിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കൽപറ്റയിലെ പോക്‌സോ കോടതിയിലേക്കാണ് ബഹുജന മാർച്ച് സംഘടിപ്പിച്ചത്. മാർച്ച് ദയാഭായി ഉദ്ഘാടനം ചെയ്തു.

പോക്‌സോ ചാർജ് ചെയ്യില്ലെന്ന് കളക്ടർ രേഖാമൂലം ഉറപ്പുനൽകാമെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും പ്രക്ഷോഭവുമായി മുന്നോട്ടുപോയേ തീരൂവെന്ന് കൺവീനർ ഡോ. പി.ജി ഹരി പറഞ്ഞു. നിലവിൽ കേസിൽപ്പെട്ട ആൾക്കാർ, നിലവിൽ ജാമ്യവ്യവസ്ഥയിൽ ഇറങ്ങിയവർ, കോടതി സൂക്ഷിക്കുന്ന ആദിവാസി വിരുദ്ധത തുടങ്ങിയ പ്രശ്‌നങ്ങളിൽ ഒരു പരിഹാരം ആയിട്ടില്ലെന്നും അതുകൊണ്ട് സമരവുമായി മുന്നോട്ടു നീങ്ങിയേ തീരൂവെന്നുമാണ് സമരസമിതിയുടെ തീരുമാനം. ഇഷ്ടപ്പെട്ട പെൺകുട്ടികളെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുവരികയും അവരുടെ ആചാരപ്രകാരം വിവാഹംചെയ്ത് വീട്ടിൽ താമസിപ്പിച്ചു എന്നതാണ് ആദിവാസി യുവാക്കൾ ചെയ്ത കുറ്റം. എന്നാൽ ഇവർക്കെതിരെ ചുമത്തിയത് ബലാത്സംഗവും നിർബന്ധിത ലൈംഗിക പീഡനവുമാണെന്നും ഇതിനെതിരെ സമരം തുടരുമെന്നും പി.ജി ഹരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News