വിയര്‍പ്പുനാറ്റമുണ്ടോ; ചൂടുകാലത്ത് വിയര്‍പ്പുനാറ്റത്തെ അറിയാനും ഒഴിവാക്കാനും ചില മാര്‍ഗ്ഗങ്ങള്‍

ചൂടകാലത്ത് എല്ലാവരെയും അലട്ടുന്ന പ്രധാനപ്രശ്‌നമാണ് വിയര്‍പ്പുനാറ്റം. വേനല്‍ക്കാലത്ത് വിയര്‍പ്പും വിയര്‍പ്പുനാറ്റവും കൊണ്ടുള്ള ബുദ്ധിമുട്ടുകളും കൂടും. ശരീരം അമിതമായി ചൂടാകുന്നതുകൊണ്ട് ചില ദോഷങ്ങള്‍ ഉണ്ട്. അത്തരം അപകടം ഒഴിവാക്കാന്‍ ശരീരം തന്നെ സ്വീകരിക്കുന്ന പ്രതിരോധ മാര്‍ഗ്ഗമാണ് വിയര്‍പ്പ്. ചര്‍മത്തിലെ വിയര്‍പ്പുഗ്രന്ഥികളായ അപ്പോക്രിന്‍, എക്രിന്‍ എന്നിവയാണ് കൂടുതല്‍ വിയര്‍പ്പ് ഉത്പാദിപ്പിക്കുന്നത്.

വിയര്‍പ്പ് ബാഷ്പീകരിക്കാനായി കൂടുതല്‍ താപം ഉപയോഗിക്കും. അതിന് അനുസരിച്ച് ശരീരം തണുക്കുന്നു. വിയര്‍പ്പൊരു ശല്ല്യക്കാരനല്ല എന്ന് ചുരുക്കം. വിയര്‍പ്പിന് ഒരു ഗന്ധവുമില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ജലവും ലവണങ്ങളുമടങ്ങിയ വിയര്‍പ്പ് ചര്‍മോപരിതലത്തില്‍ വ്യാപിച്ച് നനഞ്ഞ് അവിടെയുള്ള അഴുക്കും അണുക്കളുമായി പ്രവര്‍ത്തിക്കുമ്പോഴാണ് ദുര്‍ഗന്ധമുണ്ടാകുന്നത്.

ചര്‍മത്തിലും വസ്ത്രത്തിലും വിയര്‍പ്പ് കൂടുതല്‍ നേരം തങ്ങിനില്‍ക്കും. ഈ സമയത്ത് ബാക്ടീരീയകളുമായി പ്രവര്‍ത്തിച്ച് ഹൈഡ്രജന്‍ സള്‍ഫൈഡ് പോലുള്ള വാതകങ്ങള്‍ ഉത്പാദിപ്പിക്കും. അപ്പോഴാണ് വിയര്‍പ്പുനാറ്റമായി മാറുന്നതും അത് അസഹ്യമാകുന്നതും.

പാരമ്പര്യമായും രോഗങ്ങള്‍ മൂലവും അമിതമായി വിയര്‍ക്കുന്നവരുമുണ്ട്. ചില പ്രത്യേക മരുന്നുകള്‍ കഴിക്കുമ്പോള്‍ വിയര്‍പ്പ് നാറ്റം കൂടുന്ന അവസ്ഥയുമുണ്ട്. അത്തരക്കാരൊക്കെ കൃത്യമായ ചികില്‍സയെടുക്കാനും വൈദ്യനിര്‍ദേശം തേടാനും ശ്രദ്ധിക്കണം. ശരീരത്തില്‍ ഉപയോഗിക്കുന്ന സുഗന്ധദ്രവ്യങ്ങള്‍ അമിതമാകുമ്പോഴും ജൈവഘടന മൂലവും ശരീരദുര്‍ഗന്ധം ഉണ്ടാകും. ചില കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ വിയര്‍പ്പില്‍ നിന്നും രക്ഷപ്പെടാന്‍ സാധിക്കും.

