ഹാർലി ഡേവിസൺ ബൈക്കുകളെ പ്രണയിച്ചു; ബൈക്കിൽ രാജ്യം ചുറ്റാനുള്ള മോഹം പാതിവഴിയിൽ കുഴിച്ചുമൂടി വീനു പാലിവാൽ യാത്രയായി; ബൈക്കിനെ പ്രണയിച്ച് ബൈക്കിനാൽ ജീവനെടുക്കപ്പെട്ട വീനു പാലിവാലിന്റെ ജീവിതം

ജയ്പൂർ: ബൈക്കിനെ പ്രണയിച്ച് ബൈക്ക് തന്നെ അന്തകനാകുകയായിരുന്നു വീനു പാലിവാൽ എന്ന നാൽപത്തിനാലുകാരിക്ക്. ഹാർലി ഡേവിസൺ ബൈക്കുകളെ ഏറെ പ്രണയിച്ചിരുന്ന വീനു പാലിവാലിന്റെ ജീവൻ എടുത്തതും അതേ ഹാർലി ഡേവിസൺ ഉണ്ടാക്കിയ അപകടമായിരുന്നു. മധ്യപ്രദേശിലെ വിദിഷ ജില്ലയിലുണ്ടായ അപകടത്തിലാണ് രാജ്യത്തെ പ്രമുഖ ബൈക്ക് സഞ്ചാരിയായ വീനു കൊല്ലപ്പെട്ടത്. ബൈക്കിൽ രാജ്യം മുഴുവൻ ചുറ്റിക്കറങ്ങാനുള്ള ആഗ്രഹം പാതിവഴിയിൽ ഉപേക്ഷിച്ചാണ് വീനുവിന്റെ മടക്കം. മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിൽ നിന്ന് 100 കിലോമീറ്റർ മാറി ഗ്യാരസ്പൂരിൽ വച്ച് ബൈക്ക് റോഡിൽ തെന്നി വീണുണ്ടായ അപകടമാണ് വീനുവിന്റെ ജീവൻ എടുത്തത്.

തിങ്കളാഴ്ച പുലർച്ചെ ലഖ്‌നൗവിൽ നിന്നു ഭോപ്പാലിലേക്കുള്ള യാത്രാമധ്യേയായിരുന്നു അപകടം. മറ്റൊരു ബൈക്കിൽ സുഹൃത്തും വീനുവിനെ പിന്തുടരുന്നുണ്ടായിരുന്നു. ഇരുവരും ചേർന്ന് രാജ്യം ചുറ്റി സഞ്ചരിക്കുന്നതിന്റെ ഭാഗമായിട്ടാണ് മധ്യപ്രദേശിൽ എത്തിയത്. ബൈക്ക് യാത്രയ്ക്കുള്ള സുരക്ഷാഉപകരണങ്ങൾ എല്ലാം തന്നെ വീനു ധരിച്ചിട്ടുണ്ടായിരുന്നു. ഹാർലി ഡേവിഡ്‌സൺ ബൈക്കുകൾ മണിക്കൂറിൽ 180 കിലോമീറ്റർ വേഗത്തിൽ ഓടിച്ച് ശീലമുള്ള വീനുവിന് എങ്ങനെ അപകടം സംഭവിച്ചു എന്നത് അവരെ അറിയുന്നവരെ ഞെട്ടിപ്പിച്ചിരിക്കുകയാണ്.

രാജ്യം മുഴുവൻ ഒറ്റയ്ക്ക് ബൈക്കിൽ സഞ്ചരിച്ച് ഖ്യാതി നേടിയിട്ടുള്ള വനിതയാണ് വീനു. മോട്ടോർ സൈക്കിൾ യാത്രയെക്കുറിച്ച് ഒരു ഡോക്യുമെന്ററി എടുക്കാനുള്ള തയ്യാറെടുപ്പിനിടെയാണ് വീനുവിനെ മരണം അപകടരൂപത്തിൽ തട്ടിയെടുത്തത്. അപകടം നടന്നയുടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.

കോളേജ് പഠന കാലത്ത് സുഹൃത്തുക്കളിൽ നിന്നാണ് ബൈക്ക് ഓടിക്കാൻ വീനു പഠിക്കുന്നത്. എന്നാൽ സ്വന്തമായി ബൈക്കിലില്ലാത്തതിനാൽ അതു തുടരാൻ വീനുവിനായില്ല. പിന്നീട് ഉടൻ തന്നെ വിവാഹം കഴിഞ്ഞുവെങ്കിലും ഭർത്താവും ബൈക്ക് ഓടിക്കാൻ വീനുവിനെ സമ്മതിച്ചിരുന്നില്ല. എന്നാൽ വിവാഹമോചിതയായ വീനു കഴിഞ്ഞ വർഷമാണ് ബൈക്കുകളുമായി തന്റെ രണ്ടാം വരവ് നടത്തുന്നത്. ജയ്പൂർ സ്വദേശിനിയായ വീനുവിന് രണ്ടു കുട്ടികളുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News