വിഎസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം കടൽ കടക്കുന്നു; പ്രചാരണം കാമറക്കണ്ണിലാക്കാൻ ഇംഗ്ലണ്ടിൽ നിന്ന് ഇയാൻ മക്‌ഡൊണാൾഡ് മലമ്പുഴയിലെത്തി

പാലക്കാട്: വിഎസ് അച്യുതാനന്ദന്റെ തെരഞ്ഞെടുപ്പ് പ്രചാരണം കാമറയിൽ പകർത്താൻ ഇംഗ്ലണ്ടിൽ നിന്നുളള ഡോക്യുമെന്ററി സംവിധായകൻ മലമ്പുഴയിലെത്തി. ഇയാൻ മക് ഡൊണാൾഡാണ് പുതിയ ഡോക്യുമെന്ററിയുടെ ഭാഗമായി വിഎസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുത്ത് ദൃശ്യങ്ങൾ പകർത്തുന്നത്.

വിഎസിനെ കുറിച്ച് ഭാര്യയും മലയാളിയുമായ ഗീതയിൽ നിന്ന് ഇയാൻ മക്‌ഡൊണാൾഡ് കുറേ കാര്യങ്ങൾ മനസ്സിലാക്കിയിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് ആവേശത്തിൽ സ്വന്തം മണ്ഡലമായ മലമ്പുഴയിൽ പ്രചാരണം നടത്തുന്ന വിഎസിന് ലഭിക്കുന്ന വലിയ സ്വീകാര്യതയും ജനങ്ങളുടെ ആവേശവും ഇയാന് പുതിയ അനുഭവം തന്നെ.

വി എസ് പങ്കെടുക്കുന്ന കൺവെൻഷനുകളിലും കുടുംബയോഗങ്ങളിലും എല്ലാം കാമറയുമായി ഇയാൻ മക്‌ഡൊണാൾഡും ഉണ്ട്. വിഎസിന്റെ ഓരോ ചുവടും ഈ ഇംഗ്ലണ്ടുകാരൻ കൃത്യമായി പകർത്തുന്നു. ഇടതുപക്ഷ ആശയ പ്രചാരകനായ ഇയാൻ, സോവിയറ്റ് വിപ്ലവത്തിന്റെ നൂറാം വാർഷികവും കേരളത്തിൽ ഇഎംഎസിന്റെ നേതൃത്വത്തിൽ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരമേറ്റതിന്റെ 70-ാം വാർഷികവും പ്രമേയമായ ഡോക്യുമെന്ററിയുടെ ചിത്രീകരണത്തിലാണ്.

ഇന്ത്യയിലെ മുതിർന്ന കമ്യൂണിസ്റ്റ് നേതാവായ വിഎസിന്റെ അനുഭവവും തെരഞ്ഞെടുപ്പ്
പ്രചാരണവും ഇതിൽ ഇതിവൃത്തമാകും. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വരെ ഇയാന്റെ കാമറ വിഎസിനെ പിന്തുടരും. വിഎസിനെ കുറിച്ച് മാത്രമായൊരു ഡോക്യുമെന്ററി നിർമ്മാണവും ഇയാന്റെ മനസ്സിലുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here