വിയര്‍പ്പ് നാറ്റം അകറ്റാന്‍ പെര്‍ഫ്യൂം മാത്രം ഉപയോഗിച്ചിട്ട് കാര്യമില്ല, ചില ആഹാര സാധനങ്ങള്‍ കൂടി ഒഴിവാക്കണം. ആഹാരത്തിലും കൂടി ശ്രദ്ധിച്ചാല്‍ ഒരു പരിധിവരെ ശരീര ദുര്‍ഗന്ധം അകറ്റാം. ശരീരത്തില്‍ വെള്ളം കുടൂതലുണ്ടെങ്കില്‍ ശരീര താപനില കുറയ്ക്കാന്‍ സഹായിക്കും. അതുവഴി വിയര്‍പ്പിന്റെ അളവും നിയന്ത്രിക്കാം. ദിവസവും ആറുമുതല്‍ എട്ടുഗ്ലാസ് വരെ വെള്ളം കുടിക്കുന്നത് ഒരു ശീലമാക്കുക.

വറുത്തതും, പൊരിച്ചതും കൊഴുപ്പ് ഏറിയതുമായ ആഹാരം കഴിക്കുന്നത് വിയര്‍പ്പ് നാറ്റത്തിന് കാരണമാകാറുണ്ട്. വെളുത്തുള്ളി, സവാള, എരിവ് അധികമുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ തുടങ്ങിയവ ഭക്ഷണത്തില്‍നിന്ന് തീര്‍ത്തും ഒഴിവാക്കുന്നത് നല്ലതാണ്. സള്‍ഫര്‍ ധാരാളം അടങ്ങിയ ഇലക്കറികള്‍, കോളിഫ്‌ളവര്‍, കാബേജ് എന്നിവ കഴിക്കുന്നതും അമിത വിയര്‍പ്പ് ഉല്പാദനത്തിന് കാരണമാകും.

ഹരിതകം ധാരാളം അടങ്ങിയ പച്ചക്കറികള്‍ ഒഴിവാക്കണം. പകരം ചുമന്ന ചീര ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ശരീരത്തില്‍ മഗ്‌നീഷ്യത്തിന്റെ അളവ് കുറയുന്നത് വിയര്‍പ്പ് നാറ്റത്തിന് കാരണമാകാറുണ്ട്. അതിനാല്‍ മഗ്‌നീഷ്യം അടങ്ങിയ തൈര്, ഏത്തപ്പഴം, ധാന്യങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ശരീര ദുര്‍ഗന്ധം കുറയ്ക്കാന്‍ സഹായിക്കും.

സ്ത്രീകളില്‍ അണ്ഡോല്പാദനം നടക്കുന്ന സമയത്ത് ശരീര ഊഷ്മാവ് വര്‍ദ്ധിക്കുന്നത് വിയര്‍പ്പ് നാറ്റത്തിന് കാരണമാകാറുണ്ട്. ആര്‍ത്തവത്തിന് ശേഷമുള്ള രണ്ടാഴ്ചക്കാലം വിയര്‍പ്പ് നാറ്റം സ്ത്രീകളില്‍ അധികമായിരിക്കും.

സിന്തറ്റിക് വസ്ത്രങ്ങള്‍, ഇറുകിയ വസ്ത്രങ്ങള്‍, നൈലോണ്‍, പോളിസ്റ്റര്‍ എന്നിവ കഴിവതും ഉപയോഗിക്കാതിരിക്കുക. ഇവ വിയര്‍പ്പിനെ ശരീരത്തില്‍ തടഞ്ഞ് നിര്‍ത്തും. കോട്ടണ്‍ വസ്ത്രങ്ങള്‍ മാത്രം ധരിക്കാന്‍ ശ്രദ്ധിക്കുക. ഗുണമേന്മയുള്ള കോട്ടണ്‍ തുണികള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച അടിവസ്ത്രങ്ങള്‍ ഉപയോഗിക്കുക. ഇത് ശരീരത്തിലെ വിയര്‍പ്പിനെ വലിച്ചെടുത്ത് ബാഷ്പീകരണം എളുപ്പത്തിലാക്കുന്നു.

