ഗുഡ്ഗാവിനെയും സര്‍ക്കാര്‍ ഹിന്ദുവല്‍കരിച്ചു; ഇന്ത്യയില്‍ ഇനി ഗുഡ്ഗാവില്ല, പകരം ഗുരുഗ്രാം; അനാവശ്യച്ചെലവിന് വഴിവയ്ക്കുന്ന പേരുമാറ്റത്തിന് അംഗീകാരം

ഗുരുഗ്രാം: രാജ്യത്തെ വികസനത്തില്‍ കുതിക്കുന്ന ഗുഡ്ഗാവ് ജില്ല ഇനി അറിയപ്പെടുക ഗുരുഗ്രാം എന്ന പേരില്‍. ഇക്കാര്യത്തിലുള്ള നിര്‍ദേശത്തിന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍ അനുമതി നല്‍കിയതോടെ നഗരത്തിന്റെ പേരുമാറ്റത്തിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. നഗരസഭാംഗങ്ങളുടെ ശിപാര്‍ശയാണു മുഖ്യമന്ത്രി അംഗീകരിച്ചത്. ഹിന്ദു പുരാണങ്ങളില്‍ പറയുന്നതിന്റെ അടിസ്ഥാനത്തിലാണ് സ്ഥലത്തിന്റെ പേരുമാറ്റമെന്നാണ് നഗരസഭയുടെ വാദം.

പേരുമാറ്റം അനാവശ്യച്ചെലവിനു വഴിവയ്ക്കുമെന്ന ജനങ്ങളുടെയും ജില്ലാ കമ്മീഷണറുടെയും എതിര്‍പ്പു വകവയ്ക്കാതെയാണ് മുഖ്യമന്ത്രിയുടെ തീരുമാനം. ലോകത്തുതന്നെ ഐടി ഭൂപടത്തില്‍ സ്ഥാനം പിടിച്ചിരിക്കുന്ന പട്ടണത്തിന്റെ പേരുമാറ്റം വികസനത്തെ വരെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍. പലയിടങ്ങളിലും ഗുഡ്ഗാവ് എന്നു പറഞ്ഞാലേ അറിയൂ. പല ലോകോത്തര കമ്പനികളുടെയും ശാഖകളും ഫാക്ടറികളും പ്രവര്‍ത്തിക്കുന്ന സ്ഥലമാണിത്. ഈ സാഹചര്യത്തില്‍ പേരുമാറ്റം ദോഷമായിരിക്കും സൃഷ്ടിക്കുകയെന്നാണു പൊതുവികാരം.

ഹിന്ദു ഐതിഹ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഗുരുഗ്രാം എന്ന പേരു നല്‍കുന്നതെന്നാണ് നഗരസഭ വാദിക്കുന്നത്. ദ്രോണാചാര്യരുടെ തറവാട് ഇവിടെയാണെന്നു മഹാഭാരതത്തില്‍ പറയുന്നുണ്ടെന്നും ഗുരുവിന്റെ ഗ്രാമം എന്ന അര്‍ഥത്തിലാണ് ഗുരുഗ്രാം എന്നാക്കുന്നതെന്നുമാണു വിശദീകരണം.

അതേസമയം, പേരുമാറ്റുകയല്ല അതിനേക്കാള്‍ അടിയന്തരമായ പല പ്രശ്‌നങ്ങളും പ്രദേശത്തുനിലനില്‍ക്കുന്നുണ്ടെന്നാണ് ജനങ്ങള്‍ ഉന്നയിക്കുന്ന വാദം. കുടിവെള്ളക്ഷാമം, വൈദ്യുതി പ്രതിസന്ധി, റോഡുകളുടെ പരിതാപകരമായ അവസ്ഥ, മാലിന്യ സംസ്‌കരണത്തതിന് സംവിധാനമില്ലായ്മ ഇങ്ങനെ നിരവധി പ്രശ്‌നങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് ജനപ്രതിനിധികള്‍ മഹാഭാരതത്തിന്റെ ചുവടുപിടിച്ച് സ്ഥലത്തിന്റെ പേരു മാറ്റാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നത് എന്നാണ് നാട്ടുകാരുടെ വിമര്‍ശനം. ഭാവിയെക്കുറിച്ചു ചിന്തിക്കാത്ത ഭരണാധികാരികള്‍ നാടിന്റെ മുന്നോക്കാവസ്ഥയെ പിന്നോട്ടടിക്കുകയായിരിക്കും ചെയ്യുന്നതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here