പരവൂര്‍ ദുരന്തത്തില്‍ മരണം 112 ആയി; ഇന്ന് മരണത്തിന് കീഴടങ്ങിയത് 3 പേര്‍; മരിച്ചവരില്‍ 14 വയസുകാരനും കരാറുകാരനും

തിരുവനന്തപുരം: പരവൂര്‍ വെടിക്കെട്ട് ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 112 ആയി ഉയര്‍ന്നു. ഇന്ന് മാത്രം 3 പേരാണ് മരണത്തിന് കീഴടങ്ങിയത്. കഴക്കൂട്ടം സ്വദേശികളായ സുരേന്ദ്രന്‍, സത്യന്‍ എന്നിവരാണ് മരിച്ചത്. ഇരുവരും സഹോദരങ്ങളാണ്. സുരേന്ദ്രനെ സഹായിക്കാനാണ് സത്യന്‍ എത്തിയത്. ഗുരുതരമായി പൊള്ളലേറ്റതിനെ തുടര്‍ന്നാണ് ഇരുവരും മരിച്ചത്.

ദുരന്തത്തില്‍ ഗുരുതരമായി പൊള്ളലേറ്റ പതിനാലുവയസുകാരനും മരിച്ചു. കൊല്ലം വരിയച്ചിറ ഹരിനന്ദനത്തില്‍ ശബരി ആണ് വൈകിട്ട് മരിച്ചത്. തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ശബരി.

വന്‍കുടലിനേറ്റ പരുക്കാണ് സുരേന്ദ്രന്റെ മരണത്തിന് ഇടയാക്കിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസിയുവില്‍ ചികിത്സയില്‍ ആയിരുന്നു. 90 ശതമാനത്തിന് മുകളില്‍ ആണ് സുരേന്ദ്രന് പൊള്ളലേറ്റത്. ഇദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി എങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വൈകിട്ട് മൂന്ന് മണിയോടെയാണ് സുരേന്ദ്രന്റെ അന്ത്യം. രാവിലെയാണ് സഹോദരന്‍ സത്യന്‍ മരണത്തിന് കീഴടങ്ങിയത്.

മാര്‍ച്ച് 30ന് സുരേന്ദ്രന്റെ ലൈസന്‍സ് കാലാവധി അവസാനിച്ചിരുന്നതായി സൂചനയുണ്ട്. വെടിക്കെട്ടിന് കരാര്‍ എടുത്ത സുരേന്ദ്രനില്‍നിന്നാണ് അന്വേഷണ സംഘത്തിന് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിക്കേണ്ടിയിരുന്നത്. എന്നാല്‍ ആ വഴിയാണ് ഇതോടെ അടയുന്നത്. വെടിക്കെട്ട് അപകടത്തില്‍ അതീവ ഗുരുതരമായി പരുക്കേറ്റ 30ഓളം പേര്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇതില്‍ അഞ്ച് പേര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News