കടുത്ത മാനസിക സമ്മര്‍ദ്ദമാണ് അമിത വിയര്‍പ്പിന് മറ്റൊരു കാരണമാകുന്നത്. ടെന്‍ഷനും സമ്മര്‍ദ്ദവും വിയര്‍പ്പ് ഗ്രന്ഥികളെ ഉത്തേജിപ്പിക്കും. അത് നന്നായി വിയര്‍ക്കാനിടയാക്കും. അതിനാല്‍ പിരിമുറുക്കം ഒഴിവാക്കണം. മാനസിക സമ്മര്‍ദം ഒഴിവാക്കി കഴിവതും കൂളായിരിക്കുവാന്‍ ശ്രദ്ധിക്കുക

Body-Odour-1

മദ്യം, മയക്കുമരുന്ന്, സിഗരറ്റ് എന്നിവയുടെ ഉപയോഗം വിയര്‍പ്പ് നിയന്ത്രിക്കാനുള്ള ശരീരത്തിന്റെ കഴിവ് കുറയ്ക്കും. കാപ്പിയിലെ കഫീന്‍ ആകാംഷ വര്‍ധിപ്പിക്കും. ഇത് ശരീരം നന്നായി വിയര്‍ക്കാനിടയാക്കും. കഫീനടങ്ങിയ ആഹാരം ഒഴിവാക്കണം.

ചില ഡിയോഡറന്റ് ചര്‍മ്മത്തില്‍ ബാക്ടീരിയ വളരുന്നതിനിടയാക്കും. അതുകൊണ്ടുതന്നെ ശരീരത്തിന് യോജിക്കുന്ന ഡിയോഡ്രന്റുകളും സോപ്പുകളും ഉപയോഗിക്കണം. ചൂടുവെള്ളത്തില്‍ കുളിക്കുമ്പോള്‍ ശരീരത്തിന്റെ ചൂടും കൂടാനിടയുണ്ട്. ഇത് ശരീരം വിയര്‍ക്കാന്‍ കാരണമാകും.

ചൂടുള്ള സമയത്ത് പുറത്തിറങ്ങുമ്പോള്‍ തൊപ്പി ഉപയോഗിക്കാം. കണ്ണുകളെ ചൂടില്‍ നിന്നും രക്ഷിക്കാന്‍ സണ്‍ഗ്ലാസ് ഉപയോഗിക്കണം. നേരിട്ട് വെയിലേല്‍ക്കുന്ന ഭാഗങ്ങളില്‍ സണ്‍സ്‌ക്രീന്‍ ലോഷനുകള്‍ ഉപയോഗിക്കുന്നത് ചര്‍മത്തിന് സംരക്ഷണം നല്‍കും. കലാമിന്‍, സിങ്ക് ഓക്‌സൈഡ് എന്നിവ നല്ലതാണ്. നമ്മുടെ വെളിച്ചെണ്ണയായാലും മതി.

ഭക്ഷണത്തിനും വിയര്‍പ്പ് നിയന്ത്രിക്കാന്‍ കഴിയും. നന്നായി വേവിച്ച ഭക്ഷണങ്ങള്‍ക്ക് പകരം പഴങ്ങള്‍ പച്ചക്കറികള്‍,എന്നിവ ധാരാളം കഴിക്കുക. കൂടാതെ എല്ലാ ധാന്യാഹാരവും വിയര്‍പ്പ് കുറയ്ക്കുന്നതിന് സഹായിക്കും. ചൂട് കാപ്പി, ചായ എന്നിവ കഴിക്കുന്നതിന് പകരം ഫ്രഷ് ജ്യൂസോ, തണുത്തവെള്ളമോ കഴിക്കുന്നത് ശരീരത്തിന്റെ ഊഷ്മാവ് നിയന്ത്രിക്കാന്‍ സഹായിക്കും. ഇത് അമിത വിയര്‍പ്പ് ഒഴിവാക്കും.

വിയര്‍പ്പ് നിയന്ത്രിക്കാന്‍ പ്രകൃതിദത്തമായ മാര്‍ഗമാണ് യോഗ. വിയര്‍പ്പ് ഗ്രന്ഥികളെ തളര്‍ത്തുന്നത് വഴി അമിതമായി വിയര്‍ക്കുന്നത് ഒഴിവാക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here