ലാത്തൂർ; കൊടുംവരൾച്ചയിൽ വലയുന്ന മറാത്തവാഡയിലെ ലാത്തൂരിലേക്ക് കുടിനീരിന്റെ കനിവുമായി ആദ്യത്തെ വാട്ടർ ട്രെയിൻ എത്തി. ഇന്നു രാവിലെയാണ് ലാത്തൂരിലേക്ക് കുടിവെള്ളവുമായി ആദ്യത്തെ വാട്ടർ ട്രെയിൻ എത്തിയത്. 10 വാഗണുകളുള്ള ട്രെയിനാണ് എത്തിയത്. 10 വാഗണുകളിലായി 5 ലക്ഷം ലീറ്റർ വെള്ളമാണ് ഉള്ളത്. അതായത് ഓരോ വാഗണും 50,000 ലീറ്റർ വെള്ളം ഉൾക്കൊള്ളുന്നു. മഹാരാഷ്ട്രയിലെ മിറാജിൽ നിന്ന് ഇന്നലെയാണ് വാട്ടർ ട്രെയിൻ പുറപ്പെട്ടത്.
ലാത്തൂരിൽ നിന്ന് 7 കിലോമീറ്റർ അകലെ ഒരു വലിയ കിണർ ഭരണകൂടം ഏറ്റെടുത്തിട്ടുണ്ട്. ഈ കിണറിലാണ് വെള്ളം ശേഖരിച്ചു വയ്ക്കുക. ഈ കിണറിൽ നിന്ന് വെള്ളം വേണ്ടിടങ്ങളിലേക്ക് എത്തിക്കാൻ 70 ടാങ്കർ ആണ് ജില്ലാ ഭരണകൂടം ഏർപ്പാടാക്കിയിട്ടുള്ളത്. 22,000 ലീറ്ററാണ് ഈ ടാങ്കറുടെ മൊത്തം കപ്പാസിറ്റി. എണ്ണയും ഇന്ധനവും കൊണ്ടുപോകാൻ ഉപയോഗിക്കുന്ന ചരക്ക് ബോഗികൾ കഴുകി വൃത്തിയാക്കിയ ശേഷമാണ് വെള്ളം എത്തിക്കുന്നതിനായി ഉപയോഗിച്ചത്. ലാത്തൂർ സിറ്റിയിൽ ഒരുദിവസം 2 കോടി ലീറ്റർ വെള്ളം ആവശ്യമുണ്ട്. നിലവിൽ 15 ദിവസത്തിൽ ഒരുതവണ എന്ന നിലയിലാണ് വെള്ളം ലഭ്യമാക്കിക്കൊണ്ടിരിക്കുന്നത്.
മറാത്താവാഡയിൽ വലിയ വരൾച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇവിടുത്തെ ഡാമുകളിലൊന്നും ജലം ഇല്ലാതായി. നിലവിൽ ഗ്രാമങ്ങളിൽ 10-12 ദിവസങ്ങൾക്കിടയിലാണ് ജലം എത്തിക്കുന്നതിന് സാധിക്കുന്നത്.
സങ്കാലി ജില്ല ഭരണകൂടം ജലം എത്തിക്കുന്നതിനുള്ള 2,700 മീറ്റർ പൈപ്പ് ലൈനിനുവേണ്ടിയുള്ള ജോലികളിലാണ്. നാലു മുതൽ ആറ് ദിവസം വരെ താമസമുണ്ടാകും പണികൾ പൂർത്തിയാകുന്നതിനെന്ന് അധികൃതർ അറിയിച്ചു. ഇപ്പോൾ ചരക്ക് ബോഗികളിൽ പരീക്ഷണ ഓട്ടത്തിന്റെ ഭാഗമായാണ് ജലം നിറച്ചതെന്നും ഇതിനുശേഷം തുടർച്ചയായി വെള്ളം എത്തിക്കാനാകുമെന്ന് കളക്ടർ ശേഖർ ഗെയ്ഖ്വാദ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here