ബംഗാളിൽ വോട്ടെടുപ്പിനിടെ തൃണമൂൽ കോൺഗ്രസ് വക വ്യാപക അക്രമം; സിപിഐഎം സംസ്ഥാന സെക്രട്ടറി സൂര്യകാന്ത് മിശ്രയെ കയ്യേറ്റം ചെയ്തു; അസമിലും ബംഗാളിലും രണ്ടാംഘട്ടത്തിൽ കനത്ത പോളിംഗ്

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ വോട്ടെടുപ്പിനിടെ തൃണമൂൽ കോൺഗ്രസ് നേതൃത്വത്തിൽ വ്യാപക അക്രമം. പോളിംഗ് സ്റ്റേഷൻ സന്ദർശിക്കാനെത്തിയ സിപിഐഎം സംസ്ഥാന സെക്രട്ടറിയും പ്രതിപക്ഷ നേതാവുമായ സൂര്യകാന്ത് മിശ്രയെ തൃണമൂൽ പ്രവർത്തകർ ആക്രമിച്ചു. അക്രമം തടയുന്നതിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ പരാജയപ്പെട്ടെന്ന് സിപിഐഎമ്മും കോൺഗ്രസും ആരോപിച്ചു. രണ്ടാംഘട്ട വോട്ടെടുപ്പിൽ പശ്ചിമബംഗാളിൽ 79 ഉം അസമിൽ 82 ശതമാനവും പോളിംഗ് രേഖപ്പെടുത്തി.

പശ്ചിമബംഗാളിലെ 31 നിയോജകമണ്ഡലങ്ങളിലേക്ക് നടന്ന വോട്ടെടുപ്പിൽ വ്യാപക അക്രമ സംഭവങ്ങളാണ് അരങ്ങേറിയത്. പലയിടത്തും വോട്ടെടുപ്പ് തടസ്സപ്പെട്ടു. തോക്കുകളും ആയുധങ്ങളുമേന്തി പോളിംഗ് ബൂത്തിലെത്തിയ തൃണമൂൽ പ്രവർത്തകർ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ബാങ്കുറ ജില്ലയിലെ ജമുറിയ മണ്ഡലത്തിൽ സിപിഐഎം ബൂത്ത് ഏജന്റിനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതേ മണ്ഡലത്തിൽ രണ്ട് ബാഗുകളിലായി നിറച്ച് കൊണ്ടു വന്ന ബോംബ് പൊലീസ് പിടിച്ചെടുത്ത് നിർവീര്യമാക്കി. കേശവ്പൂർ, ഗാർബെറ്റ, ജമുറിയ, റാണിഗഞ്ച്, പന്തബേശ്വർ തുടങ്ങിയ മണ്ഡലങ്ങളിലാണ് ഏറ്റവും കൂടുതൽ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തത്. സ്വന്തം മണ്ഡലമായ നാരായൺഗഡിൽ പോളിംഗ് സ്റ്റേഷൻ സന്ദർശിക്കാനെത്തിയ സിപിഐഎം സംസ്ഥാന സെക്രട്ടറി സൂര്യകാന്ത് മിശ്രയെ തൃണമൂൽ പ്രവർത്തകർ തടഞ്ഞുവച്ചു.

അസമിലെ 61 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പാണ് രണ്ടാം ഘട്ടത്തിൽ പൂർത്തിയായത്. 82 ശതമാനം വോട്ടർമാർ സമ്മതിദാന അവകാശം രേഖപ്പെടുത്തി. വോട്ടെടുപ്പ് നടക്കുന്നതിനിടെ വാർത്താസമ്മേളനം നടത്തിയ അസം മുഖ്യമന്ത്രി തരുൺ ഗോഗോയ്‌ക്കെതിരെ കേസെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടു. ഈ ഘട്ടത്തോടെ അസമിലെ വോട്ടെടുപ്പ് പൂർത്തിയായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News