രാത്രിയിലെ ഉഗ്രവെടിക്കെട്ടിന് ഹൈക്കോടതിയുടെ നിരോധനം; പകല്‍ നിയന്ത്രണമേര്‍പ്പെടുത്തി ഇടക്കാല ഉത്തരവ്; സിബിഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: രാത്രികാലങ്ങളില്‍ നടത്തുന്ന ഉഗ്രവെടിക്കെട്ടിന് ഹൈക്കോടതിയുടെ നിരോധനം. കരിമരുന്ന് പ്രകടനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താനും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. പകല്‍ സമയത്ത് ശബ്ദം കുറഞ്ഞ വെടിക്കെട്ട് ആകാമെന്നും ഹൈക്കോടതി ഉത്തരവ് ഇട്ടു. രാത്രി 9 മണി മുതല്‍ രാവിലെ ആറ് വരെയുള്ള സമയത്ത് വെടിക്കെട്ട് നടത്തരുത് എന്ന നിര്‍ദ്ദേശം നടപ്പാക്കണം. 111 പേര്‍ മരിച്ച പരവൂര്‍ വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് നല്‍കിയത്.

140 ഡെസിബെല്‍ ശബ്ദത്തില്‍ താഴെയുള്ള വെടിക്കെട്ട് മാത്രമേ പകല്‍ സമയത്ത് അനുവദിക്കൂ. പൊലീസ് മേല്‍നോട്ടത്തോടെ മാത്രമേ വെടിക്കെട്ട് നടത്താവൂ എന്നും ഹൈക്കോടതി ഇടക്കാല ഉത്തരവില്‍ പറയുന്നു.

പരവൂര്‍ വെടിക്കെട്ട് ദുരന്തത്തില്‍ പൊലീസിനെതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉയര്‍ത്തി. അനുമതി ഇല്ലാത്ത വെടിക്കെട്ട് തടയുന്നതില്‍ പൊലീസ് പൂര്‍ണ്ണ പരാജയമാണ് എന്ന് ഹൈക്കോടതി നിരീക്ഷിച്ചു. വെടിമരുന്ന് എവിടെനിന്ന് കൊണ്ടുവന്നുവെന്നും വെടിക്കെട്ടിന് അനുമതി നല്‍കിയിരുന്നോ എന്നും ഹൈക്കോടതി പൊലീസിനോട് ചോദിച്ചു. ലൈസന്‍സ് ഇല്ലാതെയാണോ കമ്പം നടത്തിയത് എന്നും ഹൈക്കോടതി ചോദിച്ചു. കമ്പം നടത്തുന്നതിനെപ്പറ്റി സബ്ബ് ഇന്‍സ്‌പെക്ടര്‍ പോയി അന്വേഷണം നടത്തി എന്ന സര്‍ക്കാര്‍ വാദം ഹൈക്കോടതി തള്ളി.

സംഭവിച്ചതെന്ത് എന്ന് അടിയന്തിരമായി അറിയിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. സര്‍ക്കാര്‍ നിലപാട് വിശദീകരിക്കണം. ജില്ലാ ഭരണകൂടവും പൊലീസ് കമ്മീഷണറും സത്യവാങ്മൂലം നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ആര്‍ഡിഒ നിരോധിച്ച വെടിക്കെട്ട് നടത്തുന്നത് എങ്ങനെയെന്ന് ഹൈക്കോടതി ചോദിച്ചു. നടപടി സ്വീകരിക്കാത്ത പൊലീസുകാര്‍ക്കെതിരെ ക്രിമിനല്‍ നടപടി എടുക്കുമോ എന്ന് കോടതി ആരാഞ്ഞു.

അപകടത്തിന് കാരണക്കാരായവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കാത്തത് എന്തെന്ന് ഹൈക്കോടതി ചോദിച്ചു. സ്‌ഫോടകവസ്തു നിയമം പാലിക്കപ്പെട്ടില്ലെന്നും ഇതുള്‍പ്പടെ 7 നിയമങ്ങള്‍ ലംഘിക്കപ്പെട്ടുവെന്നും കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. വെടിക്കെട്ടിന് അനുമതി ഇല്ലായിരുന്നുവെന്ന് സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയെ അറിയിച്ചു.

ക്ഷേത്രങ്ങളിലെ വെടിക്കെട്ട് നിരോധിക്കുന്നതിനെ ദേവസ്വം ബോര്‍ഡ് ആദ്യം എതിര്‍ത്തു. ആചാരത്തിന്റെ ഭാഗമായ വെടിക്കെട്ട് തുടരണമെന്ന് ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ നിലപാടെടുത്തു. എന്നാല്‍ ഇടക്കാല ഉത്തരവിനെ പിന്നീട് ദേവസ്വം ബോര്‍ഡ് സ്വാഗതം ചെയ്തു. പരവൂര്‍ വെടിക്കെട്ട് ദുരന്തകേസില്‍ സിബിഐയെ ഹൈക്കോടതി കക്ഷി ചേര്‍ത്തു. നിലവിലുള്ള ക്രൈം ബ്രാഞ്ച് അന്വേഷണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് കേസ് സിബിഐക്ക് കൈമാറിയേക്കും. ജസ്റ്റിസ് ചിതംബരേഷ് നല്‍കിയ കത്താണ് കോടതി ഹര്‍ജിയായി സ്വീകരിച്ചത്. ജസ്റ്റിസുമാരായ അനു ശിവരാമന്‍, തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍ എന്നിവരടങ്ങിയ ബഞ്ചിന്റേതാണ് നടപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News